2018-03-15 19:07:00

കമ്പനി വിറ്റ് കാശുണ്ടാക്കുന്ന കാര്യസ്ഥന്മാരുമുണ്ടത്രെ!


പാപ്പാ ഫ്രാന്‍സിസിന്‍റെ വചനസമീക്ഷ – 15 മാര്‍ച്ച് 2018.
പുറപ്പാട് 32, 7-14, യോഹ. 5, 31-47.

ക്ഷമയും ധൈര്യവും പ്രാര്‍ത്ഥനയുടെ പ്രത്യേകതകളാകണമെന്ന് പാപ്പാ ഫ്രാന്‍സിസ്. മാര്‍ച്ച് 15-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ വിശ്വാസികള്‍ ക്ഷമയോടും ധൈര്യത്തോടുംകൂടെ പ്രാര്‍ത്ഥിക്കണം. പുറപ്പാടു ഗ്രന്ഥത്തിലെ ആദ്യവായനയില്‍ ജനങ്ങളുടെ വിശ്വാസരാഹിത്യം കണ്ട് ദൈവം മോശയ്ക്കു നല്കിയ പ്രബോധനം വിവരിക്കുന്ന വചനഭാഗത്തെ ആധാരമാക്കിയാണ് (പുറപ്പാട് 32, 7-14) പാപ്പാ ചിന്ത പങ്കുവച്ചത്.

1. ദൈവത്തിന് പ്രീതികരമാകുന്ന നേരായ വഴികള്‍
ജീവിക്കുന്ന ദൈവത്തിന്‍റെ മഹത്വം കൈവെടിഞ്ഞ് കാളക്കുട്ടിയെ ആരാധിക്കാന്‍ ധൈര്യപ്പെട്ട ജനത്തോടുള്ള ക്രോധത്തില്‍നിന്നും ദൈവത്തിന്‍റെ വിചാരങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന മോശയെയാണ് നാം വചനഭാഗത്തു കാണുന്നത്. ദൈവസന്നിധിയില്‍ യാചിക്കുമ്പോഴും സംവദിക്കുമ്പോഴും അഗാധമായ ക്ഷമയും ധൈര്യവുമുള്ള പ്രവാചകനാണ് മോശ. ഈജിപ്തിലെ അടമത്തത്തില്‍നിന്നും മോചിക്കുകയും, അബ്രാഹത്തെയും ഇസഹാക്കിനെയും ജനത്തെയും നയിക്കുകയും വളര്‍ത്തുകയും ചെയ്ത യാഹ്വേയുടെ അപരിമേയമായ സ്നേഹവും പരിപാലനയും പോലെ, ഈ വഴിതെറ്റിയ ജനത്തോടും കാണിക്കേണ്ട കാരുണ്യത്തെപ്രതി മോശ ദൈവത്തോട് ആവര്‍ത്തിച്ചു യാചിക്കുന്നു. ദൈവത്തോടുള്ള മുഖാമുഖം സംഭാഷണത്തില്‍ തന്‍റെ ജനത്തെക്കുറിച്ചുള്ള മോശയുടെ ആകുലതയും അവരോടുള്ള ആര്‍ദ്രമായ വാത്സല്യവും തെളിഞ്ഞുകാണാം.

സത്യം പറയാന്‍ മടിക്കാത്ത മോശ, ഒരിക്കലും ഒളിച്ചുകളിക്കുന്നില്ല. തന്‍റെ മനഃസാക്ഷിയെ വില്ക്കാന്‍ മോശ സന്നദ്ധനായിരുന്നില്ലെന്നത് സംഭാഷത്തിന്‍റെ സാഹചര്യങ്ങളില്‍നിന്നും മനസ്സിലാക്കാം. മോശയുടെ സുതാര്യതയുള്ള  ക്ഷമയും, ദൈവസന്നിധിയില്‍ എളിമയോടെ നില്ക്കാനുള്ള ധൈര്യവും അവിടുന്ന് ഇഷ്ടപ്പെടുന്നു. അത് അവിടുന്ന് കൈക്കൊള്ളുന്നു. അങ്ങനെ യാഹ്വേയുടെ മുന്നില്‍ നിരന്തരമായി തന്‍റെ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും മാദ്ധ്യസ്ഥ്യം വഹിക്കുകയുംചെയ്യുന്ന മോശയുടെ പ്രാര്‍ത്ഥനയാണ് ദൈവം ശ്രവിക്കുന്നത്.

2. പ്രാര്‍ത്ഥനയ്ക്ക് ക്ഷമയും സ്ഥിരതയും ആവശ്യം
മദ്ധ്യസ്ഥന്‍ കൈക്കൂലി വാങ്ങുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളു‌‌ടെകൂടെ നില്ക്കുന്നു. ക്ഷമയോടെ ദൈവത്തോട് അവര്‍ക്കുവേണ്ടി സയുക്തം വാദിക്കാനും സംവദിക്കാനുമുള്ള പ്രശാന്തതയും ധൈര്യവും ദൈവത്തിന് പ്രീതിജനകമാകുന്ന മോശയുടെ സ്വഭാവവിഷേഷത തന്നെയാണ്. ഒരാള്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ സവിശേഷ ഗുണമായിരിക്കണം ക്ഷമ. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ - ഇങ്ങനെ ഒരു ചെറിയ പ്രാര്‍ത്ഥന ചൊല്ലി അവസാനിപ്പിക്കുന്നതല്ല മദ്ധ്യസ്ഥപ്രാര്‍ത്ഥന. ആയാള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുന്നെങ്കില്‍ അത് ക്ഷമയോടെ തുടരേണ്ടതാണ്!

സാധാരണ സാമൂഹ്യചുറ്റുപാടില്‍ ഇന്ന് കമ്പനി വിറ്റ് നേട്ടമുണ്ടാക്കുന്ന കാര്യസ്ഥന്മാരുണ്ടല്ലോ! അവര്‍ സ്വന്തം നേട്ടത്തിനും ലാഭത്തിനുവേണ്ടി കൈക്കൂലിയും അഴിമതിയും ഉപാധിയാക്കുന്നു. മോശയെന്ന നേതാവിലും കാര്യസ്ഥനിലും കാണുന്ന വിശ്വസ്തതയും, നിസ്വാര്‍ത്ഥതയും സ്ഥിരതയും അനുപമമാണ്! നാമിന്ന് മാതൃകയാക്കേണ്ടതാണ്. ഇതുപോലെ സുസ്ഥിരതയുള്ളവരുടെയും, ക്ഷമയോടെ ദൈവികവഴികളില്‍ ചരിക്കുന്നവരുടെയും എത്രോയോ മാതൃകകള്‍ വിശുദ്ധഗ്രന്ഥത്തില്‍ നമുക്ക് കാണാം. കാനാനയക്കാരി സ്ത്രീയും ജെറീക്കോയിലെ കുരുടനുമെല്ലാം മുട്ടിപ്പായ പ്രാര്‍ത്ഥനയുടെ പുതിയ നിയമത്തിലെ മാതൃകകളാണ്.

3. പ്രാര്‍ത്ഥനയില്‍ ഹൃദ്യമായി   മുഴുകുന്ന മദ്ധ്യസ്ഥന്‍
മദ്ധ്യസ്ഥ പ്രാര്‍ത്ഥനയക്ക് അങ്ങനെ ധൈര്യവും ക്ഷമയും ആവശ്യമാണ്. ദൈവം യാചന കേള്‍ക്കാന്‍ ഞാന്‍ നിരന്തരമായി പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ ഹൃദയകവാടത്തില്‍ ഞാന്‍ മുട്ടിക്കൊണ്ടിരിക്കുന്നു. കാരണം ഞാന്‍ ആവശ്യത്തില്‍ ഹൃദ്യമായി മുഴുകിയിരിക്കുന്നു. അങ്ങനെ യഥാര്‍ത്ഥ മദ്ധ്യസ്ഥന്‍റെ ജീവിതം ത്യാഗപൂര്‍ണ്ണവും നിലയ്ക്കാത്തതുമായ തപശ്ചര്യയാണ്. ഇങ്ങനെയൊരു ജീവിത സമര്‍പ്പണത്തിന് ദൈവം നമുക്ക് കൃപ നല്കട്ടെ! ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ അവിടുത്തെ തിരുസന്നിധിയില്‍ നമുക്കെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും, മാദ്ധ്യസ്ഥം യാചിക്കാനും  നമ്മെ ദൈവം സഹായിക്കട്ടെ!








All the contents on this site are copyrighted ©.