2018-03-14 20:04:00

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍


പാപ്പാ ഫ്രാന്‍സിസുമായി മന്ത്രി കടകംപള്ളി കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ വിനോദസഞ്ചാരം, സഹകരണപ്രസ്ഥാനം, ദേവസ്വം മേഖലകളുടെ ബഹുമാന്യനായ മന്ത്രി, കടകംപള്ളി സുരേന്ദ്രന്‍ പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തി. മാര്‍ച്ച് 14-Ɔο തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേദിയില്‍വച്ചാണ് പാപ്പാ ഫ്രാന്‍സിസുമായി മന്ത്രി സുരേന്ദ്രന്‍ നേര്‍ക്കാഴ്ച നടത്തിയത്.

വിശിഷ്ടാതിഥികള്‍ക്കുള്ള വേദിയിലെ മുന്‍പന്തിയില്‍ ഉപവിഷ്ടനായിരുന്ന അദ്ദേഹത്തിന് പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസുമായി അടുത്തു കാണാനും സംസാരിക്കുവാനും സാധിച്ചത് അനുഗ്രഹമായി കാണുന്നുവെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി സുരേന്ദ്രന്‍ പറഞ്ഞു. മനുഷ്യകുലത്തോട്, വിശിഷ്യ സാധാരണക്കാരും പാവങ്ങളുമായവരോട് ഇത്രയേറെ പ്രതിബദ്ധതയുള്ള പാപ്പാ ഫ്രാന്‍സിസിനെ കേരളത്തിലേയ്ക്ക് ക്ഷണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത് നേരിട്ടു കൊടുക്കാന്‍ സാധിച്ചതിലുള്ള ചാര്‍താര്‍ത്ഥ്യവും മന്ത്രി സുരേന്ദ്രന്‍ പ്രകടമാക്കി.

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സാമൂഹികവും ആത്മീയവുമായ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കാന്‍ നമുക്കു സാധിച്ചാല്‍ സമൂഹത്തില്‍ സമാധാനം കൈവരിക്കാനും, പ്രത്യേകിച്ച് കേരളസഭ ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനും സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വിനോദസഞ്ചാരവും പരിസ്ഥിതിയുടെ സുസ്ഥിതയും, സഹകരണമേഖലയില്‍ കേരളം കൈവരിക്കുന്ന സാമ്പത്തിക സാംസ്ക്കാരിക കാര്‍ഷിക നവമായ പദ്ധതികളുടെ നേട്ടങ്ങള്‍, ദേവസ്ഥാനങ്ങളില്‍ പാരിസ്ഥിതിക പരിശുദ്ധി നിലനിര്‍ത്തുനുള്ള നീക്കങ്ങള്‍ എന്നിവ  കേന്ദ്രീകരിച്ച് വത്തിക്കാന്‍ റേഡിയോയുടെ മലയാള വിഭാഗത്തിന് മന്ത്രി കടകംപള്ളി അഭിമുഖം നല്കുകയുമുണ്ടായി.








All the contents on this site are copyrighted ©.