2018-03-26 11:02:00

"കല്ലുകള്‍ ആര്‍ത്തുവിളിക്കുംമുമ്പു നിങ്ങളതു ചെയ്യുക": പാപ്പാ


2018, മാര്‍ച്ച് 25-ാം തീയതി, ഓശാന ഞായറാഴ്ചയില്‍,  വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസ്ലിക്കയുടെ അങ്കണമായിരുന്നു തിരുക്കര്‍മങ്ങള്‍ക്കു വേദിയായിരുന്നത്.   രാവിലെ പത്തുമണിക്ക്, ആഘോഷമായ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് വത്തിക്കാന്‍ അങ്കണമധ്യത്തിലെ സ്തൂപത്തിനടുത്ത് സജ്ജീകരിച്ചിരുന്ന ഒലിവുശാഖകള്‍ പാപ്പാ വെഞ്ചരിച്ചു. തുടര്‍ന്ന് ഒലിവു ശാഖകളേന്തി പ്രദക്ഷിണമായി ബലിവേദിയിലേയ്ക്കു നീങ്ങി. 

മുപ്പത്തിമൂന്നാമത് ലോകയുവ ജനദിനത്തോടനുബന്ധിച്ച്, റോമാരൂപതയില്‍ നിന്നും മറ്റു രൂപതകളില്‍ നിന്നും അനേകയുവജനങ്ങള്‍, പതിനഞ്ചാമത് സാധാരണമെത്രാന്‍ സിനഡിന്‍റെ പ്രീ-സിനഡില്‍ പങ്കെടുക്കുന്നതിനെത്തിയിരുന്ന യുവജനങ്ങള്‍ എന്നിവരുള്‍പ്പെടെ വിശുദ്ധവാരാരംഭത്തിലെ ഈ കര്‍മങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുന്നതിനായി അനേകായിരങ്ങള്‍ പതിനായിരങ്ങളാണ് അങ്കണത്തില്‍ സന്നിഹിതരായിരുന്നു. 

ദിവ്യബലിയുടെ വായനയെ അടിസ്ഥാനമാക്കി, യേശുവിന്‍റെ ജറുസലെം പ്രവേശനത്തില്‍, ആനന്ദപൂര്‍ണരായ ജനത്തിന്‍റെ ആര്‍പ്പുവിളികളും  ആ ജനത്തെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവരുടെ ആക്രോശവും തമ്മിലുള്ള വൈരുധ്യത്തെ വ്യക്തമാക്കി മാര്‍പ്പാപ്പ വചനസന്ദേശം നല്‍കി. പാപ്പാ നല്‍കിയ വചനസന്ദേശത്തില്‍ നിന്നു പ്രസക്തഭാഗങ്ങള്‍ വായിക്കാം.

യേശു ജറുസലെമില്‍ പ്രവേശിക്കുന്നു.  ഈ ആരാധനാക്രമം നമ്മെ ക്ഷണിക്കുന്നത്, അപ്പോള്‍ ആനന്ദഭരിതരായി കര്‍ത്താവിന്‍റെ സ്തുതികള്‍ ആര്‍ത്തുപാടുന്ന ജനത്തോടുകൂടെ നാമും പങ്കുചേരുന്നതിനാണ്. ആ ആനന്ദമാകട്ടെ, പീഡാനുഭവ വിവരണത്തിന്‍റെ അവസാനത്തില്‍ മങ്ങിപ്പോകുന്നതായും കയ്പുനിറഞ്ഞ ദുഃഖത്തിന്‍റെ രുചി അവശേഷിപ്പിക്കുന്നതായും ആയിത്തീരുന്നുണ്ട്.   ഈ ആഘോഷം, ശിഷ്യരെന്ന നിലയില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായ സന്തോഷത്തിന്‍റെയും സഹനത്തിന്‍റെയും, തെറ്റുകളുടെയും വിജയങ്ങളുടെയും കഥകളെ സംയോജിപ്പിക്കുന്നതായി തോന്നുന്നു.  എങ്ങനെയൊക്കെയോ, ഇത് ഇന്നത്തെ സ്ത്രീപുരുഷന്മാരുടെ അനുഭവങ്ങളെ, അതായത്, സ്നേഹിക്കാനും വെറുക്കാനുമുള്ള കഴിവുകളെ, ധീരമായ സ്വയംത്യാഗത്തിനും, കൈ കഴുകി മാറി നില്‍ക്കാനുമുള്ള കഴിവുകളെ, അവയുടെ വൈരുധ്യത്തെ പ്രകടമാക്കുന്നുമുണ്ട്...

ഇപ്രകാരം വചനസന്ദേശം ആരംഭിച്ച പാപ്പാ, യേശുവിന്‍റെ ജറുസലെം പ്രവേശനം ജനങ്ങളില്‍ ഉണ്ടാക്കിയ ആവേശവും ആനന്ദവും ചിലരുടെ അസ്വസ്ഥതയ്ക്കും കോപത്തിനും കാരണമായെന്നു വിശദീകരിച്ചു.

ഈ ആര്‍പ്പുവിളികള്‍ക്കിടയില്‍, നമുക്കു സങ്കല്‍പ്പിക്കാനാവും, ക്ഷമ ലഭിച്ച പുത്രന്‍റെ, സൗഖ്യമാക്കപ്പെട്ടവരുടെ, നഷ്ടപ്പെട്ട ആടുകളുടെ, അതുപോലെ, ചുങ്കക്കാരന്‍റ, അശുദ്ധരായവരുടെ, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങള്‍... ഈ ആനന്ദവും സ്തിതിഗീതങ്ങളും, തങ്ങളെത്തന്നെ നീതിമാന്മാരെന്നു പരിഗണിച്ചവര്‍ക്ക്, ഉതപ്പും അസ്വസ്ഥതയും ഉളവാക്കുകയായിരുന്നു... അവര്‍ക്ക് ഈ ആനന്ദം അസഹനീയമായിരുന്നു.. തുടര്‍ന്നു നാം കേള്‍ക്കുന്നത് “അവനെ ക്രൂശിക്കുക” എന്ന ആക്രോശങ്ങളാണ്. അത് സ്വാഭാവികമായി ഉണ്ടായതല്ല, മറിച്ച്, കള്ളസ്സാക്ഷികളുടെ വിവരണവും, സ്വന്തം നേട്ടങ്ങള്‍ അഭിലഷിക്കുന്നവര്‍ മെനഞ്ഞുണ്ടാക്കിയ കഥകളും  കേള്‍പ്പിച്ച് ഉണ്ടാക്കിയെടുത്ത ആക്രോശങ്ങളാണ്: “അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക”...  അവ പ്രത്യാശയെ നശിപ്പിക്കുന്നു, സ്വപ്നങ്ങളെ കൊല്ലുന്നു, ആനന്ദത്തെ അടിച്ചമര്‍ത്തുന്നു... ഉപവി തണുക്കുന്നു, "നിന്നെത്തന്നെ രക്ഷിക്കുക" വിളികളിലൂടെ അനുകമ്പയെ തുടച്ചുമാറ്റുന്നു...

എന്നാല്‍ ക്രിസ്തുവിന്‍റെ കുരിശിലെ അന്ത്യനിലവിളി, നമ്മോടുള്ള സ്നേഹമായിരുന്നു.  അവിടുത്തെ കുരിശിനാല്‍ നാം രക്ഷിതരായി... സഹോദരീ സഹോദരന്മാരേ, നമ്മുടെ ഹൃദയം എവിടെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?.. പ്രിയ യുവജനങ്ങളേ, നിങ്ങളില്‍ യേശു ഉണര്‍ത്തുന്ന സന്തോഷവും ചിലരില്‍ കോപവും, അസ്വസ്ഥതയും ഉളവാക്കിയേക്കാം. കാരണം, ആനന്ദമുള്ള ഒരു യുവവ്യക്തി തിന്മയുടെ സ്വാധീനവലയത്തില്‍ പെടുക എളുപ്പമല്ല! പാപ്പാ വീണ്ടും ആവര്‍ത്തിച്ചു: ആനന്ദമുള്ള ഒരു യുവ വ്യക്തി തിന്മയുടെ സ്വാധീനവലയത്തില്‍ പെടുക എളുപ്പമല്ല.

ഇന്ന് മറ്റൊരുവിധത്തില്‍ ഉയരുന്ന ശബ്ദവും ഇതിനിടയില്‍ കേള്‍ക്കാം. ജനക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ഫരിസേയര്‍ അവിടുത്തോടു പറഞ്ഞു: “ഗുരോ ഇവരെ ശാസിക്കുക”. എന്നാല്‍, യേശു മറുപടി നല്‍കി: “ഞാന്‍ നിങ്ങളോടു പറയുന്നു, ഇവരെ നിശ്ശബ്ദരാക്കിയാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും” (ലൂക്കാ 19, 39-40).

യുവജനങ്ങളെ നിശ്ശബ്ദരാക്കാനും അപ്രത്യക്ഷരാക്കാനും ധാരാളം മാര്‍ഗങ്ങളുണ്ട്  അവരുടെ ബോധം കെടുത്താന്‍, മൗനം അവലംബിക്കുന്നവരായി മാറ്റാന്‍, ചോദ്യങ്ങളില്ലാത്തവരാക്കാന്‍... ഒന്നിലും ഉള്‍പ്പെടുത്താതിരിക്കാന്‍, അവരുടെ സ്വപ്നങ്ങളെ നിസ്സാരവത്‍‍ക്കരിക്കാന്‍ ഏറെ വഴികളുണ്ട് എന്നു പറഞ്ഞ പാപ്പാ, യുവജനങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം തുടര്‍ന്നു

പ്രിയ യുവജനങ്ങളെ, നിങ്ങളില്‍ ആര്‍പ്പുവിളികളുണ്ട്.  എന്നാല്‍ ഏതുവേണമെന്ന് തെരഞ്ഞെടുക്കുന്നത് നിങ്ങളെ ആശ്രയിച്ചാണിരിക്കുക.  ഞായറാഴ്ചയിലെ, 'ഹോസാന' വിളികള്‍ തെരഞ്ഞെടുക്കുകയും വെള്ളിയാഴ്ചയിലെ 'അവനെ ക്രൂശിക്കുക' എന്ന ആക്രോശങ്ങളിലുള്‍പ്പെടാതിരിക്കുകയും ചെയ്യുക... നിശ്ശബ്ദരാകാതിരിക്കാനുള്ള തെരഞ്ഞെടുപ്പും നിങ്ങളുടേതാണ്. മറ്റുള്ളവര്‍, മുതിര്‍ന്നവരോ നേതാക്കളോ നിങ്ങളെ നിശ്ശബ്ദരാക്കിയാല്‍ - മിക്കവാറും ചൂഷണലക്ഷ്യത്തോടെ നിശ്ശബ്ദരാക്കിയാല്‍, ലോകംമുഴുവനും നിശ്ശബ്ദരാകുകയും ആനന്ദം നഷ്ടപ്പെടുത്തുകയും ചെയ്താല്‍, ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, നിങ്ങള്‍ ആര്‍ത്തുവിളിക്കുമോ?  ഇങ്ങനെ ചോദിച്ചശേഷം ഈ ആഹ്വാനത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്:  കല്ലുകള്‍ ആര്‍ത്തുവിളിക്കുന്നതിനുമുമ്പ്, നിങ്ങള്‍ ദയവായി ആ തെരഞ്ഞെടുപ്പു നടത്തുക.








All the contents on this site are copyrighted ©.