2018-03-10 12:01:00

നമ്മുടെ പാപങ്ങളെ കവച്ചു വയ്ക്കുന്നതാണ് ദൈവസ്നേഹം-പാപ്പാ


നമ്മുടെ ചിന്തകള്‍ക്കതീതമായി എന്നും നിലകൊള്ളുന്ന ദൈവത്തിന്‍റെ സ്നേഹം നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്ന സകല പാപങ്ങളെയും ഉല്ലംഘിച്ചു നില്ക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വെള്ളിയാഴ്ച (09/03/18) വൈകുന്നേരം “കര്‍ത്താവിനായി 24 മണിക്കൂര്‍” ആചരണവേളയില്‍ സുവിശേഷസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അഞ്ചു കൊല്ലമായി അനുവര്‍ഷം നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍, തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ചയ്ക്കു തൊട്ടുമുമ്പ് വരുന്ന വെള്ളിയാഴ്ചയാണ് “കര്‍ത്താവിനായി 24 മണിക്കൂര്‍” എന്ന പേരില്‍ അനുതാപ ശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും ഉള്‍ക്കൊള്ളുന്ന  ഈ ആചരണം ആഗോളസഭയില്‍ നടത്തപ്പെടുന്നത്.

ദൈവത്തിന് നമ്മോടുള്ള സ്നേഹം പരിമിതികളും അതിരുകളും ഇല്ലാത്തതാണെന്നും നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ഭയത്താല്‍ നാം ഒരുവന്‍റെ മുമ്പില്‍ വയ്ക്കുന്ന പ്രതിബന്ധങ്ങള്‍ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തില്‍ ഇല്ലായെന്നും പാപ്പാ വിശദീകരിച്ചു.

പാപത്തിന്‍റെ അനന്തരഫലമായി നാം ദൈവത്തില്‍ നിന്ന് അകലുന്നു എന്നതിനര്‍ത്ഥം  ദൈവം നമ്മില്‍ നിന്ന് അകലുന്നു എന്നല്ലയെന്ന് പാപ്പാ പറഞ്ഞു.

പാപം നമ്മില്‍ ഉളവാക്കുന്ന ബലഹീനതയുടെയും ആശയക്കുഴപ്പത്തിന്‍റെയുമായ അവസ്ഥകള്‍ ദൈവം നമ്മോടു അടുത്തായിരിക്കുന്നതിനു കൂടുതലായ ഒരു കാരണമായി ഭവിക്കുന്നുവെന്നുവെന്നും ഈ ഒരുറപ്പ് നമ്മുടെ ജീവിതത്തെ എന്നും അകമ്പടി സേവിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെയും ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനാണ് എന്ന യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകള്‍, ദൈവപിതാവിന്‍റെ സ്നേഹത്തിലുള്ള അചഞ്ചല വിശ്വാസം പുലര്‍ത്താന്‍ നമ്മുടെ ഹൃദയത്തിനു ലഭിച്ചിരിക്കുന്ന ഉറപ്പിനുള്ള സ്ഥിരീകരണമാണെന്ന് പാപ്പാ പറഞ്ഞു.

നമ്മുടെ ജീവിതത്തിലെ ദൈവികസാന്നിധ്യത്തെ തിരസ്ക്കരിച്ചുകൊണ്ട് നാം ഏതു പാപം ചെയ്താലും ദൈവപിതാവിന്‍റെ സ്നേഹം ഒരിക്കലും നമ്മില്‍ നിന്നെടുക്കപ്പെടുകയില്ല എന്ന പ്രത്യാശയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അവിടത്തെ കൃപ നിരന്തരം പ്രവര്‍ത്തിക്കുന്നുവെന്നും പാപ്പാ ഉറപ്പു നല്കി.

“24 മണിക്കൂര്‍ കര്‍ത്താവിനുവേണ്ടി” ആചരണത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ നടന്ന അനുതാപശുശ്രൂഷാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ ആദ്യം കുമ്പസാരിക്കുകയും തുടര്‍ന്ന് പാപ്പാ ഏതാനും പേരെ കുമ്പസാരിപ്പിക്കുകയും ചെയ്തു.  








All the contents on this site are copyrighted ©.