2018-04-11 13:14:00

മാമ്മോദീസാ: പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


റോം പൊതുവെ കാര്‍മേഘാവൃതമായിരുക്കുകയും ഇടയ്ക്ക് ചാറ്റല്‍മഴയുണ്ടാകുകയും ചെയ്തെങ്കിലും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണത്തില്‍ ഈ ബുധനാഴ്ച (11/04/18) അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയില്‍ മലയാളികളുള്‍പ്പെടെ വിവധരാജ്യാക്കാരായിരുന്ന ഇരുപത്തീരായിരത്തിലേറെപ്പേര്‍ പങ്കുകൊണ്ടു. വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ചത്വരത്തിലേക്കു കടന്നപ്പോള്‍ ജനസഞ്ചയം കരഘോഷത്താലും ആര്‍പ്പുവിളികളാലും തങ്ങളുടെ അതിയായ ആനന്ദം വിളിച്ചറിയിച്ചു.ചത്വരത്തിലെത്തിയ പാപ്പാ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഏതാനും ബാലികാബാലന്മാരെ വാഹനത്തിലേറ്റി. തുടര്‍ന്ന് പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ  ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ ആദ്യം കുട്ടികളെ ഇറക്കിയതിനുശേഷം അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക്  ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍.” (മത്തായിയുടെ സുവിശേഷം 28,19-20)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ മാമ്മോദീസായെ അധികരിച്ച് ഒരു പ്രബോധനപരമ്പരയ്ക്ക് തുടക്കം കുറിച്ചു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് തന്‍റെ  വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു:

ആരാധനക്രമപരമായ പെസഹാക്കാലത്തിലെ അമ്പതു ദിനങ്ങള്‍ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് പരിചിന്തനം ചെയ്യാന്‍ പറ്റിയ സവിശേഷ സമയമാണ്. ക്രിസ്തീയ ജീവിതം പ്രകൃത്യാ ക്രിസ്തുവില്‍ നിന്നുത്ഭവിക്കുന്ന ജീവിതമാണ്. നമ്മില്‍ ജീവിക്കാന്‍ യേശുക്രിസ്തുവിനെ നാം എത്രമാത്രം അനുവദിക്കുന്നുവോ അതിന് ആനുപാതികമായിട്ടായിരിക്കും, വാസ്തവത്തില്‍, നാം ക്രൈസ്തവരായി ഭവിക്കുക. ആകയാല്‍, നമ്മില്‍ ക്രിസ്തീയ ജീവിതത്തിന് തിരികൊളുത്തിയ തത്വത്തില്‍, കൂദാശയില്‍, നിന്നല്ലെങ്കില്‍ പിന്നെ എന്തില്‍ നിന്നാണ് ഈ അവബോധ നവീകരണ പ്രക്രിയയ്ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുക? മാമ്മോദീസായാണ് ഈ കൂദാശ. നമ്മെ ക്രിസ്തുവിനോടു സദൃശരാക്കിത്തീര്‍ക്കുന്നതിന് അവിടത്തെ പെസഹാ അതിന്‍റെ  സാന്ദ്രമായ നവീനതയോടുകൂടി നമ്മിലേക്കെത്തുന്നത് ജ്ഞാനസ്നാനത്തിലൂടെയാണ്. മാമ്മോദീസാ സ്വീകരിച്ചവര്‍ ക്രിസ്തുവിന്‍റേതാണ്, അവിടന്നാണ് അവരു‍ടെ അസ്തിത്വത്തിന്‍റെ കര്‍ത്താവ്. ജ്ഞാനസ്നാനമാണ് ക്രിസ്തീയജീവിതത്തിന്‍റെ മുഴുവന്‍ അടിസ്ഥാനം. ഇതു നിങ്ങള്‍ നല്ലവണ്ണം മനസ്സില്‍ സൂക്ഷിക്കുക: ജ്ഞാനസ്നാനമാണ് ക്രിസ്തീയജീവിതത്തിന്‍റെ മുഴുവന്‍ അടിസ്ഥാനം. കര്‍ത്താവായ ക്രിസ്തു നമ്മില്‍ വാസമുറപ്പിക്കുന്നതിനും അവിടെത്ത രഹസ്യത്തില്‍ നമ്മെ ആമഗ്നരാക്കുന്നതിനും അനുവദിക്കുന്ന വാതിലാകയാല്‍ മാമ്മോദീസാ കൂദാശകളില്‍ പ്രഥമ സ്ഥാനത്തു വരുന്നു.

മാമ്മോദീസായെ ദ്യോതിപ്പിക്കുന്ന ഗ്രീക്കു പദത്തിന്‍റെ അര്‍ത്ഥം “മുക്കുക” എന്നാണ്. ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള കടക്കലിനെ സൂചിപ്പിക്കുന്നതിന് ഭിന്ന വിശ്വാസ പാരമ്പര്യങ്ങളില്‍ പൊതുവായ ഒരു കര്‍മ്മമായ ജലത്താലുള്ള സ്നാനം പുതിയൊരു തുടക്കത്തിനുള്ള ശുദ്ധീകരണത്തിന്‍റെ അടയാളമാണ്. എന്നാല്‍ ക്രൈസ്തവരായ നമ്മെ സംബന്ധിച്ച് ശരീരത്തെ ജലത്തില്‍ മുക്കുന്നതും ആത്മാവിനെ ക്രിസ്തുവില്‍ ആമഗ്നമാക്കുന്നതും പാപപ്പൊറുതി സ്വീകരിക്കുന്നതിനും ദൈവിക വെളിച്ചം ലഭിക്കുന്നതിനും വേണ്ടിയാണ് എന്നത് വിസ്മരിക്കപ്പെടരുത്. പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ മാമ്മോദീസാ നമ്മെ കര്‍ത്താവിന്‍റെ മരണോത്ഥാനങ്ങളില്‍ ആഴ്ത്തുന്നു. പാപത്തിന്‍റെ ആധിപത്യത്തിലായ പഴയമനുഷ്യനെ മാമ്മോദീസാത്തൊട്ടിയില്‍ മുക്കി ക്രിസ്തുവില്‍ നവസൃഷ്ടിയാക്കപ്പെട്ട പുതിയ മനുഷ്യന് ജന്മമേകുന്നു. ആദത്തിന്‍റെ മക്കളെല്ലാം അവിടന്നില്‍ പുതിയ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടുന്നു. മാമ്മോദീസാ പുനര്‍ജന്മമാണ്. മാമ്മോദീസാ മുങ്ങിയ തിയതി എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടായിരിക്കും എന്ന് എനിക്കുറപ്പുണ്ട്. ആ തിയതി മറക്കരുത്. അത് മറ്റൊരു ജന്മദിനമാണ്. പുനര്‍ജനന ദിവസമാണ്.   

ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍, ജ്ഞാനസ്നാന ക്ഷാളനത്താല്‍, ത്രിത്വത്തിന്‍റെ തന്നെ ജീവിതത്തില്‍ ആമഗ്നനാക്കപ്പെടുന്നു. വാസ്തവത്തില്‍ എന്തെങ്കിലും തരത്തിലുള്ള ജലമല്ല, മറിച്ച്, റൂഹാക്ഷണിത ജലമാണ് ജീവന്‍ പ്രദാനം ചെയ്യുന്നത്. ജ്ഞാനസ്നാനം വീണ്ടും ജനിപ്പിക്കല്‍ എന്നും വിളിക്കപ്പെടുന്നു. കര്‍ത്താവിന്‍റെ  കാരുണ്യത്താലും പരിശുദ്ധാരൂപിയില്‍ പുനര്‍ജനിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ജലത്താലുമാണ് ദൈവം നമ്മെ രക്ഷിച്ചതെന്ന് നാം വിശ്വസിക്കുന്നു. (തീത്തോസ് 3,5) ആകയാല്‍ മാമ്മോദീസാ നവജീവനില്‍ നടക്കാനുള്ള പുനര്‍ജനനത്തിന്‍റെ   കാര്യക്ഷമമായ അടയാളമാണ്. യേശുവില്‍ ആമഗ്നരാക്കിക്കൊണ്ട് മാമ്മോദീസാ നമ്മെ ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവമാക്കിത്തീര്‍ക്കുന്നു. മാമ്മോദീസാ സ്വീകരിച്ചവര്‍ ഇനി ഒറ്റയ്ക്കല്ല. നമ്മള്‍ ക്രിസ്തുവിന്‍റെ ഗാത്രമായ സഭയിലെ അംഗങ്ങളാണ്, ലോകത്തില്‍ സഭയുടെ ദൗത്യത്തില്‍ പങ്കാളികളും. “ഞാന്‍ മുന്തരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആരെന്നിലും ഞാന്‍ ആരിലും വസിക്കുന്നുവോ അവന്‍ സമൃദ്ധമായി ഫലം പുറപ്പെടുവിക്കും”(യോഹന്നാന്‍ 15,5) എന്ന യേശുവിന്‍റെ വാക്കുകള്‍ ജ്ഞാനസ്നാനത്തൊട്ടിയില്‍ നിന്ന് നര്‍ഗ്ഗമിക്കുന്ന ഓജസ്സിനെ ആവിഷ്ക്കരിക്കുന്നു. ലോകത്തെ രൂപാന്തരപ്പെടുത്തുന്നതിന് സഭയുമായി സ്വന്തം ജീവിതാവസ്ഥയ്ക്കനുസൃതം സഹകരിക്കാന്‍ ഓരോ വ്യക്തിയ്ക്കും കഴിയുന്നതിന് നമ്മിലോരൊരുത്തരിലും ജീവിക്കാന്‍ ക്രിസ്തുവിനെയും അവിടന്നുമായി ഐക്യത്തില്‍ ജീവിക്കാന്‍ നമ്മെയും മാമ്മോദീസാ അനുവദിക്കുന്നു.

മാമ്മോദീസാ എന്ന കൂദാശ തീര്‍ച്ചയായും വിശ്വാസയാത്ര വ്യവസ്ഥ ചെയ്യുന്നു. ആ പ്രയാണത്തെ നാം “കാറ്റക്കുമനേറ്റ്” എന്നു വിളിക്കുന്നു. ഇതില്‍ മുതിര്‍ന്നവരാണ് മാമ്മോദീസാര്‍ത്ഥികള്‍. എന്നാല്‍ പുരാതനകാലം മുതല്‍ തന്നെ മാതാപിതാക്കളുടെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ കുഞ്ഞുങ്ങള്‍ സ്നാനപ്പെടുത്തപ്പെട്ടിരുന്നു. അപ്പോള്‍ ചിലര്‍ ചിന്തിക്കും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കുഞ്ഞിന് മാമ്മോദീസാ നല്കുന്നത് എന്തിന് എന്ന്. ആ കുഞ്ഞു വളര്‍ന്ന്, കാര്യങ്ങള്‍ മനസ്സിലാക്കി സ്വയം മാമ്മോദീസാ ആവശ്യപ്പെടും എന്ന്. എന്നാല്‍ ഇതിനര്‍ത്ഥം  പരിശുദ്ധാരൂപിയില്‍ വിശ്വാസമില്ല എന്നാണ്. കാര​ണം മാമ്മോദീസാ മുക്കപ്പെടുന്ന ശിശുവില്‍  ആ സമയത്ത് പരിശുദ്ധാത്മാവ് പ്രവേശിക്കുന്നു. പരിശുദ്ധാരൂപിയാണ് ആ ശിശുവിന്‍റെ ക്രിസ്തീയ പുണ്യങ്ങളിലുള്ള വളര്‍ച്ച സാധ്യമാക്കുന്നത്. ആകയാല്‍ ഈ അവസരം എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്കപ്പെടണം. പ്രായപൂര്‍ത്തിയായവരും, നവജാത ശിശുക്കളും, ആരും തന്നെ, മാമ്മോദീസാ മുക്കപ്പെടുന്നത് യോഗ്യതയാലല്ല, മറിച്ച് അത് സൗജന്യ ദാനമാണ്.  അനുവര്‍ഷം പെസഹാജാഗരത്തില്‍ നാം നവീകരിക്കുന്ന മാമ്മോദീസാ വാഗ്ദാനങ്ങള്‍, നമ്മുടെ മാമ്മോദീസാ നമ്മെ “ക്രിസ്തുവത്കരിക്കുന്നതിന്”, അനുദിനം നവീകരിക്കപ്പെടണം.  ക്രിസ്തുവത്ക്കര​ണം എന്ന പദത്തെ ഭയപ്പെടേണ്ടതില്ല. കാരണം മാമ്മോദീസാ സ്വീകരിക്കുന്നവന്‍ ക്രിസ്തുവത്ക്കരിക്കപ്പെടണം, അവന്‍ ക്രിസ്തുവിനോടു അനുരൂപനാകണം, അവന്‍ ക്രിസ്തുവില്‍ രൂപാന്തരപ്പെടുന്നു, വാസ്തവത്തില്‍, മാമ്മോദീസാ അവനെ മറ്റൊരു ക്രിസ്തുവായി മാറ്റുന്നു.    

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ പ്രത്യേകം സംബോധന ചെയ്ത പാപ്പാ പെസഹാ വിളംബരം അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നത് തുടരട്ടെയെന്നും ജീവിതയാത്രയില്‍ ക്രിസ്തുവിനെ അനുഭവിച്ചറിയാനും അവിടത്തെ പ്രബോധനങ്ങള്‍ക്കനുസൃതം ജീവിക്കാനും കഴിയട്ടെയെന്നും ആശംസിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.