2018-03-09 13:44:00

"അനുരഞ്ജനകൂദാശയില്‍, കരുണയുടെ ഉപകരണമായിരിക്കുക": പാപ്പാ


അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി സംഘടിപ്പിച്ച 29-ാമതു കോഴ്സില്‍ പങ്കെടുത്ത യുവ വൈദികര്‍ക്ക് മാര്‍ച്ച് 9-ാംതീയതി നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

"യുവജനങ്ങള്‍, വിശ്വാസവും ദൈവവിളി വിവേചിക്കലും " എന്ന വിഷയവുമായി ഈ വര്‍ഷം നടക്കാനിരിക്കുന്ന സിനഡിനെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ട്, സിനഡുവിഷയത്തെ അധികരിച്ച് പാപ്പാ അവര്‍ക്കു സന്ദേശം നല്‍കി. അജപാലനശുശ്രൂഷ ആരംഭിച്ചിരിക്കുന്ന ഈ അവസരത്തില്‍, തീക്ഷ്ണതയുള്ള ഒരു കുമ്പസാരക്കാരന്‍റെ അനുഭവം നേടുന്നതിനു പരിശ്രമിക്കണമെന്ന് പാപ്പാ അവരോടാവശ്യപ്പെട്ടു.  തുടര്‍ന്ന്, എങ്ങനെ, യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കണമെന്ന് പാപ്പാ വിശദീകരിച്ചു.

" നിങ്ങള്‍ കുമ്പസാരകര്‍, പ്രത്യേകിച്ചും, ഭാവിയിലെ അനുരഞ്ജനകൂദാശയുടെ കാര്‍മികര്‍, യുവജനങ്ങള്‍ക്കിടയിലെ യുവാക്കളായി,  അനുരഞ്ജനകൂദാശ ജീവിക്കാന്‍ കഴിവുള്ളവരായിരിക്കണം...  പ്രഥമമായി, വി. തോമസ് അക്വീനാസ് പറയുന്നതുപോലെ, ഈ ശുശ്രൂഷയില്‍ നിങ്ങള്‍ ഒരു ഉപകരണമായിരിക്കുക... കുമ്പസാരിപ്പിക്കുന്ന വൈദികന്‍ കരുണയുടെ ഉറവിടമല്ല്, മറിച്ച്,  അദ്ദേഹം കരുണയുടെ ഉപകരണം മാത്രമാണ്.  ഇക്കാര്യം, യുവജനങ്ങള്‍ക്ക് അനുരഞ്ജനകൂദാശ നല്‍കുമ്പോള്‍ പ്രത്യേകം ഓര്‍ത്തിരിക്കുക. കാരണം, അവര്‍ തങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിന്‍റെ കാലഘട്ടത്തിലാണ്.  അതുകൊണ്ട് നിങ്ങള്‍ ദൈവകരുണയുടെ ഉപകരണങ്ങള്‍ മാത്രമാണെന്നോര്‍ക്കുക. നിത്യപുരോഹിതനായ ക്രിസ്തുവായിരിക്കണം, കുമ്പസാരവേളയില്‍ വ്യക്തമായും തെളിഞ്ഞുനില്‍ക്കേണ്ടത്. വൈദികന്‍ അവിടെ അപ്രത്യക്ഷനായിരിക്കണം.  'പ്രയോജനരഹിതരായ ദാസരായിരിക്കുക' എന്ന നമ്മുടെ വിളി യാഥാര്‍ഥ്യമാകേണ്ടതുണ്ട്...

രണ്ടാമതായി, കുമ്പസാരിപ്പിക്കുന്ന വൈദികന്‍റെ ദൗത്യം ശ്രവിക്കലിന്‍റേതാണ്.  അവിടെ നാം ദരിദ്രനും വിനയാന്വിതനുമായ യേശുവിനെ ശ്രവിക്കുന്നു, ജാഗ്രതാപൂര്‍വമായ അനുസരണയോടെ പരിശുദ്ധാരൂപിയെ ശ്രവിക്കുന്നു... അവര്‍ക്ക് ഉത്തരം കൊടുക്കുന്നതിനുമുമ്പ്, തീര്‍ച്ചയായും ഈ ശ്രവണം നടന്നിരിക്കണം. അവിടെ വിവേചനത്തിന്‍റെ വരം തീര്‍ച്ചയായും ഉണ്ടാകണം. അവരുടെ ദൈവവിളി തിരിച്ചറിയാന്‍ അതിലൂടെ അവര്‍ സഹായിക്കപ്പെടും... അനുരഞ്ജന കൂദാശയ്ക്കണയുന്നവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന, കരുണയുടെ സാക്ഷികളാകുക'' എന്ന ശക്തമായ ആഹ്വാനമേകിയാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

പോള്‍ ആറാമന്‍ ശാലയില്‍ വച്ചു പാപ്പാ നല്‍കിയ ഈ സന്ദേശം ശ്രവിക്കുന്നതിന് അവിടെ സന്നിഹിതരായിരുന്നവര്‍ 400 പേരാണ്.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍








All the contents on this site are copyrighted ©.