2018-03-11 18:03:00

ധൂര്‍ത്തപുത്രന്‍റെ കഥ : മനുഷ്യജീവിതത്തിന്‍റെ കണ്ണാടി


ലൂക്ക 15, 11-32മര്‍ക്കോസ് 2, 13-17.
സുവിശേഷക്കഥയെ ആധാരമാക്കിയ ചിന്താമലരുകള്‍


1. സുവിശേഷക്കഥയുടെ  പശ്ചാത്തലം
യേശു വീണ്ടും ഗലീലിയയിലേയ്ക്കു പോയി. വലിയ ജനക്കൂട്ടം അവിടുത്തെ അനുഗമിച്ചു. അവിടുന്ന് അവരെ പഠിപ്പിച്ചു. ഈശോ പിന്നെയും കടന്നുപോകവെ ഹെല്‍ബെയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അയാളോടു ഈശോ പറഞ്ഞു.
  “ലേവീ, ലേവീ... എന്നെ അനുഗമിക്കുക!
അയാള്‍ എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു.
ഈശോ ആ രാത്രിയില്‍ ലേവിയുടെ വീട്ടില്‍ ആതിഥ്യം സ്വീകരിച്ചു.. ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവിടുത്തെയും ശിഷ്യരുടെയുംകൂടെ പന്തിയിലിരുന്നു. കാരണം നിരവധിപേര്‍ അവിടുത്തെ അനുഗമിക്കുന്നുണ്ടായിരുന്നു. അവിടുന്നു പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പ്പെട്ട ചില നിയമജ്ഞര്‍ ശിഷ്യന്മാരോടു ചോദിച്ചു.
  “നിങ്ങളുടെ ഗുരു ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്താണ്?”
ഇതു കേട്ട് യേശു പറഞ്ഞു.
“ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിന്മാരെയല്ല,
പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.”
വിരുന്നിനിരുന്നവരില്‍ അധികം പേര്‍ക്കും ഭക്ഷിക്കുന്നതിനെക്കാള്‍ ഈശോയെ ശ്രവിക്കാനായിരുന്നു താല്പര്യം. ഇതു മനസ്സിലാക്കി, അവിടുന്ന് എഴുന്നേറ്റ് വാതില്‍പ്പടിയില്‍ ചെന്നിരുന്നു. അവിടെയിരുന്നു സംസാരിച്ചാല്‍ അകത്തും പുറത്തുമുള്ളവര്‍ക്ക് തന്നെ കേള്‍ക്കാമല്ലോ! അവിടുന്ന് അവരോട് ഒരു കഥ പറഞ്ഞു (ലൂക്കാ 15, 11-24):

2. ഈശോ പറഞ്ഞ ഹൃദയസ്പര്‍ശിയായ കഥ
  “ഒരു ധനവാന് രണ്ടു മക്കളുണ്ടായിരുന്നു. ഇളയവന്‍ പിതാവില്‍നിന്നും തന്‍റെ അവകാശവുമെല്ലാം വാങ്ങി നാടുവിട്ടു. കുത്തഴിഞ്ഞ ജീവിതത്തിലൂടെ സ്വത്തെല്ലാം ധൂര്‍ത്തടിച്ചു. അവസാനം കയ്യില്‍ ചില്ലിക്കാശുപോലും ഇല്ലാതായി. അതിനിടയില്‍ വലിയൊരു ക്ഷാമം നാട്ടില്‍ വന്നുകൂടി. എങ്ങനെയും വിശപ്പടക്കണം. അവന്‍ പന്നികളെ മേയ്ക്കുന്ന ജോലിക്കുപോയി. പന്നികള്‍ക്കുള്ള തവിടുകൊണ്ട് വിശപ്പടാക്കാമെന്നു വിചാരിച്ചു. പക്ഷെ അവന് അതുപോലും കിട്ടിയിരുന്നില്ല. അപ്പോഴായിരുന്നു ബോധോദയം ഉണ്ടായത്. തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ വേലക്കാര്‍പോലും സുഭിക്ഷമായി ആഹാരം കഴിക്കുന്നു. താനിവിടെ പട്ടിണിമൂലം വലയുന്നു. അവന്‍ എഴുന്നേറ്റ് വീട്ടിലേയ്ക്കു മടങ്ങി.”

 “മകനെ കാത്തു ജീവിച്ച ആ പിതാവ്,  ഒരു ദിവസം ദൂരെനിന്നുതന്നെ  അവന്‍ വരുന്നതു കണ്ടു. അയാല്‍ ഓടിവന്ന് മകനെ കെട്ടിപ്പുണര്‍ന്നു. അയാള്‍ തന്‍റെ വേലക്കാരോടു പറഞ്ഞു.
"മരിച്ചുപോയ എന്‍റെ മകന്‍ ഇതാ, പുനര്‍ജനിച്ചിരിക്കുന്നു. ഇവനെ പുത്തനുടുപ്പ് ധരിപ്പിക്കുവിന്‍. കയ്യില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ അറുത്ത് നമുക്കിവന്‍റെ തിരിച്ചുവരവ് ആഘോഷിക്കാം!”

കൂട്ടത്തില്‍നിന്നും അപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്നു, നെഞ്ചത്ത് അടിച്ചുകൊണ്ട് പറഞ്ഞു.
“ഇതെന്‍റെ കഥയാണ്. എന്‍റെ മാത്രമല്ല, എല്ലാവരുടെയും കഥയാണിത്. ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരുടരെയും കഥായാണിത്!   നമുക്കു തിരിച്ചു പോകണം. പക്ഷെ തിരിച്ചു ചെന്നാല്‍ ആരെങ്കിലും നമുക്കായ് കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കുമോ? വേണ്ട,  ആട്ടി ഇറക്കാതിരുന്നാല്‍ മതി! ”

അപ്പോള്‍ വെയിലാറി... വയലിലായിരുന്ന മൂത്തമകന്‍ വന്നു. അകത്ത് പാട്ടും കൂത്തും കേട്ടു. കാര്യം അന്വേഷിച്ചപ്പോള്‍ അവന്‍ പിതാവിനോട് കയര്‍ത്തു.
“ഞാന്‍ എല്ലു നുറുങ്ങി പണിയെടുക്കുന്നു. പറയുന്നതെന്തും അനുസരിക്കുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു? ഇന്നോളം കൂട്ടുകാരുമായി ഉല്ലസിക്കാന്‍ എനിക്കൊരു ആട്ടിന്‍കുട്ടിയെ  എന്നെങ്കിലും തന്നിട്ടുണ്ടോ?”

അപ്പോള്‍ പിതാവ് അവനോട് പറഞ്ഞു.
“മകനേ, നീ എന്നും എന്‍റെ കൂടെയുണ്ട്. എനിക്കുള്ളതെല്ലാം നിന്‍റെതാണ്. എന്നാല്‍ നിന്‍റെ സഹോദരന്‍ നമുക്ക് നഷ്ടപ്പെട്ടവനായിരിരുന്നു. ഇപ്പോള്‍ തിരിച്ചു കിട്ടിയിരിക്കുന്നു. ഇത് ആഘോഷത്തിന്‍റെ ദിവസമാണ്!”

3. സുവിശേഷക്കഥ ഒരു കണ്ണാടിയാണ്
നമ്മുടെ ആന്തരികതയുടെ പ്രതിഫലനം അതില്‍ കാണാം. നമ്മോടു തന്നെയും മറ്റുള്ളവരോടുമുള്ള ബന്ധപ്പെടലിന്‍റെ പ്രത്യാഘാതങ്ങളും, നാം ആരായിരിക്കണം, ആരായിരിക്കരുത്, പിന്നെ നാം എപ്രകാരം ദൈവത്തെ സമീപിക്കണം, ദൈവത്തില്‍നിന്നും നാം എങ്ങനെ അകന്നുപോകുന്നു എന്നെല്ലാം ഈ കഥയുടെ കണ്ണാടിയിലൂടെ പഠിക്കാം. മനുഷ്യബന്ധങ്ങളുടെ ഒരു ത്രികോണമാനം – വ്യക്തി, ദൈവം, ലോകം എന്നിവ ക്രിസ്തു ഈ കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുന്നു. നമുക്കു കാണിച്ചുതരുന്നു.

4. മനുഷ്യബന്ധങ്ങളുടെ നിര്‍ണ്ണായ തലങ്ങള്‍
കഥയുടെ കേന്ദ്രസ്ഥാനത്ത് യുവാവായ പുത്രന്‍ നില്ക്കുന്നുവെങ്കിലും നാം അവനില്‍ കുടിങ്ങിപ്പോകേണ്ടതില്ല. തീര്‍ച്ചയായും അവന്‍ മുഖ്യകഥാപാത്രമാണെങ്കിലും ഇതില്‍ ക്രിസ്തു മെനഞ്ഞെടുക്കുന്ന പരസ്പരബന്ധത്തിന്‍റെ സന്ദേശമാണ് നാം ശ്രദ്ധിക്കേണ്ടത്. അവിടെ നമുക്ക് നമ്മുടെതന്നെ വ്യക്തിത്വത്തിന്‍റെ ബാഹ്യവും ആന്തരികവുമായ ഭാവങ്ങള്‍ നിഴലിക്കുന്നതു കാണാനാകും. അങ്ങനെ ക്രിസ്തു നല്കുന്ന മനുഷ്യബന്ധങ്ങളുടെ നിര്‍ണ്ണായകമായ തലങ്ങളുടെ ഉള്‍ക്കാഴ്ച മനസ്സിലാക്കി, അതില്‍ നമ്മുടെയും വ്യക്തിചരിത്രം കണ്ടെത്താനാണ് പരിശ്രമിക്കേണ്ടത്. 

അതിനാല്‍ ധൂര്‍ത്തപുത്രന്‍റെ കഥയെന്ന് എല്ലാവരും വിളിക്കുന്ന ഈ മുഖക്കണ്ണാടിയില്‍ നമ്മെ ഓരോരുത്തരെയും ഉള്‍ച്ചേര്‍ത്തിരിക്കുന്ന അല്ലെങ്കില്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യകുടുംബത്തിന്‍റെ വ്യക്തമായ ചിത്രമാണ് നാം കാണേണ്ടത്. സംഘര്‍ഷപൂര്‍ണ്ണമായ സഹോദരബന്ധവും, പിതൃ-പുതൃ ബന്ധത്തിന്‍റെ ലോലവും കരുണാര്‍ദ്രവുമാകുന്ന ഊഷ്മളതയും  മെനഞ്ഞെടുത്തിരിക്കുന്നത് സുവിശേഷക്കഥയുടെ ആത്മീയ കണ്ണാടിയില്‍ തെളിഞ്ഞു കാണാം. അങ്ങനെ നമ്മെ ആന്തരികമായി പിടിച്ചുകുലുക്കുന്ന ക്രിസ്തുവിന്‍റെ ഉപമയാണ് ധൂര്‍ത്തപുത്രന്‍!

5. പാളിപ്പോകുന്ന  ചുവടുവെയ്പ്പുകള്‍
ഒരു യുവാവിന്‍റെ സ്വാതന്ത്ര്യത്തിനുള്ള അഭിവാഞ്ഛ, മിഥ്യയായ വ്യാമോഹങ്ങള്‍, പാളിപ്പോയ മനുഷ്യന്‍റെ ചുവടുകള്‍, സര്‍വ്വാധീശത്തിന്‍റെ വ്യാമോഹം, മോഹവും മോഹഭംഗവും യാഥാര്‍ത്ഥ്യവും അയാഥാര്‍ത്ഥ്യമായതും തമ്മില്‍ തുലനംചെയ്ത് സമരസപ്പെടാനുള്ള കഴിവുകേട്... എന്നിവയെല്ലാം ഈ കണ്ണാടിയിലൂടെ നമുക്കും കാണാവുന്നതാണ്. ആര്‍ക്കും പ്രവചനീയമായതുപോലെ...പൊള്ളയായ വ്യാമോഹങ്ങളും അതു കാരണമാക്കിയ ഒറ്റപ്പെടലും കുടുംബത്തിലെ ഏറ്റവും ഇളയപുത്രനെ ഒരു വ്രണിതാവസ്ഥയിലെത്തിക്കുന്നു. പിന്നെ അത് മാനസാന്തരത്തിനും നവജീവനുമുള്ള തു‌ടക്കമായി പരിണമിക്കുകയും ചെയ്യുന്നു.....!

6. അകന്നു പോകാനുള്ള പ്രവണത
എല്ലാ മനുഷ്യരിലും രൂഢമൂലമാണിത്. സാഹചര്യങ്ങള്‍ വരുമ്പോള്‍ അത് പെട്ടന്നു സംഭവിക്കുന്നെന്നു മാത്രം. ഇന്നിന്‍റെ കാലഘട്ടവും ജീവിതചുറ്റുപാടുകളും അകലാനുള്ള പ്രലോഭനത്തെ ത്വരിതപ്പെടുത്തുന്നതാണ്. പഴയതുപോലുള്ള കുടുംബബന്ധങ്ങളും കൂട്ടുകുടുംബങ്ങളും ഇല്ലാതായിട്ടുണ്ട്. ആധുനീകതയുടെ ആവശ്യങ്ങള്‍ മക്കളെയും മാതാപിതാക്കളെയും അതിവേഗം അകറ്റുന്നു. പഠനവും തൊഴിലും സാങ്കേതിക പുരോഗതിയുമെല്ലാം അത് കാരണമാക്കുന്നു. കലാവസ്ഥാക്കെടുതിയും പ്രകൃതിക്ഷോഭങ്ങളും ഒരുവശത്ത് നാടുവിട്ടുപോകാന്‍ കാരമണാക്കുമ്പോള്‍, യുദ്ധവും കലാപങ്ങളും മതമൗലികവാദവും കുടുംബങ്ങളെയും സമൂഹങ്ങളെയും കുടിയിറക്കുന്നു. ഒപ്പം സമ്പത്തിന്‍റെയും തൊഴിലിന്‍റെയും മെച്ചപ്പെട്ട ജീവിതരീതിയുടെയും വ്യാമോഹങ്ങളും നമ്മെ അന്യനാടുകളിലേയ്ക്ക് അകലാനുള്ള പ്രലോഭനങ്ങളില്‍ ആഴ്ത്തുന്നു.
അങ്ങനെ ധൂര്‍ത്തപുത്രനെപ്പോലെ സംതൃപ്തിയുടെ വ്യാമോഹങ്ങള്‍ വിപ്രവാസത്തിന്‍റെ പുറത്തു കടക്കാനാവത്ത നൂലാമലകളി‍ല്‍ മനുഷ്യരെ കുടുക്കിയിടുന്നു. അര്‍ഹിക്കാത്തത് ആഗ്രഹിക്കുന്നതിലാണ് വ്യാമോഹങ്ങള്‍. ധൂര്‍ത്തപുത്രന്‍ സംതൃപ്തി തേടിയത് വ്യാമോഹങ്ങളിലായിരുന്നു.

7. കഥയിലെ മൂത്തപുത്രന്‍
ആസൂയയുടെ മൂര്‍ത്തരൂപമായി നല്ക്കുന്നു അയാള്‍... മൂത്തമകനാണ് പിതാവിനോട് കുടുംബത്തില്‍ പൊതുവെ ചേര്‍ന്നുനില്ക്കുന്നത്. എന്നാല്‍ ഇളയവന്‍ പലകാരണങ്ങളാലും ബന്ധങ്ങളില്‍ അസ്ഥിരത ആന്തരികമായി അനുഭവിക്കുകയും അതു പ്രകടമാക്കുകയുംചെയ്യുന്നു. മൂത്തവന് എന്നാല്‍ ഇപ്പോഴുണ്ടായ വിദ്വേഷത്തിന്‍റെയും ക്രോധത്തിന്‍റെയും വേലിക്കെട്ടില്‍നിന്നു പുറത്തുകടക്കാന്‍ സാധിക്കുന്നില്ല. അയാള്‍ അത് പിതാവിനോട് പ്രകടമാക്കുന്നു.
അയാള്‍ പ്രതിഷേധിച്ച് തിരിച്ചുവരവിന്‍റെ സന്തോഷത്തില്‍ പങ്കെടുക്കാതെ മാറിനില്ക്കുന്നു. അയാള്‍ ചെയ്ത നന്മയ്ക്ക് പ്രതിസമ്മാനം പ്രതീക്ഷിക്കുകയാണ്. എന്നിട്ട് കണക്കു പറയുന്നു.

തിരിച്ചുവന്നവനോട് അനുകമ്പ കാണിക്കാനാവാതെ അയാള്‍ പ്രതികാരത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ബന്ധനത്തിലാഴുകയാണ്. അയാളുടെ പ്രശ്നം സ്നേഹത്തിന്‍റെ ഔദാര്യമില്ലായ്മയാണ്. അത് സ്വാര്‍ത്ഥമോഹത്തിന്‍റെ രോഗാവസ്ഥയുമാണ്. അത് മനുഷ്യന്‍റെ സ്വാര്‍ത്ഥതതയുടെ ആര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന അസൂയയാണ്. അസൂയനിറഞ്ഞ മോഹങ്ങളുടെ മാനസീകാവസ്ഥ അപരനെ വേദനിപ്പിക്കുന്നതും നശീകരണ ഭാവമുള്ളതുമാണ്. എന്നാല്‍ പിതാവിന്‍റെ യുക്തി ഹൃദയസ്പര്‍ശിയാണ്. മകനേ, നീ എപ്പോഴും എന്‍റെ കൂടെയുണ്ടല്ലോ. എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ് (ലൂക്ക 15, 31). എന്നാല്‍ നിന്‍റെ സഹോദരന്‍ മൃതനായിരുന്നു. അവനിപ്പോള്‍ പുതുജീവന്‍ ലഭിച്ചിരിക്കുന്നു. നഷ്ടപ്പെട്ടവനെ
ഇതാ, കണ്ടെത്തിയിരിക്കുന്നു!

8. അസൂയാലുവിനു നല്കിയ വരം
അസൂയക്കാരന്‍ ഒരിക്കല്‍ ദേവതയോടു വരം ചോദിച്ചു. തരുന്ന വരത്തിന്‍റെ ഇരട്ടി അയല്‍ക്കാരനും കൊടുക്കുമെന്ന ഉപാധിയോടെയായിരുന്നു ദേവതയുടെ മറുപടി. അപ്പോള്‍ അസൂയാലു ഖാഢമായി ചിന്തിച്ചു കണ്ടെത്തിയ വരം തന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച ഇല്ലാതാക്കാനായിരുന്നു. അപ്പോള്‍ അയല്‍ക്കാരന്‍റെ രണ്ടു കണ്ണുംപോയി അയാള്‍ കുരുടനാകും എന്നതായിരുന്ന കണക്കൂകൂട്ടല്‍!!

കുടുംബങ്ങളും ജോലിസ്ഥലവും ദേവാലയവുമൊക്കെ മലീമസമാക്കുന്നത് അസൂയയാണ്. ആന്തരികതയെ കാര്‍ന്നു തിന്നുന്നതും മനുഷ്യബന്ധങ്ങളില്‍ ചൂഴ്ന്നിറങ്ങി ശിഥിലമാക്കുന്നതും അസൂയതന്നെ. അപരനെ അതുമൂലം ശത്രുവായി കാണുന്നു. അതിനാല്‍ അസൂയ എവിടെയും ഭിന്നിപ്പുണ്ടാക്കുന്ന വികാരവും, രോഗവുമാണ്. അല്പം പഠിപ്പും ബിരുദവും ഉണ്ടെന്നു നടിച്ച് അസൂയയോടെ മറ്റുള്ളവരുടെ മേല്‍ മെക്കിട്ടുകേറുന്നവര്‍ സമൂഹത്തില്‍ സാധാരണമാണ്. അങ്ങനെ വ്യക്തി ജീവിതത്തിലും പ്രസ്ഥാനങ്ങളിലും ജോലിസ്ഥലത്തുമെല്ലാം സന്തോഷം നശിപ്പിക്കുന്ന വികാരവുമാണ് അസൂയ. അതിനാല്‍ ജീവിതത്തെ ഫലശൂന്യമാക്കി മനുഷ്യരെ ദുഃഖത്തില്‍ ആഴ്ത്തുന്നു.

9. തിരിച്ചുവരവിന്‍റെ ആനന്ദം
ഇതാ, അദ്ദേഹം കരുണയുടെ കേദാരമായി നില്ക്കുന്നു. രണ്ടു മക്കളോടും വ്യത്യസ്തമായി പെരുമാറേണ്ടി വന്നിട്ടും കരുണയും സ്നേഹവും കൈവെടിയുന്നില്ല. ഇളയ മകന്‍റെ ആഗ്രഹത്തിനും സ്വാതന്ത്ര്യത്തിനും പിതാവ് ഇടംനല്ക്കുന്നു. സ്വാതന്ത്ര്യത്തില്‍ തെറ്റിന്‍റെയും വീഴ്ചയുടെയും അപകടം പതിയിരിപ്പുണ്ട്. സ്വാതന്ത്ര്യം തേടി പോയപ്പോള്‍ ഒന്നും ചോദിക്കാതിരുന്ന പിതാവ്, തിരിച്ചെത്തിയപ്പോഴും അതേ യുക്തിയോടെ കരുണകാട്ടി സ്നേഹത്തോടെ സ്വീകരിക്കുന്നു – മകനോട് യുക്തിയൊന്നും പറയുന്നില്ല, ചോദിക്കുന്നില്ല! സുവിശേഷം കുറിക്കുന്ന ചില അടയാളങ്ങളില്‍ ആ മടങ്ങിയെത്തിലിന്‍റെ ആനന്ദം നമുക്കു കാണാം – കയ്യില്‍ മോതിരം, കാലില്‍ പാദരക്ഷ, പുതിയ വസ്ത്രങ്ങള്‍, വീട്ടിലെ വിരുന്ന് – എല്ലാം സ്നേഹത്തിന്‍റെ ധാരാളിത്തം പ്രകടമാക്കുന്നതാണ്. അപ്പോള്‍ കാരുണ്യത്തിന് ഉപാധികളില്ല, പരിധികളുമില്ല. അത് നന്മയുടെയും ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും യാഥാര്‍ത്ഥ്യമാക്കലാണ്. തിരികെ ഒന്നും പ്രതീക്ഷിക്കാത്ത സമ്മാനവും ദാനവുമാണ് കാരുണ്യം.

വിച്ഛേദിക്കപ്പെട്ട സ്നേഹത്തിലും ഉപരിയാണ് തിരിച്ചുവരവിന്‍റെ ആനന്ദം.
തരിച്ചു വന്നവന്‍ പിതാവിന് പാപിയല്ല, മകനാണ്. പിതാവ് മകനെ സ്വീകരിച്ചത് വേലക്കാരില്‍ ഒരുവനായിട്ടല്ല, മകനായിട്ടാണ്. തന്‍റെ ഭവനത്തിന്‍റെ ആര്‍ദ്രതയിലേയ്ക്ക് അലിവോടെ ആ പിതാവ് മകനെ സ്വീകരിക്കുന്നു, തിരിച്ചെത്തിയവനില്‍ സ്നേഹം ധൂര്‍ത്തടിക്കുന്ന പിതാവിനെയാണ് ഇവിടെ നാം കാണുന്നത്.

10. കരുണ ഒരു കലയാണ്!
ജീവന്‍ രക്ഷിക്കുന്ന, ജീവന്‍ വീണ്ടെടുക്കുന്ന കലയാണ്. ഒരുവന്‍ അര്‍ഹിക്കുന്നതു കൊടുക്കുന്നതല്ല കരുണ. മറിച്ച് അപരന്‍ അര്‍ഹിക്കാത്തതു ഉദാരമായി നല്കുന്ന പുണ്യമാണത്. അളവില്ലാതെയും അതിരില്ലാതെയും നല്കുന്ന സ്നേഹംതന്നെയാണ് കരുണ. അത് അസ്തമിക്കാത്ത സ്നേഹമാണ്... അത് ദൈവസ്നേഹമാണ്. മുറിപ്പെട്ട ധൂര്‍ത്തനെ സൗഖ്യപ്പെടുത്തുന്നത് കാരുണ്യത്തിന്‍റെ തൈലമാണ്! കരുണയുള്ള പിതാവ് വിധിക്കുന്നില്ല. ജീവിതത്തില്‍ തകര്‍ന്നു തരിപ്പണമായ മകനെ പിതൃസ്നേഹത്തിന്‍റെ നീണ്ടകരങ്ങളാല്‍ ആശ്ലേഷിച്ച് താങ്ങിയെടുക്കുന്നു. അത് അവനെ പിതൃഗേഹത്തിലേയ്ക്ക് സംവഹിക്കുന്നു. ആന്തരികമായും ബാഹ്യമായും മുറിപ്പെട്ട മകന്‍റെമേല്‍ സ്നേഹധനനായ പിതാവു പുരട്ടിയ സാന്ത്വനതൈലമാണ് കാരുണ്യം. വാരിപ്പുണര്‍ന്ന പിതൃസ്നേഹമാണ് മകന്‍റെ ജീവതത്തില്‍ പുതിയ ചക്രവാളം തുറന്നിട്ടത്. അല്ലെങ്കില്‍ അവന്‍ ആ ഭവനത്തില്‍ പ്രവേശിക്കില്ലായിരുന്നു. ഇതാണ് കാരുണ്യം!

12. ധാരാളിത്തമില്ലാതെ കരുണയില്ല.
ഉറപ്പുള്ളതും നിയമാനുസൃതവും ന്യായമായിട്ടുള്ളതും മാത്രം ചെയ്യുന്നവര്‍ക്ക് കരുണയുണ്ടാവില്ല. ഉറപ്പുള്ളതു മാത്രം ചെയ്യുന്ന നല്ലമനുഷ്യരായി നമുക്കു കഴിഞ്ഞുകൂടാം. അവര്‍ കാരുണ്യത്തിന്‍റെ സുവിശേഷമെന്തെന്ന് അറിയാതെ പോകുന്നു! മുറിപ്പെട്ടൊരു ജീവിതത്തെ ആശ്ലേഷിക്കണമെങ്കില്‍ കാരുണ്യത്തിന്‍റെ സുവിശേഷമറിയണം, സ്നേഹത്തിന്‍റെ ധാരാളിത്തവും ഉണ്ടായിരിക്കണം. മകന്‍റെ പരിമിതികളും തെറ്റുകളും അറിയാവുന്ന പിതാവ് അവയെല്ലാം സ്നേഹംകൊണ്ട് പൊതിയുകയാണ്. കരുണയുള്ള മനോഭാവം ജീവിതത്തില്‍ ആരെയും ഭ്രമിപ്പിക്കുന്ന വലിയ വെല്ലുവിളിയാണ്. കഥയുടെ അവസാനം ധൂര്‍ത്തപുത്രന്‍ സ്നേഹത്താല്‍ പുനരാവിഷ്ക്കരിക്കപ്പട്ട്, രൂപാന്തരപ്പെട്ട വ്യക്തിയാണ്.

ദൈവത്തിന്‍റെ ശ്രേഷ്ഠമായ ഗുണങ്ങളില്‍ ഒന്നാണ് കാരുണ്യം. അതിനാല്‍ ദൈവത്തില്‍ വിശ്വസിക്കുക എന്നു പറഞ്ഞാല്‍ അവിടുത്തെ കാരുണ്യത്തില്‍ ശരണപ്പെടുക എന്നാണ് അര്‍ത്ഥം. അതിനാല്‍ ഓരോ വിശ്വാസിയും ജീവിതത്തില്‍ കരുണയുള്ളവനും കരുണയുള്ളവളുമായിരിക്കണം! ദൈവപിതാവിന്‍റെ കരുണയായിരുന്നു ക്രിസ്തു!
“പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍!” (ലൂക്ക 6, 36).








All the contents on this site are copyrighted ©.