2018-03-05 13:01:00

സഭകളുടെ ലോകസമിതിയും പാപ്പാ സന്ദര്‍ശനവും-കര്‍ദ്ദിനാള്‍ കോഹ്


ആധുനിക ക്രൈസ്തവൈക്യ പ്രസ്ഥാനത്തിന് സഭകളുടെ ലോകസമിതി (WCC) ഏകിയിട്ടുള്ള അതുല്യസംഭാവനയ്ക്കംഗീകാരമായിരിക്കും ഫ്രാന്‍സീസ് പാപ്പാ ഈ സമിതി സന്ദര്‍ശനമെന്ന് ക്രൈസ്തവൈക്യപരിപോഷണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ്.

ജൂണ്‍ 21-ന് പാപ്പാ സ്വിറ്റ്സര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ സഭകളുടെ ലോകസമിതിയുടെ ആസ്ഥാനത്ത് എത്തുമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയകാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസിന്‍റെ) മേധാവി ഗ്രെഗ് ബര്‍ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (02/03/18) വെളിപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സഭകളുടെ ലോകസമതിയുടെ സ്ഥാപനത്തിന്‍റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാപ്പായുടെ സന്ദര്‍ശനം.

ക്രൈസ്തവൈക്യമെന്ന ലക്ഷ്യം നേടുന്നതിനുള്ള തന്‍റെ പ്രതിജ്ഞാബദ്ധത ഫ്രാന്‍സിസ് പാപ്പാ പല അവസരങ്ങളിലായി, വെളിപ്പെടുത്തിയിട്ടുള്ളതു പോലെ, ഈ സന്ദര്‍ശനവും ആവിഷ്ക്കരിക്കുക ഈ അര്‍പ്പണമനോഭാവത്തെത്തന്നെയാണെന്നും കര്‍ദ്ദിനാള്‍ കോഹ് പറയുന്നു.

“പ്രയാണവും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒത്തൊരുമിച്ച്” എന്ന മുദ്രാവാക്യമാണ് ഫ്രാന്‍സീസ് പാപ്പാ സഭകളുടെ ലോകസമിതി സന്ദര്‍ശനത്തിനായി സ്വീകരിച്ചിരിക്കുന്നത്.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1969 ജൂണ്‍ 10-നും, വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ 1984 ജൂണ്‍ 12 നും സഭകളുടെ ലോകസമിതിയുടെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.   








All the contents on this site are copyrighted ©.