2018-03-10 19:35:00

യേശുവേ, നിന്‍റെ സ്നേഹം...! അമല്‍ദേവും പുതുമനയച്ചനും


തപസ്സുകാലത്തിന് ഇണങ്ങുന്ന നല്ലൊരു ധ്യാനഗീതി.
ആലാപനം : രാജലക്ഷ്മിയും സംഘവും

യേശുവേ, നിന്‍റെ സ്നേഹം...!

യേശുവേ, യേശുവേ, യേശുവേ, യേശുവേ...

പല്ലവി
യേശുവേ, നിന്‍റെ സ്നേഹമെന്തെന്ന്
കാണുവാന്‍ കണ്ണു നല്കണേ!
രക്ഷാ, നിന്‍റെ സൗഖ്യമേകുന്ന
വാക്കിനാല്‍ കാഴ്ചയേകണേ!
യേശുവേ, യേശുവേ....

അനുപല്ലവി
ചേര്‍ക്കണേ വഴിവിട്ട ഞങ്ങളെ
ക്രൂശിതന്‍ നിന്‍റെ പാതയില്‍
നീക്കണേ, തടസ്സങ്ങളൊക്കെയും
കൂട്ടിനായ്ക്കൂടെ പോരണേ!
യേശുവേ, യേശുവേ....

ചരണം 1.
നേടിയില്ല നീ ഒന്നുമേ നിന്‍റെ
ജീവിതംകൊണ്ടു സ്വന്തമായ്
സോദരര്‍ക്കായി സര്‍വ്വവും ത്യജി-
ച്ചൂഴിയില്‍ മര്‍ത്ത്യദാസനായ് (2).
- യേശുവേ, നിന്‍റെ...

ചരണം 2.
മോചനം നല്കി ഞങ്ങളെ സ്നേഹ-
താതനോടൊന്നു ചേര്‍ക്കുവാന്‍ (2)
യാഗവേദിയില്‍ ജീവിതം ബലി-
യായ് ഹോമിച്ചു നീയഹോ (2).
- യേശുവേ, നിന്‍റെ...

ചരണം 3.
വേദനിച്ചു നീ ചിന്നി നിന്‍ നിണം
മാനവര്‍ക്കായി ഭൂമിയില്‍
വേദനിക്കിലും സ്നേഹപാതയില്‍
നീങ്ങിടാന്‍ നീ തുണയ്ക്കണേ! (2).
- യേശുവേ, നിന്‍റെ...

തലശ്ശേരി രൂപതാംഗവും അദ്ധ്യാപകനുമായ ഫാദര്‍ ജോര്‍ജ്ജ് പുതുമനയ്ക്കുവേണ്ടി സി.എ.സി. Cochins Arts & Communications നിര്‍മ്മിച്ച “കൃപാസ്പര്‍ശം” എന്ന ഗാനശേഖരത്തിലെ ഗാനമാണിത്. അതിലെ 8 ഗാനങ്ങളും പുതുമനയച്ചന്‍റെ രചനകളും അമല്‍ദേവിന്‍റെ ഈണങ്ങളുമാണ്. ഒന്നിനൊന്നു മെച്ചപ്പെട്ട ഈ സുവിശേഷഗീതികളുടെ വിതരണക്കാര്‍ പുതുമനയച്ചന്‍റെ ആസ്ഥാനമായ തലശ്ശേരി "സന്ദേശ ഭവനാ"ണ്. അച്ചന്‍റെ നല്ലവരികളില്‍നിന്നും വരിയിച്ച അമല്‍ദേവിന്‍റെ ഈണങ്ങള്‍ ശ്രദ്ധേയവും ഭക്തിരസം ഊറിനില്ക്കുന്നവയുമാണ്. പുതമന-അമല്‍ദേവ് കൂട്ടുകെട്ട് "ആത്മഹര്‍ഷം" എന്ന സന്ദേശ് ഭവന്‍റെ ആല്‍ബത്തിലും അതിമനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇനിയും അമല്‍ദേവ്-പുതമന ടീമിന്‍റെ സര്‍ഗ്ഗസൃഷ്ടി വിരിയട്ടെ!

പുതുമനയച്ചന്‍റെ  ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു!
ഒപ്പം അഭിനന്ദനവും നന്ദിയും നേരുന്നു!








All the contents on this site are copyrighted ©.