2018-04-18 20:08:00

ജീവിതം അത്യപൂര്‍വ്വരോഗങ്ങളാല്‍ അനിശ്ചിതത്വത്തില്‍ കുടുങ്ങുമ്പോള്‍


ആല്‍ഫി ഇവാന്‍സിനെയും വിന്‍സെന്‍റ് ലാമ്പെര്‍ടിനെയുംപോലുള്ളവര്‍ക്കുവേണ്ടി
വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു. ജീവന്‍റെ അനിശ്ചിതത്വത്തില്‍ കഴിയുന്നവരെ അന്ത്യംവരെ പരിചരിക്കേണ്ടതാണെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 18-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.  അത്യപൂര്‍വ്വരോഗങ്ങളാല്‍ ജീവന്‍റെ അനിശ്ചിതത്വത്തില്‍ കഴിയുന്നവരെ പരിചരിക്കാനും അന്ത്യംവരെ ജീവന്‍ നിലനിര്‍ത്താനും സംരക്ഷിക്കാനും കഴിവതുചെയ്യേണ്ടത് ധര്‍മ്മമാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. ജീവന്‍ അതിന്‍റെ ഏതു ഘട്ടത്തിലും - ലോലമായ ആരംഭംമുതല്‍ അന്ത്യംവരെ ദൈവത്തിന്‍റെ കരങ്ങളിലാണെന്ന സത്യം പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രസ്താവിച്ചു.  കണ്ടുപിടിക്കപ്പെടാത്ത അത്യപൂര്‍വ്വരോഗങ്ങളാല്‍ ധാരാളം ജീവിതങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളിലെ കുഴലുകള്‍ക്കിടയില്‍ കഴിയുന്നുണ്ടെന്നും, അവരില്‍ ഫ്രഞ്ചു യുവാവ് വിന്‍സെന്‍റ് ലാമ്പെര്‍ടിനെയും (45 വയസ്സ്) ഇംഗ്ലണ്ടുകാരനായ കുഞ്ഞുമകന്‍ ആല്‍ഫി ഈവാന്‍സ് (23 മാസം പ്രായം) എന്നിവരുടെ ഓര്‍മ്മയിലാണ് പാപ്പാ ജീവന്‍റെ പരിരക്ഷണത്തിനായുള്ള അഭ്യര്‍ത്ഥന നടത്തിയത്. 

അല്‍ഫിയ്ക്കും വിന്‍സെന്‍റിനുംവേണ്ടി പൊതുകൂടിക്കാഴ്ചയ്ക്കെത്തിയ ആയിരങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ചു. ആല്‍ഫി ഈവാന്‍സിന്‍റെ പിതാവ്, ഇംഗ്ലണ്ടില്‍നിന്നും എത്തിയ ടോം ഇവാന്‍സ് ജനമദ്ധ്യത്തില്‍ ഇരുന്നുകൊണ്ട് ആ പ്രാര്‍ത്ഥനയില്‍ കണ്ണീരോടെ പങ്കുചേര്‍ന്നു. തന്‍റെ മകനെ നിയമത്തില്‍ പിടില്‍നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു ടോം ഇവാന്‍സ്. പൊതുകൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പ് പാപ്പാ ഫ്രാന്‍സിസ് ടോം ഈവാന്‍സുമായി കൂടിക്കാഴ്ച നടത്തുകയും, അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.








All the contents on this site are copyrighted ©.