2018-03-19 14:44:00

ദൈവസ്തുതിയുടെ മനോഹാരിത! സങ്കീര്‍ത്തനപഠനം


വചനവീഥി > സങ്കീര്‍ത്തനം 147-ന്‍റെ പഠനം :

കര്‍ത്താവിനെ സ്തുതിക്കുവിന്‍! എന്ന് ആരംഭത്തിലും അവസാനത്തിലും ആഹ്വാനംചെയ്യുന്ന സമ്പൂര്‍ണ്ണ സ്തുതിപ്പിന്‍റെ 147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ഒരു പൊതുഅവലോകനത്തിലേയ്ക്ക് കടക്കുകയാണിന്ന്. ആരംഭത്തില്‍ത്തന്നെ സ്തുതിക്കാനുള്ള കാരണം പറയുകയും, ഗീതത്തിന്‍റെ ലക്ഷ്യവും, ലക്ഷണവും, തരവും ഗായകന്‍ വെളിപ്പെടുത്തി തരികയുംചെയ്യുന്നു. സ്തുതിക്കുന്നത് മനോഹരമാണ്, ആനന്ദദായകമാണ്. ദൈവത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളും സൃഷ്ടികര്‍മ്മവും സ്തുതിക്കപ്പടേണ്ടതാണ്. അവിടുന്ന് ജരൂസലേമിനെ  പുനരുദ്ധരിക്കുകയും പ്രവാസികളെ തിരിച്ചുകൊണ്ടു വരികയും ചെയ്തിരിക്കുന്നു.  അവിടുന്ന് സുഖപ്പെടുത്തുന്നവനാണ്. അവിടുത്തേയ്ക്ക് സാര്‍വ്വത്രിക ശക്തിയുണ്ട്. നക്ഷത്രങ്ങളെ സൃഷ്ടിച്ച് അവയ്ക്ക് പേരു നല്കിയത് അവിടുന്നാണ്. അവിടുത്തെ ശക്തിയും ജ്ഞാനവും സീമാതീതമാണ്. ഈ പ്രപഞ്ചത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളുടെയും സൃഷ്ടിയുടെയും സംരക്ഷണത്തിന്‍റെയുമെല്ലാം  ശക്തി ഒന്നുതന്നെയെന്ന് ഗായകന്‍ സ്ഥാപിക്കുന്നു. അവിടുന്ന് എളിയരെ തുണയ്ക്കുകയും പാവങ്ങളെയും പരിത്യക്തരെയും പരിപാലിക്കുകയും ചെയ്യുന്നു. അതിനാല്‍ നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം എന്നു ഗായകന്‍ പ്രഖ്യാപിക്കുകയും, അതിനായി സകലരെയും ക്ഷണിക്കുകയും ചെയ്യുന്നു.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം രമേഷ് മുരളിയും സംഘവും...

Musical Version of Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ, എന്നും പുകഴ്ത്തുക!

അടുത്തൊരു പടിയായി , 147-Ɔ൦ ഗീതത്തിന്‍റെ  പൊതുവായ അവലോകത്തില്‍  ശ്രദ്ധിക്കുന്നൊരു  കാര്യം ... ദൈവത്തെ സ്തുതിക്കുന്നിടത്തോളം ശ്രേഷ്ഠതരമായൊരു കാര്യം, അല്ലെങ്കില്‍ മഹത്തമമായൊരു കാര്യം ഇല്ലെന്ന് ഗായകന്‍ സ്ഥാപിക്കുന്നതാണ്. സ്തുതിക്കു പ്രേരിപ്പിക്കുന്ന കാര്യങ്ങളില്‍ ഒന്ന് ദൈവത്തിന്‍റെ അത്ഭുതകരമായ, പരിമിതികളില്ലാത്തതും, അപരിമേയവുമായ സൃഷ്ടിവൈഭവമാണ്.  രണ്ടാമത്തേത്,  ദൈവത്തിന്‍റെ കരുണയാണ്, സമാമാതീതമായ, അനന്തമായ കരുണയാണ്. ഇതും മനുഷ്യന് അസാദ്ധ്യമാണ്. ദൈവത്തിന്‍റെ അപരിമേയമായ ശക്തിയും ജ്ഞാനവും പ്രതിഫലിപ്പിക്കുന്നതാണ് അവിടുത്തെ കാരുണ്യം.

അവിടുത്തെ സര്‍വ്വപ്രവൃത്തികളും മനുഷ്യനെ സ്തുതിപ്പിനു പ്രേരിപ്പിക്കുന്നതാണ്.  അതിനാല്‍ നാം സ്തുതിക്കുന്ന ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം, എന്നു പ്രസ്താവിക്കുന്ന സങ്കീര്‍ത്തകന്‍ , കൃതജ്ഞതയ്ക്കുള്ള ആഹ്വാനത്തോടെയാണ് ഗീതം ആരംഭിക്കുന്നത്.  കിന്നരം മീട്ടിക്കൊണ്ട് ദൈവത്തെ സ്തുതിച്ച്, കൃതജ്ഞത അര്‍പ്പിക്കുവാനുള്ള ആഹ്വാനം സങ്കീര്‍ത്തകന്‍ (7-11) പദങ്ങളിലൂടെ നല്കുമ്പോള്‍ എക്കാലത്തും മനുഷ്യജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട ഒരു നിഷ്ഠയാണ് സങ്കീര്‍ത്തകന്‍ പദങ്ങളിലൂടെ  പഠിപ്പിക്കുന്നത്.  സ്രഷ്ടാവായ ദൈവത്തോടു മനുഷ്യന്‍ എക്കാലത്തും നന്ദിയുള്ളവനനായിരിക്കണമെന്ന് സങ്കീര്‍ത്തകന്‍ ആഹ്വാനംചെയ്യുന്നു. പ്രകൃതി പ്രതിഭാസങ്ങളെ  കര്‍ത്താവു  നിയന്ത്രിക്കുന്നു, മനുഷ്യന്‍റെ ജീവിതവത്സരം ഫലപുഷ്ടമാക്കുന്നു. അവിടുന്ന് സര്‍വ്വജീവജാലങ്ങളെയും തീറ്റിപ്പോറ്റുന്നു. മനുഷ്യന്‍റെ ശക്തിയും തന്ത്രങ്ങളും ദൈവിക ശക്തിക്കു മുമ്പില്‍ ഒന്നുമല്ലെന്നു സ്ഥാപിക്കുന്നു. ദൈവത്തിന്‍റെ മുമ്പില്‍ അതിനാല്‍ പ്രസക്തമാകുന്ന ദൈവഭയവും അവിടുത്തെ കാരുണ്യത്തിനുവേണ്ടിയുള്ള കാത്തിരിപ്പുമാണ്.  “Fear of God is the beginning of Wisdom.”  “ദൈവഭയം വിജ്ഞാനത്തിന്‍റെ ആരംഭമാണ്,” എന്ന സംജ്‍ഞ ഇവിടെ വളരെ സ്പഷ്ടമായി സ്ഥാപിക്കപ്പെടുന്നത് നമുക്കു കാണാം.

പ്രകൃതി പ്രതിഭാസങ്ങളായ മഴയും വെയിലും മഞ്ഞും കാറ്റും സസ്യങ്ങളുടെയും മൃഗങ്ങളുടെയും, അവയുടെ വളര്‍ച്ചയും ഫലദായകത്വവും ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്  സങ്കീര്‍ത്തകന്‍ പദങ്ങളില്‍ എണ്ണിയെണ്ണിപ്പറയുന്നു. വന്‍വൃക്ഷങ്ങളും ചെറുചെടികളുമെല്ലാം ദൈവത്തിന്‍റെ സൃഷ്ടിമാഹാത്മ്യമാണ് പ്രകടമാക്കുന്നത്. ഒന്നും നമുക്ക് നിസ്സാരമായി കാണാനാവില്ല. സൃഷ്ടിയുടെ അത്ഭുതം ദര്‍ശിക്കുന്ന ഒരു മനുഷ്യന്‍ അവയെ ആദരിക്കുകയും പ്രകൃതിയെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് സങ്കീര്‍ത്തകന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക!
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നൂ
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു.
ഈ അവലോകനത്തില്‍ തെളിഞ്ഞു വരുന്നൊരു ചിന്ത..

ദൈവിക സാന്നിദ്ധ്യത്തിന്‍റെ  വിശുദ്ധനഗരവും,  തീര്‍ത്ഥാടന കേന്ദ്രവുമായ ജരൂസലേമില്‍ എത്തുന്ന തീര്‍ത്ഥാടകരോട്... അതായത്, ഇസ്രായേല്‍ ജനതയോട് കര്‍ത്താവിനെ സ്തുതിക്കുവാന്‍ ആഹ്വാനംചെയ്യുന്നതാണ് ഈ ഗീതത്തിന്‍റെ യഥാര്‍ത്ഥമായ പശ്ചാത്തലം. തുടര്‍ന്നും വിശകലനം ചെയ്യുന്നത്, ജരൂസലേമിന്‍റെ മതിലുകളും കവാടങ്ങളും പുനരുദ്ധിരിക്കപ്പെട്ടിരിക്കുന്നു. കര്‍ത്താവു പ്രകൃതിയെയും അതിന്‍റെ പ്രതിഭാസങ്ങളെയും നിയന്ത്രിക്കുന്നു, വത്സരം ഫലപുഷ്ടമാക്കുന്നു. അവിടുന്ന് സര്‍വ്വജീവജാലങ്ങളെയും തീറ്റിപ്പോറ്റുന്നു. ഇതെല്ലാം കാണുമ്പോള്‍ സങ്കീര്‍ത്തകന്‍ ധ്യാനിക്കുന്നത്... ഇങ്ങനെയാണ്... മനുഷ്യന്‍റെ ശക്തിയും തന്ത്രങ്ങളും ദൈവികശക്തിക്കും  മുമ്പില്‍ ഒന്നുമല്ല. ദൈവത്തിന്‍റെ മുമ്പില്‍ വിലപ്പെട്ടത്  നാം അവിടുത്തെ നന്മയുടെയും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രഘോഷകരും സാക്ഷികളുമാകുക എന്നതാണ്.  

ലോകത്തിന്‍റെ വിവിധ  ഭാഗങ്ങളിലേയ്ക്കും ഒന്നു നീങ്ങി നോക്കിയാല്‍ സൃഷ്ടിയെ സംബന്ധിച്ചിടത്തോളം എന്തു വൈവിധ്യമാണ് നാം കാണുന്നത്.  ഒന്ന് മറ്റൊന്നിനെ വെല്ലുന്ന ശോഭയാര്‍ന്നും, ഭംഗിയിലുമാണ്  നാം ചുറ്റും കാണുന്നത്. ആകാശവിതാനത്തിലെ പറവകളിലും, ജലപ്പരപ്പിലെ മത്സ്യങ്ങളിലും, കുന്നുകളിലും താഴ്വാരങ്ങളിലും,  സസ്യലതാദികളിലും,  പുല്‍പ്പരപ്പും പൂമരത്തിലും പുഷ്പങ്ങളിലുമെല്ലാം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. അവയുടെ രൂപത്തിലും ഭാവത്തിലും വര്‍ണ്ണങ്ങളിലുമെല്ലാം എന്തെല്ലാം വ്യത്യാസങ്ങളാണ് നാം കാണുത്ത്.  സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കത്തക്ക വിധത്തില്‍ മഹത്തമവും ശ്രേഷ്ഠവും, നമ്മെ ആശ്ചര്യപ്പെടുത്തുന്നതുമാണ് അവിടുത്തെ സൃഷ്ടിയുടെ മാഹാത്മ്യം! സങ്കീര്‍ത്തകനോടൊപ്പം നമുക്ക് പ്രഘോഷിക്കാതിരിക്കാനാകുമോ? !  “ദൈവമേ, അങ്ങ് എത്ര മഹോന്നതനാണ്!” (സങ്കീര്‍ത്തനം 8, 1).

Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക!
 അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
 നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നൂ
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു.

സങ്കീര്‍ത്തകന്‍ പദങ്ങളിലൂടെ പ്രഘോഷിക്കുന്നത്, ദൈവത്തിന്‍റെ അനുഗ്രഹങ്ങളെയാണ്. വരികള്‍ (12-20)  വിളിച്ചോതുന്നത് ഐശ്വര്യവും സമ്പന്നതയും,  വിളയും സമൃദ്ധിയും  തരുന്ന ദൈവത്തെയാണ്. അവിടുത്തെ വചനം, കല്പന, ഒരു സന്ദേശവാഹകനെപ്പോലെ വന്ന്  മഞ്ഞുപെയ്യിക്കുകയും, ആലിപ്പഴം വിതറുകയും ജലാശയങ്ങളെ ഘനീഭവിപ്പിക്കുകയും, കാറ്റ് വിതയ്ക്കുകയും, മഞ്ഞ് ഉരുക്കുകയും ചെയ്യുന്നു. സൃഷ്ടിക്കുവാന്‍ കെല്പുള്ള അവിടുത്തെ കരുത്ത് പ്രഘോഷിച്ചശേഷം, ഗായകന്‍ ദൈവത്തിന്‍റെ സൃഷ്ടിവൈഭവത്തിലേയ്ക്കാണ്  നമ്മെ നയിക്കുന്നത്. അതുവഴി സൃഷ്ടികളായ നാം ദൈവത്തെ പ്രകീര്‍ത്തിക്കണമെന്ന് സങ്കീര്‍ത്തകന്‍  പഠിക്കുന്നു, സ്ഥാപിക്കുന്നു. 

ലോകത്ത് നാ കാണുന്ന രൂപവ്യത്യാസവും ഭംഗിവ്യത്യാസവുമെല്ലാം ദൈവത്തിന്‍റെ സൃഷ്ടിവൈവിദ്ധ്യത്തിന്‍റെ ഭാഗമാണ്.  അവയുടെ സൃഷ്ടിയും, ഓരോന്നിന്‍റെയും തിരഞ്ഞെടുപ്പും, സ്രാഷ്ടാവിന്‍റേതാണ്! ഈ അടിസ്ഥാന വീക്ഷണം നമുക്കുണ്ടെങ്കില്‍ നാം ഒരിക്കലും താരതമ്യപ്പെടുത്തലുകള്‍ക്കോ, വിവേചനത്തിനോ, വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കോ  ജീവിതത്തില്‍ ഇടംകൊടുക്കുകയില്ല. ദൈവം നല്കുന്നതാണ് ഇവയെല്ലാം. ഭംഗിയും നിറവും, വൈവിദ്ധ്യങ്ങളും, കുറവും കൂടുതലും കറുപ്പും വെളുപ്പുമെല്ലാം ദൈവം തരുന്നതാണെന്ന ബോധ്യം നമുക്കുണ്ടാകണം. പ്രകൃതിലുള്ളതുപോലെ തന്നെയാണ്  മനുഷ്യരിലുമുള്ളത്. ഇത്  അംഗീകരിക്കാനായാല്‍,  ജീവിതത്തില്‍ എന്തുകുറവുണ്ടെങ്കിലും, ഏറ്റക്കുറവുകള്‍ ഉണ്ടെങ്കിലും ദൗര്‍ബല്യമുണ്ടെങ്കിലും ദൈവത്തെ സ്തുതിച്ചും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിച്ചും, അവിടുന്നില്‍ പ്രത്യാശയര്‍പ്പിച്ചും.. മുന്നേറാന്‍ . സാധിക്കും... സാധിക്കട്ടെ!  നാം മറ്റുള്ളവരുടെ ഉയര്‍ച്ചയിലോ കഴിവുകൂടുതലിലോ അസൂയപ്പെടേണ്ടതില്ല. ദൈവം നമുക്കു തന്നതില്‍ സംതൃംപതരായി... അതില്‍ ഊന്നി വളരാം, വലുതാകാം... പ്രത്യാശയോടെ അവിടത്തെ സ്തുതിക്കാനും, പ്രകീര്‍ത്തിക്കാം, നന്ദിയര്‍പ്പിക്കാം..!

Musical Version Ps. 147
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക! (2)
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക
സിയോനെ ദൈവത്തെ എന്നും പുകഴ്ത്തുക
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ
അവിടുന്നു ബലപ്പെടുത്തുന്നു.
  - ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക....








All the contents on this site are copyrighted ©.