2018-03-31 12:35:00

യുവതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് തകര്‍ന്ന ലോകം-പാപ്പാ


പിളര്‍പ്പുകളാലും .യുദ്ധങ്ങളാലും തകര്‍ന്ന ഒരു ലോകമാണ് നമ്മുടെ തലമുറകള്‍ യുവജനത്തിന് പ്രദാനം ചെയ്യുന്നതെന്ന് മാര്‍പ്പാപ്പാ.

വിശുദ്ധവാരത്തിലെ പതിവനുസരിച്ച് ഇക്കൊല്ലവും ദുഃഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നയിക്കപ്പെട്ട കുരിശിന്‍റെ വഴിയുടെ അവസാനം ചൊല്ലിയ സ്വയംകൃത പ്രാര്‍ത്ഥനയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇന്നിന്‍റെ മനുഷ്യന്‍റെ തിന്മയാര്‍ന്ന, ലജ്ജാകരങ്ങളായ, ചെയ്തികളെക്കുറിച്ചു പരാമര്‍ശിക്കവെ ഖേദകരമായ ഈ വസ്തുത  എടുത്തുകാട്ടിയിരിക്കുന്നത്.

ലജ്ജ, അനുതാപം, പ്രത്യാശ എന്നീ മൂന്നു പദങ്ങള്‍ കോര്‍ത്തിണക്കിയാതായിരുന്നു പാപ്പായുടെ പ്രാര്‍ത്ഥന.

സ്വാര്‍ത്ഥത ഗ്രസിച്ച ഈ ഒരു ലോകത്തില്‍ യുവജനവും കുട്ടികളും വൃദ്ധജനവും പ്രാന്തവത്ക്കരിക്കപ്പെടുകയാണെന്ന് പാപ്പാ തന്‍റെ പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കുന്നു.

കര്‍ത്താവിന്‍റെ ശുശ്രൂഷകരില്‍ ചിലരുള്‍പ്പടെ അനേകര്‍ അധികരാസക്തിയാലും ഔദ്ധത്യത്താലും പ്രലോഭിതരായി സ്വന്തം ഔന്നത്യവും അവരുടെ പ്രഥമ സ്നേഹവും നഷ്ടപ്പെടുത്തുന്നതും, ആരൊക്കെ ഉപേക്ഷിച്ചാലും താന്‍ കൈവിടില്ലയെന്ന് കര്‍ത്താവ് നല്കുന്ന ഉറപ്പുണ്ടെങ്കിലും നമ്മള്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒളിച്ചോടുന്നതുമായ അവസ്ഥകളെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ നാം ഈ ചെയ്തികളിലെല്ലാം ലജ്ജിതരായി അനുതാപത്തോടും പ്രത്യാശയോടും കൂടെ യേശുവിനു മുന്നില്‍ നില്ക്കുകയാണെന്നു പറഞ്ഞു.

യേശുവിനെ തള്ളി ബറാബാസിനെയും അധികാരത്തെയും ധനത്തെയും നിത്യതയെ തള്ളി ലൗകികതയെയും തിരഞ്ഞെടുത്തതില്‍ നരകുലം ലജ്ജിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

പരിശുദ്ധമായ ഈ ലജ്ജയുണ്ടായിരിക്കുന്നതിനുള്ള കൃപ നമുക്ക് എന്നും നല്കണമേ എന്ന് പാപ്പാ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

ക്രൂശിതന്‍റെ വാചാലമായ മൗനത്തിനു മുന്നില്‍ അനുതാപത്തോടെ നിന്നുകൊണ്ട് അവിടത്തെ കാരുണ്യത്തിനായി യാചിക്കുകയാണെന്നും ഈ അനുതാപം ഉയിര്‍കൊള്ളുന്നത് തിന്മയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍, വിദ്വേഷം, സ്വാര്‍ത്ഥത, അഹംഭാവം, അത്യാഗ്രഹം, പ്രതികാരവാഞ്ഛ, വിഷയേച്ഛ, വിഗ്രഹാരാധന എന്നിവയുടേതായ വ്യാധിയില്‍നിന്ന് സൗഖ്യമേകാന്‍ ക്രിസ്തുവിനു മാത്രമെ സാധിക്കുകയുള്ളു എന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണെന്നും പാപ്പാ പറഞ്ഞു.

കര്‍ത്താവിന്‍റെ മഹിമാതിരേകത്തിനു മുന്നില്‍ നമ്മുടെ ആശാഭംഗത്തിന്‍റെ  അന്ധകാരത്തില്‍ പ്രത്യാശയുടെ സ്ഫുലിംഗങ്ങളുണ്ടാകുന്നുവെന്നും, അതിനു കാരണം സ്നേഹത്തിന്‍റെ ഏക പരിമാണം അളവില്ലാതെ പരസ്പരം സ്നേഹിക്കലാണെന്ന ബോധ്യമാണെന്നും പറഞ്ഞ പാപ്പാ പൊറുക്കലിനു മാത്രമെ വിദ്വേഷത്തെയും പ്രതികാരനടപടികളേയും തകര്‍ക്കാന്‍ കഴിയുകയുള്ളുവെന്നും സഹോദരായശ്ലേഷം വിദ്വേഷത്തെയും അപരനെക്കുറിച്ചുള്ള ഭയത്തെയും ദൂരികരിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.

നരകുലത്തിന്‍റെ മയക്കത്തിലാണ്ട മനസ്സാക്ഷിയെ വെല്ലുവിളിച്ചുകൊണ്ട്, ജീവന്‍ പോലും പണയപ്പെടുത്തി പ്രേഷിതരും പ്രേഷിതകളും പാവപ്പെട്ടവര്‍ക്കും പരിത്യക്തര്‍ക്കും  കുടിയേറ്റക്കാര്‍ക്കും, ചൂഷിതര്‍ക്കും പട്ടിണിയനുഭവിക്കുന്നവര്‍ക്കും കാരാഗൃഹവാസികള്‍ക്കും സേവനം ചെയ്യാന്‍ ശ്രമിക്കുന്നതും, സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നിരവധിയായ ശ്രമങ്ങള്‍ക്കിടയിലും അവള്‍, ദൈവത്തിന് നരകുലത്തോടുള്ള നിസ്സീമ സ്നേഹത്തെ പ്രകാശിപ്പിക്കുകയും പരിപോഷിപ്പിക്കുകയും അതിന് സാക്ഷ്യമേകുകയും ചെയ്യുന്ന വിളക്കായി തുടരുന്നതും പ്രത്യാശയുടെ അടയാളമായി പാപ്പാ അവതരിപ്പിച്ചു.

ക്രൂശിതനെ ചൂഷണത്തിനുള്ള ഒരവസരമായും, വിമര്‍ശിക്കേണ്ടവനായും നിന്ദാപാത്രമായ പരാജിതനും സ്വന്തം തെറ്റുകള്‍ മറ്റുള്ളവരുടെമേല്‍ ആരോപിക്കുന്നതിനുള്ള അവസരമായിപ്പോലും കണ്ടവരായ, ഇടതുവശത്തെ കുരിശില്‍ കിടന്നിരുന്ന കള്ളന്‍റെതായ ഔദ്ധത്യഭാവത്തിലും ഹ്രസ്വദൃഷ്ടിക്കാരിലും, ദുഷിച്ചവരിലും നിന്ന് മോചിതരാകുന്നതിന് നമ്മെ സഹായിക്കാന്‍ പാപ്പാ പാപ്പാ ക്രൂശിതനോടു പ്രാര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.