2018-03-16 15:22:00

പാദ്രെ പിയോയുടെ പുണ്യഗേഹത്തിലേയ്ക്ക്


പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയസന്ദര്‍ശനം – മാര്‍ച്ച് 17 ശനിയാഴ്ച.

വിശുദ്ധന്‍റെ  50-Ɔο ചരമവര്‍ഷികവും പഞ്ചക്ഷതധാരണത്തിന്‍റെ 100-Ɔο വാര്‍ഷികവും

മാര്‍ച്ച് 17-‍Ɔο തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് കപ്പൂച്ചിന്‍ വൈദികനും പഞ്ചക്ഷത ധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ (1887-1968) പുണ്യഭൂമി പിയത്രെല്‍ചെയ്നയും സാന്‍ ജൊവാന്നി റൊത്തോന്തോയും സന്ദര്‍ശിക്കുന്നത്. റോമാ നഗരത്തില്‍നിന്നും 400 കി.മി. അകലെ ഇറ്റലിയുടെ തെക്കു പടിഞ്ഞാറന്‍ പൂളിയ പ്രദേശത്തുള്ള ഫ്രാന്‍സിസ്ക്കന്‍ കേന്ദ്രങ്ങളിലേയ്ക്കുമാണ് പാപ്പാ ഫ്രാന്‍സിസ് ഏകദിന സന്ദര്‍ശനം നടത്തുന്നത്.

പാദ്രെ പിയോയുടെ പുണ്യഗേഹമായ പിയത്രെല്‍ചെയ്നയും, വിശുദ്ധന്‍റെ പൂജ്യശേഷിപ്പുകളുടെ തീര്‍ത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്ന സാന്‍ജൊവാന്നി റൊത്തോന്തോയും പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും. രണ്ട് വ്യത്യസ്ഥ രൂപതകളിലാണ് അവ സ്ഥിതിചെയ്യുന്നത്. ബെനെവെന്തോ രൂപതയിലാണ് പിയത്രെല്‍ചെയ്ന, മാഫ്രെദോണേ-വിയെസ്താ രൂപതിയിലുമാണ് സാന്‍ ജൊവാന്നി റൊത്തോന്തോ. വിശുദ്ധന്‍റെ ജീവിതത്തിന്‍റെ അവസാനകാലഘട്ടത്തിലെ (1916-1968)  പ്രേഷിതപ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായ രണ്ടു ചെറുപട്ടണങ്ങളാണിവ.

ആദ്യം പിയത്രെല്‍ചെയ്നയില്‍
വത്തിക്കാനില്‍നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആദ്യം പിയത്രെല്‍ചെയ്നയില്‍ ശനിയാഴ്ച രാവിലെ പ്രാദേശികസമയം 8 മണിക്ക് പാപ്പാ  ഫ്രാന്‍സിസ്  എത്തിച്ചേരും. അവിടെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ നാമത്തിലുള്ള ദേവാലയം സന്ദര്‍ശിച്ച് സ്ഥലത്തെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കപ്പൂച്ചിന്‍ ആശ്രമത്തിലെത്തി സന്ന്യസ്തരുമായും നേര്‍ക്കാഴ്ച നടത്തും.

സാന്‍ ജൊവാന്നി റൊത്തോന്തോയില്‍
തുടര്‍ന്ന് 130 കി.മി. സഞ്ചരിച്ച് സാന്‍ ജൊവാന്നി റൊത്തോന്തോയില്‍ രാവിലെ 9.30-ന് പാപ്പാ എത്തിച്ചേരും. ആദ്യ പരിപാടി അവിടെയുള്ള “സാന്ത്വനഭവനം”  ആശുപത്രി സന്ദര്‍ശനമാണ്  (Casa Sollievo della Sofferenza). ആശുപത്രിയുടെ ഉമ്മറത്തു സംഗമിക്കുന്ന രോഗികളെ കണ്ട് ആശീര്‍വ്വദിച്ച്, അവര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചശേഷം, അവിടെ കുട്ടികളുടെ ചികിത്സാ വിഭാഗം പാപ്പാ പ്രത്യേകമായി സന്ദര്‍ശിക്കും. തുടര്‍ന്ന് അവിടെയുള്ള മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തുന്ന പാപ്പാ, കപ്പൂച്ചില്‍ സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുര്‍ന്ന് പാദ്രെ പിയോയുടെ പൂജ്യദേഹവും പഞ്ചക്ഷതങ്ങളുടെ ക്രൂശിതരൂപത്തിനു മുന്‍പിലും പാപ്പാ ഫ്രാന്‍സിസ് മൗനമായി പ്രാര്‍ത്ഥിക്കും.

പ്രാദേശിക സമയം 10.30-ന് പാപ്പാ ഫ്രാന്‍സിസ് പാദ്രേ പിയോയുടെ നാമത്തിലുള്ള പുതിയ ദേവാലയാംഗണത്തില്‍ വിശ്വാസസമൂഹത്തോടൊപ്പം സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. സമൂഹബലിയര്‍പ്പണത്തോടെയാണ് ഏകദിനസന്ദര്‍ശനം സമാപിക്കുന്നത്. തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ മടക്കയാത്ര ചെയ്യുന്ന പാപ്പാ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വത്തിക്കാനില്‍ എത്തിച്ചേരും.








All the contents on this site are copyrighted ©.