2018-04-04 13:15:00

ദിവ്യബലിയുടെ സമാപനകര്‍മ്മം-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


ചാറ്റല്‍ മഴയും കാര്‍മേഘാവൃതമായിരുന്ന അന്തരീക്ഷവും പ്രതികൂലാവസ്ഥ സൃഷ്‌ടിച്ചുവെങ്കിലും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ വേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം തന്നെയായിരുന്നു ഈ ബുധനാഴ്ചയും (04/04/18) ഉത്ഥാനത്തിരുന്നാളിനോടനുബന്ധിച്ച് പുഷ്പങ്ങളാലും ചെടികളാലും മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്ന ചത്വരത്തില്‍ വിവിധരാജ്യക്കാരായിരുന്ന സന്ദര്‍ശകരും തീര്‍ത്ഥാടകരുമുള്‍പ്പടെ ഇരുപതിനായിരത്തിലേറെപ്പേര്‍ കുടകള്‍ വിരിച്ചു പിടിച്ചും മഴവസ്ത്രമണിഞ്ഞും സന്നിഹിതരായിരുന്നു. ഉത്തര ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ നിന്നെത്തിയിരുന്ന ഏഴായിരത്തില്‍പ്പരം യുവതീയുവാക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ചത്വരത്തിലേക്കു കടന്നപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങളുയര്‍ന്നു.ചത്വരത്തിലെത്തിയ വാഹനത്തില്‍ ഏതാനും ബാലികാബലന്മാരെയും കയറ്റി പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലൂടെ വാഹനത്തില്‍ നീങ്ങിത്തുടങ്ങിയ പാപ്പാ  ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ ആദ്യം കുട്ടികളെ ഇറക്കിയതിനുശേഷം അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശുവന്നു അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു  സമാധാനം.20 ഇപ്രകാരം പറഞ്ഞുകൊണ്ട്  അവന്‍ തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട ശിഷ്യന്മാര്‍ സന്തോഷിച്ചു” (യോഹന്നാന്‍റെ  സുവിശേഷം 20,19-20)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ചുള്ള ദിവ്യബലിയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനകര്‍മ്മമായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.എല്ലാവര്‍ക്കും നല്ലൊരു ദിനവും ഉത്ഥാനത്തിരുന്നാളും നേര്‍ന്നുകൊണ്ട് തന്‍റെ  വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

 പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:                  

നിങ്ങള്‍ ഇന്ന് ഇവിടെ പൂക്കള്‍ കാണുന്നു: പുഷ്പങ്ങള്‍ സന്തോഷത്തെ, ആഹ്ലാദത്തെ വിളിച്ചോതുന്നു; “പുഷ്പിത പെസഹാ” എന്ന് ചിലയിടങ്ങളില്‍ പറയാറുണ്ട്, കാരണം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പുഷ്പിക്കുകയാണ്. പുതിയ സുമമാണിത്. നമ്മുടെ നീതീകരണം വിടരുകയാണ്, സഭയുടെ വിശുദ്ധി മുകുളിതമാകുന്നു. അതുകൊണ്ടാണ് നിരവധിയായ ഈ പുഷ്പങ്ങള്‍: നമ്മുടെ സന്തോഷമാണിത്. ഈ വാരം മുഴുവന്‍ നാം ഉത്ഥാനത്തിരുന്നാള്‍ ആഘോഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് നാം ഉയിര്‍പ്പുതിരുന്നാള്‍ ഒരിക്കല്‍ കൂടി ആശംസിക്കുന്നത്. നമ്മെ ടെലവിഷന്‍ വഴി കണ്ടുകൊണ്ടിരിക്കുന്ന ബെനഡിക്ട് പാപ്പായ്ക്കും ഉയിര്‍പ്പു തിരുന്നാള്‍ ആശംസിക്കാം. നല്ലൊരു കരഘോഷത്തിന്‍റെ അകമ്പടിയോടെ നമുക്ക് ഉത്ഥാനത്തിരുന്നാള്‍ മംഗളങ്ങള്‍ നേരാം.

ഈ ആശംസയ്ക്കു ശേഷം ഫ്രാന്‍സീസ് പാപ്പാ വിശുദ്ധകുര്‍ബ്ബാനാര്‍പ്പണത്തെ അധികരിച്ചുള്ള വിചിന്തനത്തിലേക്കു കടന്നു.

ദിവ്യ ബലിയെ അധികരിച്ചുള്ള പ്രബോധന പരമ്പര ഈ പരിചിന്തനത്തോടെ സമാപിക്കുകയാണ്. ഇന്നു നമ്മള്‍ ദിവ്യയാഗാര്‍പ്പണത്തിന്‍റെ സമാപനഭാഗമാണ് പരിചിന്തനവിഷയമാക്കുക. ദിവ്യകാരുണ്യസ്വീകരണാനന്തരമുള്ള പ്രാര്‍ത്ഥനയ്ക്കു ശേഷം വൈദികന്‍ ആശീര്‍വ്വാദം നല്കുകയും വിടവാങ്ങല്‍  അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതോടെ കുര്‍ബ്ബാന സമാപിക്കുന്നു. കുരിശടയാളത്തോടെ, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ദിവ്യബലി ആരംഭിച്ചതു പോലെ അത്, അതായത്, തിരുക്കര്‍മ്മം അവസാനിക്കുന്നതും ത്രിത്വത്തിന്‍റെ നാമത്തിലാണ്.

നമുക്ക് നല്ലവണ്ണമറിയാവുന്നതു പോലെ, വിശുദ്ധ കുര്‍ബ്ബാന അവസാനിക്കുന്നതോടെ  ക്രിസ്തീയ സാക്ഷ്യമേകുന്നതിനുള്ള യജ്ഞം ആരംഭിക്കുകയായി. ആഴ്ചയിലെ കടമനര്‍വ്വണത്തിനായിട്ടല്ല ക്രൈസതവര്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുന്നത്. അവര്‍ പോകുന്നത് കര്‍ത്താവിന്‍റെ പീഢാസഹനത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നതിനും, അങ്ങനെ, ഉപരിക്രൈസ്തവരായി ജീവിക്കുന്നതിനും വേണ്ടിയാണ്. ഭൗമിക നഗരത്തിന്‍റെതായ വ്യഗ്രതകള്‍ക്കിടയില്‍, നമ്മുടെ ജീവിതം കൊണ്ട് കര്‍ത്താവിനെ മഹത്വപ്പെടുത്തി, ദൈവത്തിന്‍റെ അനുഗ്രഹം അനുദിന പ്രവര്‍ത്തനങ്ങളിലും നമ്മു‍ടെ ഭവനങ്ങളിലും തൊഴിലിടങ്ങളിലും എത്തിക്കുന്നതിന് സമാധാനത്തില്‍ പോകുന്നതിനാണ് ദേവാലയത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത്. നാവിട്ടലച്ചുകൊണ്ട്, അതു നോക്കൂ ഇതു നോക്കൂ എന്നു പറഞ്ഞുകൊണ്ടാണെങ്കില്‍ അതിനര്‍ത്ഥം വിശുദ്ധ കുര്‍ബ്ബാന എന്‍റെ ഹൃദയത്തിലേക്കു കടന്നിട്ടില്ല എന്നാണ്. എന്തെന്നാല്‍ ക്രിസ്തീയ സാക്ഷ്യമേകി ജീവിക്കാന്‍ എനിക്കാകില്ല എന്നാണ്. ഓരോ തവണയും കുര്‍ബ്ബാന കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നത് കുര്‍ബ്ബാനയ്ക്കണഞ്ഞ സമയത്തേക്കാള്‍ കൂടുതല്‍ നല്ലവനായിട്ടാകണം, ഉപരി ജീവചൈതന്യത്തോടെ, ഓജസ്സോടെ, ക്രൈസ്തവ സാക്ഷ്യമേകാനുള്ള ഉപരിയായ ആഗ്രഹത്തോടെ ആയിരിക്കണം. കര്‍ത്താവായ യേശു ദിവ്യകാരുണ്യത്തിലൂടെ നമ്മിലേക്ക്, നമ്മുടെ ഹൃയത്തിലും ശരീരത്തിലും പ്രവേശിക്കുന്നു. വിശ്വാസത്തില്‍ നാം സ്വീകരിച്ച കൂദാശ ജീവിതത്തില്‍ ആവിഷ്കൃതമാകേണ്ടതിനാണിത്.

ആഘോഷത്തില്‍ നിന്ന് ജീവിതത്തിലേക്ക് കടക്കുന്നു. ദിവ്യകാരുണ്യത്തിന്‍റെ സ്ത്രീപുരുഷന്മാരാകാന്‍ പഠിക്കുന്നതിനാണ് ദിവ്യകാരുണ്യം ആഘോഷിക്കുന്നതെന്നത് നാം വിസ്മരിക്കരുത്. എന്താണ് ഇതിന്‍റെ വിവക്ഷ? നമ്മുടെ പ്രവൃത്തികളില്‍ പ്രവര്‍ത്തിക്കാന്‍ ക്രിസ്തുവിനെ അനുവദിക്കുക എന്നതാണ് ഇതിനര്‍ത്ഥം. അതായത് അവിടത്തെ ചിന്തകളാകണം നമ്മുടേത്, അവിടത്തെ വികാരങ്ങളായിരക്കണം നമ്മുടേത്. അവിടത്തെ തിരഞ്ഞെടുപ്പുകളായിരിക്കണം നമ്മുടെ തിരഞ്ഞെടുപ്പുകള്‍. ഇതാണ് വിശുദ്ധി. യേശുവിനോട് സ്വയം താദാത്മ്യപ്പെടുത്തിക്കൊണ്ട് പൗലോസപ്പസ്തോലന്‍ നിഷ്കൃഷ്ടമായി ഇത് ആവിഷ്ക്കരിക്കുന്നു: “ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്‍റെ  ഇപ്പോഴത്തെ ഐഹികജീവിതം എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബിലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്” (ഗലാത്തി 2,19-20). തങ്ങളുടെ ആത്മാവിനെ പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ വിശാലമാകാന്‍ അനുവദിക്കുന്ന സ്ത്രീപുരുഷന്മാരാണ് ക്രൈസ്തവര്‍. ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ സ്വീകരിച്ചതിനു ശേഷം നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ പരിശുദ്ധാത്മശക്തിയാല്‍ വിശാലമാകാന്‍ അനുവദിക്കുക.

വാഴ്ത്തപ്പെട്ട അപ്പത്തിലുള്ള ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം ദിവ്യാഗത്തിന്‍റെ സമാപനത്തോടെ അവസാനിക്കുന്നില്ല. രോഗികള്‍ക്കുവേണ്ടിയും നിശബ്ദമായ ദിവ്യകാരുണ്യാരാധനയ്ക്കായും ദിവ്യകാരുണ്യം സക്രാരിയില്‍ സൂക്ഷിക്കപ്പെടുന്നു. ദിവ്യബലിക്ക് പുറത്തുള്ള ദിവ്യകാരുണ്യാരാധന, അത് വ്യക്തിപരമായാലും കൂട്ടായ്മയിലായാലും, ക്രിസ്തുവില്‍ നിലകൊള്ളുന്നതിന് നമ്മെ സഹായിക്കുന്നു.

ദിവ്യപൂജയുടെ ഫലങ്ങള്‍ അനുദിന ജീവിതത്തില്‍ പാകപ്പെടണം. വിശുദ്ധ കുര്‍ബ്ബാന, സാധാരണ ജീവിതത്തില്‍ മുളയ്ക്കുകയും സല്‍പ്രവൃത്തികളിലും യേശുവിന്‍റേതു പോലുള്ള മനോഭാവങ്ങളിലും പാകമാകുകയും ചെയ്യേണ്ട ഒരു ധാന്യമണി പോലെയാണെന്നു പറയാം.

വിശുദ്ധകുര്‍ബ്ബാനയിലുള്ള ഭാഗഭാഗിത്വം മറ്റുള്ളവരുടെ, വിശിഷ്യ, പാവപ്പെട്ടവരുടെ കാര്യത്തിലുള്ള ഔത്സുക്യം ഉള്‍ക്കൊള്ളുന്നു. ക്രിസ്തുവിന്‍റെ മാംസത്തില്‍ നിന്ന് നാം സഹോദരങ്ങളുടെ ശരീരത്തിലേക്ക് നാം കടക്കേണ്ടിയിരിക്കുന്നു. അവരുടെ ശരീരത്തില്‍ തിരിച്ചറിയപ്പെടാനും ശുശ്രൂഷിക്കപ്പെടാനും ആദരിക്കപ്പെടാനും സ്നേഹിക്കപ്പെടാനുമായി അവിടന്ന് കാത്തിരിക്കുന്നു.

നമുക്കുവേണ്ടി മരിച്ച് ഉത്ഥാനം ചെയ്ത യേശുവുമായുള്ള ഈ യഥാര്‍ത്ഥ  കൂടിക്കാഴ്ചയ്ക്കായില്‍ ആകര്‍ഷിതരാകാന്‍ നവീകൃതമായ വിശ്വാസത്തോടെ നമുക്ക് നമ്മെ വിട്ടുകൊടുക്കാം. പെസഹായിലെന്നപോലെ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സല്‍പ്രവൃത്തികളുടെയും പുഷ്പങ്ങളാല്‍ നമ്മുടെ ജീവിതം എന്നും പുഷ്പ്പിക്കട്ടെ. ഇതിനുള്ള ശക്തി ദിവ്യകാരുണ്യത്തില്‍, യേശുവുമായുള്ള ഐക്യത്തില്‍ കണ്ടെത്താന്‍ നമുക്കു സാധിക്കട്ടെ.

എല്ലാവര്‍ക്കും ഉയിര്‍പ്പുതിരുന്നാള്‍ മംഗളങ്ങള്‍.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ പ്രത്യേകം സംബോധന ചെയ്ത പാപ്പാ ജീവിതത്തിന്‍റെ മേഖലകളില്‍ പെസഹായുടെ സന്ദേശം ഉത്ഥിതന്‍റെ ദാനങ്ങളായ സമാധാനത്തിനും സന്തോഷത്തിനും സാക്ഷ്യമേകിക്കൊണ്ട് ജീവിക്കുന്നതിന് പരിശ്രമിക്കാന്‍ പ്രചോദനം പകര്‍ന്നു.   .

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 








All the contents on this site are copyrighted ©.