2018-03-27 12:16:00

സഭാമാതാവായ കന്യകാമറിയത്തിന്‍റെ തിരുനാള്‍


സഭാമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുനാള്‍, സഭയുടെ ആരാധനാക്രമവത്സരത്തില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, ഈ വര്‍ഷം മുതല്‍ പന്തക്കുസ്താത്തിരുനാളിന്‍റെ പിറ്റേന്നു തിങ്കളാഴ്ച തിരുനാളായി ആചരിക്കുന്നതിനോടനുബന്ധിച്ച്, ആരാധനാക്രമകാര്യങ്ങള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ 2018 മാര്‍ച്ച് 27-ാംതീയതി പ്രസിദ്ധപ്പെടുത്തി.  

ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളിനോട്, മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ തിരുനാള്‍ ബന്ധിച്ചിരിക്കുന്നതുപോലെ, സഭാമാതാവായ, പരി. കന്യകാമറിയത്തിന്‍റെ തിരുനാള്‍, പന്തക്കുസ്താത്തിരുനാളിനോടും ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അന്നേദിനം, മറ്റ് വിശുദ്ധരുടെ അനുസ്മരണയില്‍ വരുന്ന ദിനമാണെങ്കിലും, ആരാധനാക്രമ പാരമ്പര്യത്തിലെ പ്രാമുഖ്യം കണക്കാക്കി, ഈ തിരുനാള്‍ ആചരിക്കേണ്ടതുണ്ടെന്നും ഈ നോട്ടിഫിക്കേഷന്‍ വഴി പ്രത്യേകം അറിയിക്കുന്നു.  റോമന്‍ കലണ്ടറനുസരിച്ചുള് ഈ തിരുനാള്‍ ആചരണത്തിനായി പ്രത്യേക വായനകളും ആത്മീയമാതൃത്വത്തിന്‍റെ രഹസ്യത്തെ പ്രകാശിപ്പിക്കുന്ന പ്രാര്‍ഥനകളും ഈ തിരുനാള്‍ പ്രഖ്യാപിച്ചുകൊണ്ട ഡിക്രിയോടു ചേര്‍ത്തു നല്‍കിയിട്ടുണ്ടെന്നും ഈ നോട്ടിഫിക്കേഷന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

പരിശുദ്ധ കന്യകാമറിയം സഭാമാതാവാണ് എന്ന വിശ്വാസം സഭയില്‍ പ്രബലവും സഭാപ്രബോധനങ്ങളില്‍ അംഗീകരിക്കപ്പെട്ടതും ആണെന്നു വ്യക്തമാക്കി, ഫ്രാന്‍സീസ് പാപ്പാ, മറിയത്തിന്‍റെ ഈ തിരുനാള്‍ റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുക ആയിരുന്നു.  മാര്‍ച്ച് 24-ാംതീയതി ആരാധനാക്രമകാര്യങ്ങള്‍ക്കായുള്ള സംഘാധ്യക്ഷന്‍ കര്‍ദി. റോബര്‍ട്ട് സാറാ ഒപ്പുവച്ച ഈ നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 27-ാംതീയതി പ്രസിദ്ധപ്പെടുത്തി.








All the contents on this site are copyrighted ©.