2018-03-31 08:28:00

"ഞാന്‍ വഹിക്കുന്ന കുരിശില്‍ സമാധാനപ്രതീക്ഷകള്‍": സി. ജെനവീവ്


ദുഃഖ വെള്ളിയാഴ്ച, റോമിലെ കൊളോസ്സിയത്തില്‍, പാപ്പാ നേതൃത്വം നല്‍കുന്ന കുരിശിന്‍റെ വഴിയുടെ ആചരണത്തില്‍,  കുരിശു വഹിച്ചുകൊണ്ടു നീങ്ങാനുള്ള ഭാഗ്യം ലഭിച്ച വി. കാതറൈന്‍റെ ഡോമിനിക്കന്‍ സന്യാസിനീസമൂഹത്തിലെ സി. ജെനവീവ് അല്‍ ഹദേ എന്ന ഇറാക്കി സന്യാസിനിയുടേതാണ് ഈ വാക്കുകള്‍. ഐഎസ് ഭീകരരില്‍ നിന്നു തന്‍റതന്നെ സഭാംഗങ്ങളായ സഹോദരിമാരോടൊത്ത്, ഒരു ലക്ഷത്തിലധികം വരുന്ന ക്രൈസ്തവരോടൊത്ത്,  നിനെവേ സമതലത്തില്‍ നിന്ന്, 2014,  ഓഗസ്റ്റ് ആറാംതീയതി രക്ഷപ്പെട്ട ഈ സന്യാസിനി പാപ്പാ നയിക്കുന്ന കുരിശിന്‍റെ വഴിയില്‍, കുരിശു വഹിച്ചുകൊണ്ടു നീങ്ങുന്നത് പീഡകള്‍ സഹിക്കുന്നവര്‍ക്കായി സമര്‍പ്പിച്ചുകൊണ്ടു ഇങ്ങനെ പങ്കുവച്ചു

“ഞാന്‍ വഹിക്കുന്ന കുരിശില്‍, എന്‍റെ രാജ്യത്തിന്‍റെയും മധ്യപൂര്‍വദേശം മുഴുവന്‍റെയും സമാധാനപ്രതീക്ഷകളാണു ഞാന്‍ വഹിക്കുന്നത്…  മാത്രമല്ല, യുദ്ധം മൂലം ഏറെ കഷ്ടതകള്‍ സഹിച്ചിട്ടുള്ള എന്‍റെ സന്യാസിനീ സമൂഹത്തിലെ അനേക സഹോദരെ ക്കുറിച്ചുള്ള പ്രത്യേക അനുസ്മരണവും ഇതിലുണ്ട്...  യേശുവിനെ ഇതുവരെ അറിയാത്ത സഹോദരങ്ങള്‍ക്കും വേണ്ടിക്കൂടിയാണിത്”. 

അന്നത്തെ പലായനത്തിന്‍റെ ചിത്രം, സിസ്റ്റര്‍ ജനവീവിന്‍റെ മനസ്സില്‍ ഇന്നും വ്യക്തമായി തെളിഞ്ഞു നില്‍ക്കുന്നു: "തെല്ലുസ്കോഫ് എന്ന ഗ്രാമത്തിലായിരുന്നു ഞാന്‍. നാലുസഹോദരിമാരോടൊപ്പം, പ്രായമായവരും, ഭിന്നശേഷിക്കാരുമായവരെയും കൊണ്ട് ഞങ്ങള്‍ ഒരുപ്രകാരത്തില്‍ ബസില്‍ കയറിക്കൂടി...   രാത്രി പത്തുമണിക്കായിരുന്നു അത്.  ഇരുപതുമിനിട്ടു ദൂരമുള്ള ആ വഴി പിന്നിട്ടത് അന്ന് മൂന്നുമണിക്കൂറുകൊണ്ടാണ്... ചിതറിക്കപ്പെട്ടവരുടെയിടയില്‍ ചിതറിക്കപ്പെട്ടവരായി... ഞങ്ങള്‍ ക്രൈസ്തവസമൂഹത്തോടൊപ്പം കഴിഞ്ഞു... ദൈവത്തിനു നന്ദി... ഒരുപാടു  സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കലും ഈ ലോകത്തിന് ആവശ്യമുണ്ട്... "  

മാതാപിതാക്കളും മൂന്നു കുട്ടികളുമടങ്ങുന്ന ഒരു സിറിയന്‍ കുടുംബവും ഈ കുരിശുവഹിക്കുന്ന സംഘത്തിലുണ്ട്. ഏഴാംസ്ഥലത്താണ് അവര്‍ കുരിശേന്തി നീങ്ങിയത്.  കുരിശിന്‍റെ വഴിയിലെ ആദ്യാവസാന സ്ഥലങ്ങളില്‍ കുരിശു വഹിച്ചത്, റോമാ രൂപതയിലെ, പാപ്പായുടെ വികര്‍ ജനറലായ ആര്‍ച്ചുബിഷപ്പ് ആ‍ഞ്ജെലോ ദെ ദൊണാത്തിസ് ആയിരുന്നു. 

റോമിലെ കൊളോസ്സിയത്തില്‍ എല്ലാവര്‍ഷവും ദുഃഖവെള്ളിയാഴ്ചയില്‍ നടത്തിവരുന്ന കുരിശി ന്‍റെ വഴിയാചരണം, ഈ വര്‍ഷം പ്രാദേശികസമയം രാത്രി 9.15-നാരംഭിച്ചു.  റോമാനിവാസികളും തീര്‍ഥാടകരുമായി ഏതാണ്ട് 20,000 പേര്‍ ഈ കുരിശിന്‍റെ വഴിയില്‍ പങ്കെടുത്തു.

 








All the contents on this site are copyrighted ©.