2018-03-13 14:30:00

“ഫ്രാന്‍സീസ് പാപ്പായുടേത് ആഴമേറിയ ദൈവശാസ്ത്രം”: ബെനഡിക്ട് പാപ്പാ


 “ഫ്രാന്‍സീസ് പാപ്പായുടെ ദൈവശാസ്ത്രം” എന്ന പുസ്തകസമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച്, ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍. ദാരിയോ വിഗണോയ്ക്ക്, മാര്‍ച്ചു പന്ത്രണ്ടാം തീയതി  നല്‍കിയ കത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത്.  ലിബ്രേറിയ എദിത്രീച്ചേ വത്തിക്കാന (LIBRERIA EDITRICE VATICANA), എന്ന വത്തിക്കാന്‍ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കുന്ന ഈ 11 വാല്യങ്ങള്‍ ഫ്രാന്‍സീസ് പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ അഞ്ചാം വാര്‍ഷികത്തില്‍, മാര്‍ച്ച് 13-ാം തീയതി പ്രകാശനം ചെയ്തു. 

“ഈ സംരംഭം അഭിനന്ദനാര്‍ഹമാണ്, തത്വശാസ്ത്ര-ദൈവശാസ്ത്ര ചിന്തകളുടെ അഭാവമുള്ള പ്രായോഗികതയുടെ മനുഷ്യനാണ് ഫ്രാന്‍സീസ് പാപ്പാ എന്നും, ഇന്നത്തെ ക്രൈസ്തവര്‍ നേരിടുന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് അറിവില്ലാത്ത ദൈവശാസ്ത്രപരമായ ആശയവാദിയാണ് താനെന്നും മുന്‍വിധി നടത്തുന്നവരോടു പ്രതികരിക്കുന്നതിന് ഇതുപകരിക്കും…”. ആഗോള പ്രശസ്തരായവര്‍ എഴുതിയതും, ഇറ്റാലിയന്‍ തിയോളജിക്കല്‍ അസ്സോസിയേഷന്‍ പ്രസിഡന്‍റ് ദോണ്‍ റോബെര്‍തോ റെപ്പോളെ എ‍ഡിറ്റു ചെയ്തതുമായ പതിനൊന്നു പുസ്തകങ്ങള്‍ സമ്മാനമായി സ്വീകരിച്ച എമരിറ്റസ് പാപ്പാ തുടരുന്നു : "ഈ വാല്യങ്ങള്‍, വെളിവാക്കുന്നത്, ഫ്രാന്‍സീസ് പാപ്പാ തത്വശാസ്ത്ര-ദൈവ ശാസ്ത്ര വിഷയങ്ങളില്‍ ആഴമായ അടിസ്ഥാനമുറപ്പിച്ച ഒരു വ്യക്തിയാണെന്നാണ്.  ശൈലിയിലും സ്വഭാവത്തിലും ഉള്ള എല്ലാ വ്യത്യാസങ്ങളോടും കൂടിത്തന്നെ, പരാമാചാര്യത്വത്തിന്‍റെ ഈ രണ്ടു കാലഘട്ടങ്ങളുടെയും ആന്തരിക തുടര്‍ച്ച കാണാന്‍ കഴിയും".

ഈ ഗ്രന്ഥസമാഹാരത്തിന്‍റെ  യൂറോപ്യന്‍ ഭാഷകളിലുള്ള തര്‍ജമകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടുകഴിഞ്ഞുവെന്ന്, ലിബ്രേറിയ എദിത്രീച്ചെ വത്തിക്കാനയുടെ മാനേജര്‍ ബ്ര. ജൂലിയോ ചെസാരെയോ അറിയിച്ചു.








All the contents on this site are copyrighted ©.