2018-03-16 18:22:00

“ദൈവത്തിന്‍റെ നാട്ടിലേയ്ക്ക്…” പാപ്പാ ഫ്രാന്‍സിസിനെ ക്ഷണിച്ചു


വത്തിക്കാന്‍ 16 മാര്‍ച്ച് 2018.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ തുറന്നകത്തുമായി സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെ പേരില്‍ മന്ത്രി കടകംപള്ളി പാപ്പാ ഫ്രാന്‍സിസിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചു. കേരളത്തിന്‍റെ വിനോദസഞ്ചാരം, സഹകരണമേഖല, ദേവസ്വം എന്നീ വിഭാഗങ്ങളുടെ ബഹുമാന്യനായ മന്ത്രി, കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത് ബുധനാഴ്ച മാര്‍ച്ച് 14-Ɔο തിയതിയായിരുന്നു. ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് മന്ത്രി കടകംപിള്ളിക്ക് പാപ്പാ ഫ്രാന്‍സിസുമായി സ്വകാര്യകൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയത്.

ബുധനാഴ്ച രാവിലെ 10-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ആരംഭിച്ച പൊതുപ്രഭാഷണത്തിലും ഹ്രസ്വമായ പ്രാര്‍ത്ഥനയിലും മന്ത്രിയും പത്നി, സുലേഖ സുരേന്ദ്രനും സെക്രട്ടറി റോയിയും പങ്കെടുത്തു. പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ മന്ത്രി കടംപിള്ളിയുടെ പക്കലേയക്ക് പാപ്പാ ഫ്രാന്‍സിസ് വരികയാണുണ്ടായത്. ഹ്രസ്വമെങ്കിലു ഹൃദ്യമായിരുന്നു കൂടിക്കാഴ്ച. ആദ്യം കേരളത്തനിമ കാട്ടിയ പൊന്നാരക്കുട ചൂടിയ ചിന്ദനത്തില്‍ തീര്‍ത്ത കുട്ടിക്കൊമ്പനും സുഖന്ധദ്രവ്യങ്ങളുള്ള ചെല്ലവും മന്ത്രിയും പത്നിയും പാപ്പായ്ക്കു സമ്മാനിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ തുറന്ന കത്ത് കൊടുത്തുകൊണ്ട് മന്ത്രി കടകംപള്ളി ജനനേതാവിന്‍റെയും ജാതിഭേദമെന്യേ കേരളത്തിലെ ജനങ്ങളുടെയും പേരില്‍ “ദൈവത്തിന്‍റെ നാട്ടിലേയ്ക്ക്” പാപ്പായെ ക്ഷണിച്ചു. കേന്ദ്രത്തിന്‍റെ ക്ഷണം ഇനിയും ലഭിക്കാനിരിക്കെ, കൊച്ചുകേരളത്തിന്‍റെ ക്ഷണം പാപ്പായെ ആശ്ചര്യപ്പെടുത്തിക്കാണാം.  പുഞ്ചിരിയോടെ സമ്മാനങ്ങളും ക്ഷണക്കത്തും പാപ്പാ ഒന്നൊന്നായി ഏറ്റുവാങ്ങി. മന്ത്രിക്കും പത്നിക്കും കരങ്ങള്‍കൂപ്പി നന്ദിപറഞ്ഞു. ഇരുവരും പാപ്പായെ പ്രണമിച്ച് കരങ്ങള്‍ ചുംബിച്ച് ആശീര്‍വ്വാദം വാങ്ങിയതോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്. ആയിരങ്ങള്‍ നോക്കിനില്ക്കെ കേരളത്തിന്‍റെ ജനപ്രതിനിധിയെ പതിവിലും കൂടുതല്‍ സമയമെടുത്ത് കാണുകയും സംസാരിക്കുകയും ചെയ്തത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി.

മനുഷ്യസ്നേഹിയും ലോകസമാധാനത്തിന്‍റെ പ്രയോക്താവുമായ പാപ്പാ ഫ്രാന്‍സിസിനെ നേരില്‍ക്കാണമെന്ന തന്‍റെ ദൃഢനിശ്ചയവും ആത്മാര്‍ത്ഥമായ ആഗ്രഹവും അതിന്‍റെ പൂര്‍ണ്ണിമയില്‍ എത്തിച്ചതായി വിശ്വസിക്കുന്നെന്ന് മന്ത്രി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോടു പറഞ്ഞു. തനിക്കു ലഭിച്ച രണ്ടു ദിവസത്തില്‍ പാപ്പാ ഫ്രാന്‍സിനെ കാണാനുള്ള ഭാഗ്യം ലഭിച്ചതൊടൊപ്പം വത്തിക്കാന്‍ മ്യൂസിയം, സിസ്റ്റൈന്‍ ചാപ്പല്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക, കൊളോസിയം, പാന്തെയോണ്‍, മേജര്‍ ബസിലിക്കകള്‍ എന്നിയും, റോമിന്‍റെ പുരാതനമായ വാസ്തുചാതുരിയും കണ്ടാസ്വദിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും മന്ത്രി കടകംപിള്ളി പങ്കുവച്ചു.

ബെര്‍ളിന്‍ വഴി മാര്‍ച്ച് 12-നാണ് മന്ത്രി കടകംപള്ളിയും പത്നിയും റോമിലെത്തിയത്. 15-Ɔο തിയതി വ്യാഴാഴ്ച മിലാനിലെ ടൂറിസം പരിപാടികളില്‍ പങ്കെടുത്ത് 16-‍Ɔο തിയതി വെള്ളിയാഴ്ച ഉച്ചതരിഞ്ഞ് മിലാന്‍വഴി നാട്ടിലേയ്ക്കു മടങ്ങി.








All the contents on this site are copyrighted ©.