2018-03-30 15:49:00

നല്ലിടയന്‍റെ കാരുണ്യരൂപം : പാപ്പായുടെ സമ്മാനം


മാര്‍ച്ച് 29-Ɔο തിയതി പെസഹാവ്യാഴാഴ്ച
വത്തിക്കാനില്‍നിന്നും രണ്ടുകിലോമീറ്റര്‍ അകലമുള്ള ജയിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടത്. റോമിന്‍റെ കേന്ദ്രജയിലാണിത്. റോമിന്‍റെ കേന്ദ്രഭാഗത്ത് ത്രസ്തേവരെ Trastevere എന്ന സ്ഥലത്താണ് “റെജീനാ ചേളി” എന്ന വലിയ ജയില്‍ സ്ഥിതിചെയ്യുന്നത്. 1881-ല്‍ സ്ഥാപിതമാണിത്.  ഇപ്പോള്‍ 910 അന്തേവാസികളുള്ള ജയിലിന്‍റെ സി-വാര്‍ഡിലേയ്ക്കാണ് പാപ്പാ ചെറിയ കാറില്‍ എത്തിച്ചേന്നത്. ജയില്‍ അധികൃതരും, പൊലീസ് ഉദ്യോഗസ്ഥരും, ജയില്‍ വാസികളും, അവരുടെ പ്രതിനിധികളും ഏതാനും ചേര്‍ന്ന് പാപ്പായെ സ്വീകരിച്ച് ആനയിച്ചു.

ജയിലിലെ പരിപാടികള്‍
ആദ്യം അവിടത്തെ ചെറിയ ആശുപത്രിയില്‍ ചെന്ന് രോഗികളായ ജയില്‍ വാസികളെ സന്ദര്‍ശിച്ചു. അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും അവരെ ആശീര്‍വ്വദിക്കുകയുംചെയ്തശേഷം തിരുക്കര്‍മ്മങ്ങള്‍ക്കായി പാപ്പാ അവിടത്തെ കപ്പേളയിലേയ്ക്ക് നീങ്ങി. അന്തേവാസികള്‍ക്കൊപ്പം പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ച പാപ്പാ, ആമുഖപ്രാര്‍ത്ഥനയെ തുടര്‍ന്ന് വചനപാരായണവും വചനപ്രഘോഷണവും നടത്തി. തുടര്‍ന്ന് കാലുകഴുകല്‍ ശുശ്രൂഷയായിരുന്നു. വിവിധ മതസ്ഥരും രാജ്യക്കാരുമായി 12 പേരുടെ കാലുകഴുകി, ക്രിസ്തുവിന്‍റെ സ്നേഹസന്ദേശം അനുഭവവേദ്യമാക്കിക്കൊണ്ടാണ് ബലിവേദിയിലേയ്ക്ക് നീങ്ങിയത്.

ജയിലിലേയ്ക്ക് പാപ്പായുടെ സമ്മാനം
ക്രിസ്തു ദൈവമായിരുന്നിട്ടും സ്വീകരിച്ച ദാസന്‍റെ രൂപവും അവിടുന്നു ലോകത്തു പങ്കുവച്ച സ്നേഹത്തിന്‍റെയും കരുണയുടെയും സുവിശേഷവും പാപ്പാ വചനചിന്തയില്‍ വിഷയീഭവിപ്പിച്ചു. വചനപ്രസംഗത്തിനിടെ ശ്രദ്ധേയമായത് ജയിലിലെ കപ്പേളയിലേയ്ക്കു പാപ്പാ സമ്മാനിച്ച ബലിപീഠമാണ്. പ്രശസ്ത ഇറ്റാലിയന്‍ ശില്പിയും ചിത്രകാരനുമായ ഫിയൊറേന്‍സോ ബാച്ചി 2016-ല്‍ ഒരു പൊതുകൂടിക്കാഴ്ച വേദിയില്‍വെച്ച് പാപ്പാ ഫ്രാന്‍സിസിന് സമ്മാനിച്ചതാണിത്. വെങ്കല ശില്പത്തില്‍ മരത്തിന്‍റെ മേല്‍ത്തട്ടു ചേര്‍ത്ത് നിര്‍മ്മിച്ച മനോഹരമായൊരു ബലിപീഠം! മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിക്കിടക്കുന്ന ആടിന്‍റെ പക്കല്‍ മുള്ളുകളെ മെദിച്ചും മെരുക്കിയും എത്തിയ നല്ലിടയന്‍ വേദനിച്ചു നീറുന്ന ആടിനെ വാത്സല്യത്തോടെ താങ്ങിയെടുക്കാന്‍ ഒരുങ്ങുന്ന ശില്പമാണിത്.








All the contents on this site are copyrighted ©.