2018-03-21 16:01:00

"നാം ക്രിസ്തുവിന്‍റെ ശരീരത്താല്‍ പരിപോഷിതരാകുന്നവര്‍": പാപ്പാ


2018 മാര്‍ച്ച് 21-ാംതീയതി ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയ്ക്കു വേദിയായത് വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണമായിരുന്നു. ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ, തുറന്ന വാഹനത്തില്‍ അങ്കണത്തിലേയ്ക്കു പ്രവേശിച്ചപ്പോള്‍ വിവിധരാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന ഏതാണ്ട് പതിനയ്യായിരത്തോളം വരുന്ന തീര്‍ഥാടകര്‍  കരഘോഷമുയര്‍ത്തി ആരവത്തോടെ പാപ്പായെ എതിരേറ്റു. സുസ്മേരവദനനായി എല്ലാവരെയും അഭിവാദ്യം ചെയ്തും ആശീര്‍വദിച്ചും വശങ്ങളില്‍ നിന്നിരുന്നവര്‍ക്ക് ഹസ്തദാനമേകിയും നീങ്ങുന്നതിനിടയില്‍ അടുത്തുള്ളവരും പാപ്പായുടെ സമീപത്തേക്കു കൊണ്ടുവരപ്പെടുന്നവരുമായ പിഞ്ചു കുഞ്ഞുങ്ങളെ തലോടുകയും ചുംബി ക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നതിനു പാപ്പാ പ്രത്യേക താല്‍പ്പര്യം കാണിച്ചു.

തുടര്‍ന്ന് വേദിയിലെത്തിയ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി വിശ്വാസ പ്രബോധനപരിപാടിയ്ക്കു തുടക്കം കുറിച്ചു.  വിവിധ ഭാഷകളിലുള്ള വിശുദ്ധഗ്രന്ഥ പാരായണമായിരുന്നു ആദ്യം. വി. യോഹന്നാന്‍റെ സുവിശേഷത്തിലെ ആറാമധ്യായത്തില്‍ നിന്ന് 54-55 വാക്യങ്ങള്‍ വിവിധ ഭാഷകളില്‍ വായിക്കപ്പെട്ടു.  

തുടര്‍ന്ന് എല്ലാവര്‍ക്കും പ്രഭാതവന്ദനം ആശംസിച്ചുകൊണ്ടു പാപ്പാ വിശ്വാസപ്രബോധനം നല്‍കി. വി. കുര്‍ബാനയെക്കുറിച്ചുള്ള പ്രബോധന പരമ്പരയുടെ പതിനാലാം ഭാഗത്തിലേയ്ക്കു പാപ്പാ കടന്നു.  വി. കുര്‍ബാനയില്‍, യേശുവിന്‍റെ തിരുശ്ശരീരരക്തങ്ങളുടെ സ്വീകരണത്തെക്കുറിച്ചു പാപ്പാ നല്‍കിയ പ്രബോധനത്തിന്‍റെ പരിഭാഷ ഇനി ശ്രവിക്കാം

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!

പരിശുദ്ധ കുര്‍ബാനയര്‍പ്പത്തിലെ വിവിധ നിമിഷങ്ങളെക്കുറിച്ചുള്ള വിചിന്തനത്തില്‍, ക്രമമനുസ രിച്ച് ഇന്നു വരുന്നത് വി. കുര്‍ബാന സ്വീകരണമാണ്.  നാം വി. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കു ചേരുന്നത്, ക്രിസ്തുവിനാല്‍ നാം പോഷിപ്പിക്കപ്പെടുന്നതിനു വേണ്ടിയാണ്. അവിടുത്തെ വചനത്താലും, അള്‍ത്താരയിലെ വി. കൂദാശയാലും നമുക്ക് തന്നെത്തന്നെ ദാനമായിത്തരുന്ന യേശുവിനാല്‍ അവിടുത്തോട് സദൃശരാകുന്നതിനുവേണ്ടിയാണ്. കര്‍ത്താവുതന്നെ അതു പറയുന്നുണ്ട്. "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാനവനിലും വസിക്കും" (യോഹ 6,56).  വാസ്തവത്തില്‍, യേശു തന്‍റെ ശരീരവും രക്തവും ശിഷ്യന്മാര്‍ക്കു നല്‍കുന്നത് അവസാന അത്താഴസമയത്താണ്, അത് പുരോഹിതരിലൂടെയും മറ്റ് ശുശ്രൂഷകരിലൂടെയും, സാധാരണ ശുശ്രൂഷികളിലൂടെയും, ജീവന്‍റെ അപ്പവും, രക്ഷയുടെ കാസയുമായി വിതരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്നുവരെയും, ഇനിയും തുടര്‍ന്നുകൊണ്ടിരിക്കുന്നു,

കൂദാശചെയ്യപ്പെട്ട അപ്പം പുരോഹിതന്‍ മുറിച്ചശേഷം, വിശ്വാസികള്‍ക്കുമുമ്പില്‍ ഉയര്‍ത്തി, അവരെ ദിവ്യകാരുണ്യവിരുന്നില്‍ പങ്കുചേരാന്‍ വിളിക്കുന്നു.  വിശുദ്ധ അള്‍ത്താരയില്‍ അനുരണനം ചെയ്യപ്പെടുന്ന വാക്കുകള്‍ മനസ്സിലാക്കുന്നതിനു ശ്രമിക്കാം.  “കര്‍ത്താവിന്‍റെ അത്താഴത്തിനു വിളിക്കപ്പെടുന്നവര്‍ ഭാഗ്യമുള്ളവര്‍. ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്”. വെളിപാടുഗ്രന്ഥത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഒരു ഭാഗമാണിത്.  “കുഞ്ഞാടിന്‍റെ വിവാഹ വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍” (വെളി 19,9).  ഈ ക്ഷണം, നമ്മെ ആനയിക്കുന്നത്, ആനന്ദത്തിന്‍റെയും പരിശുദ്ധിയുടെയും ഉറവിടമായ ക്രിസ്തുവിനോടുള്ള അഗാധമായ ഐക്യത്തിലേയ്ക്കാണ്... ഈ ക്ഷണം, അതോടൊപ്പം തന്നെ വിശ്വാസത്തിന്‍റെ വെളിച്ച ത്തില്‍ നമ്മുടെ മനസ്സാക്ഷിയെ വിവേചിക്കുന്നതിനുള്ളതുമാണ്.. ഒരു വിധത്തില്‍ ക്രിസ്തുവിന്‍റെ പരിശുദ്ധിയില്‍ നിന്നുമുള്ള അകല്‍ച്ച നാം കാണുന്നു, മറ്റൊരുവിധത്തില്‍, അവിടുത്തെ രക്തം ചൊരിയലിലൂടെ നാം നേടുന്ന പാപമോചനത്തെയും നാം കാണുന്നു... അതുകൊണ്ട് നാം യാചിക്കുന്നു, 'കര്‍ത്താവേ, അങ്ങേ വിരുന്നില്‍ പങ്കുചേരാന്‍ എനിക്കു യോഗ്യതയില്ല, എന്നാല്‍ അങ്ങ് ഒരു വാക്കരുള്‍ച്ചെയ്യുക ഞാന്‍ സൗഖ്യമാകും'.

  നാം ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനു പ്രദക്ഷിണമായി നീങ്ങുമ്പോള്‍, സത്യത്തില്‍ ക്രിസ്തു നമ്മെ കണ്ടുമുട്ടുന്നതിനും നമ്മോടു സദൃശ്യരാകുന്നതിനും തന്നെത്തന്നെ നമ്മുടെ അടുത്തേയ്ക്കു കൊണ്ടുവരികയാണ്... വി. അഗസ്റ്റിന്‍ നമ്മെ ഇതു മനസ്സിലാക്കുന്നതിനു സഹായിക്കുന്നു.  “ക്രിസ്തു പറയുന്നതു കേള്‍ക്കുക. ഞാനാണ് മഹത്തായ ഭോജ്യം. എന്നെ ഭുജിച്ച് വളരുക. ഭക്ഷണം നിന്‍റെ ശരീരത്തിലെന്നപോലെ, നീ നിന്നില്‍ എന്നെ രൂപാന്തരപ്പെടു ത്തുകയല്ല, മറിച്ച്, എന്നിലേയ്ക്കു നീ രൂപാന്തരപ്പെടുകയാണ്” (Confessioni VII, 10, 16: PL 32, 742)... നാം സ്വീകരിക്കുന്നതെന്തോ അതായിത്തീരുകയാണ്... ദിവ്യകാരുണ്യസ്വീകരണാനന്തരം, നാം സ്വീകരിച്ച ദാനത്തിനനുസൃതമായി കാത്തു സൂക്ഷിക്കുന്നതിന് നിശ്ശബ്ദമായ പ്രാര്‍ഥന ആവശ്യ മുണ്ട്, ഒരു സ്തുതിഗീതമായോ, ഒരു സങ്കീര്‍ത്തനമായോ അതു തീരേണ്ടതുണ്ട്...

ദിവ്യകാരുണ്യസ്വീകരണത്തിനുശേഷമുള്ള പ്രാര്‍ഥനയോടുകൂടി ആ ക്രമം അവസാനിക്കുകയാണ്.  അതില്‍, പങ്കെടുത്ത എല്ലാ വിശ്വാസികളുടെയും പേരില്‍ പുരോഹിതന്‍, ദൈവത്തിനു കൃതജ്ഞ തയര്‍പ്പിക്കുന്നു... ‘അങ്ങേ കൂദാശയില്‍ പങ്കുചേര്‍ന്ന ഞങ്ങളില്‍ അത് രക്ഷയുടെ ഔഷധമായി ത്തീരട്ടെ, ഞങ്ങള്‍ തിന്മയില്‍ നിന്ന് സൗഖ്യമാക്കപ്പെടുകയും, അങ്ങേ സൗഹൃദത്താല്‍ ഉറപ്പിക്കപ്പെ ടുകയും ചെയ്യട്ടെ!’

പാപ്പാ പ്രബോധനം അവസാനിപ്പിച്ചപ്പോള്‍ പതിവുപോലെ പ്രബോധനസംഗ്രഹം വിവിധ ഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. ഓരോ ഭാഷയിലുമുള്ള പ്രബോധനസംഗ്രഹത്തിന്‍റെ വായനയെത്തുടര്‍ന്ന് പാപ്പാ അതാതു ഭാഷക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്തുകൊണ്ട് ചുരുങ്ങിയ വാക്കുകളില്‍ ആശംസകളര്‍പ്പിച്ചു. 

തുടര്‍ന്ന് ഡബ്ലിനില്‍, ആഗോള കുടുംബസമ്മേളനത്തില്‍ പങ്കുചേരുന്നതിന്, ഓഗസ്റ്റ് 25-26 തീയതികളില്‍ അപ്പസ്തോലികയാത്ര നടത്തുന്നതിനെക്കുറിച്ച് അറിയിച്ചു.  വിവിധ ഗ്രൂപ്പുകള്‍ക്ക് പ്രത്യേകമായി ആശംസകളര്‍പ്പിച്ച പാപ്പാ, യുവജനങ്ങള്‍ക്കും രോഗികള്‍ക്കും നവദമ്പതികള്‍ക്കും പ്രത്യേകമായി പ്രാര്‍ഥന വാഗ്ദാനം ചെയ്തു.

പൊതുദര്‍ശനപരിപാടിയുടെ സമാപനത്തിലെ കര്‍തൃപ്രാര്‍ഥനാലാപനശേഷം പാപ്പാ അപ്പസ്തോലികാശീര്‍വാദം നല്കി.








All the contents on this site are copyrighted ©.