2018-04-11 11:37:00

"സാങ്കേതികത നിയന്ത്രണവിധേയമാകണം": വത്തിക്കാന്‍


മാരകമായ സ്വയംപ്രഹരശേഷിയുള്ള ആയുധകാര്യങ്ങളില്‍ വിദഗ്ധരായവരുടെ (2018 Group of Governmental Experts on Lethal Autonomous Weapons Systems, LAWS) അന്താരാഷ്ട്രസംഘത്തോടു സംസാരിക്കുകയായിരുന്നു വത്തിക്കാനുവേണ്ടിയുള്ള ജനീവയിലെ യു.എന്‍ നീരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ്.

മാരകായുധങ്ങളുടെ ഏതൊരു ഉപയോഗവും ശ്രദ്ധാപൂര്‍വം വിലയിരുത്തേണ്ടതുണ്ടെന്നും, അതിന്‍റെ ഉപയോഗത്തിലെ നിയമസാധുതയും ധാര്‍മികതയും, കൃത്രിമ ബൗദ്ധിക സാങ്കേതികതയും പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.

രാജ്യാന്തര സുരക്ഷയും സമാധാനവും, യുദ്ധംകൊണ്ടല്ല, സംവാദത്തിന്‍റെ സംസ്ക്കാരവും സഹകരണവും പ്രോത്സാഹിപ്പിച്ചു കൊണ്ടേ സാധ്യമാകൂ എന്ന് അദ്ദേഹം തന്‍റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.  അതുകൊണ്ട് സാങ്കേതികയ്ക്ക് നിയന്ത്രണം വയ്ക്കാനും, അതിരു കല്പിക്കാനുമുള്ള മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ തിരഞ്ഞെടുക്കാന്‍ ലവുദാത്തോ സീ എന്ന ചാക്രികലേഖനത്തില്‍ പാപ്പാ പ്രബോധിപ്പിക്കുന്നത് (LS 112 ) ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ പ്രഭാഷണത്തിനു സമാപനം കുറിച്ചത്.

2018 ഏപ്രില്‍ 9-ാംതീയതി നടന്ന ഈ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളെ ആര്‍ച്ചുബിഷപ്പ് പ്രത്യേകമായി അഭിസംബോധനയില്‍ സൂചിപ്പിക്കുകയുണ്ടായി.

 








All the contents on this site are copyrighted ©.