2018-03-03 15:00:00

ക്രിസ്തു ജരൂസലത്ത്...! ജീര്‍ണ്ണതയ്ക്കെതിരായ ശുദ്ധികലശം


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 2, 13-25.  തപസ്സുകാലം മൂന്നാംവാരം ഞായര്‍


1.  വി
ശുദ്ധിയുടെ ഇടങ്ങളിലെ ജീര്‍ണ്ണത
പുഴകള്‍ എല്ലായിടത്തും ശുദ്ധമാണെന്നത് വിശ്വാസമാണ്. ബീഹാറില്‍ പോയപ്പോള്‍ പുണ്യനദി ഗംഗയുടെ തീര്‍ത്ഥവിസ്മയം തേടിയും സഞ്ചരിച്ചു. ആയിരക്കണനക്കിന് ആളുകള്‍ ഒരുമിച്ചു നടത്തുന്ന ബലിയും അനുഷ്ഠാനങ്ങളും മൂലം നദി മാലിന്യങ്ങളൊക്കെ ഏറ്റുവാങ്ങി ഓവു വെള്ളംപോലെയാണ് ഒഴുകിയിരുന്നത്. ഭക്തര്‍ കുളിച്ചു ശുദ്ധരാകുമ്പോഴും അതിന് ആനുപാതികമായി മാലിന്യങ്ങള്‍ നദിയില്‍ അടിഞ്ഞുകൂടുകയാണ്.  ഇത് ഭൂമിയിലെ എല്ലാ പവിത്രസ്ഥാനങ്ങളുടെയും തലവരയാണെന്നു തോന്നുന്നു. ഒരിക്കല്‍ ശബരിമലയിലെത്തിയപ്പോഴും പമ്പയാറിന്‍റെയും പുണ്യമലയുടെയും അവസ്ഥ ശോച്യമായിരുന്നു. ഇതുതന്നെയാണ് മലയാറ്റൂരിലെ കുരിശ്ശടിയിലും മറ്റു പല തീര്‍ത്ഥാടനകേന്ദ്രങ്ങളുടെയും പരസരത്ത് കാണുന്നത്. കമ്പോളവത്ക്കരണം തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ ഭാഗമാകുമ്പോഴുണ്ടാകുന്ന താളപ്പിഴയാണിത്. വിശുദ്ധിയുടെ ഇടങ്ങളിലെ ചില അനുബന്ധ ജീര്‍ണ്ണതകള്‍! അതുതന്നെയാണ് ഇന്നത്തെ സുവിശേഷചിന്തയും. ജരൂസലേം ദേവാലയത്തില്‍ ക്രിസ്തു നടത്തിയ ശുദ്ധികലശക്രിയ തപസ്സിലെ മൂന്നാം വാരത്തില്‍ നമ്മെ ഓര്‍പ്പിക്കുന്നത്, കൃപയുടെ കൂടാരത്തില്‍ കച്ചവടത്തിന് പഞ്ഞമില്ലെന്നാണ്! മാലിന്യങ്ങള്‍ ഉണ്ടെന്നാണ്. അതു മാറ്റി, ശുദ്ധകലശംചെയ്ത് നാം നവീകൃതരാവണം.

2. ദേവാലയത്തിലെ കമ്പോളവത്ക്കരണം
ക്രിസ്തു മൂന്നു പ്രാവശ്യം ജരൂസലേമിലേയ്ക്കു യാത്ര ചെയ്യുന്നതായി സുവിശേഷകന്‍ യോഹന്നാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. പെസഹാ തിരുനാളില്‍ പങ്കെടുക്കുവാന്‍ ക്രിസ്തു അവിടെ പ്രവേശിക്കുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം. പിന്നെ അവിടുന്ന് ദേവലായം ശുദ്ധീകരിക്കുന്നു.  പലപ്പോഴും അധികാരികളുടെ മൗനസമ്മതത്തോടെയാണ് ദേവാലയത്തില്‍ കച്ചവടം നടക്കുന്നത്. ഇന്നും നമ്മുടെ ദേവാലയങ്ങളില്‍ അത് വിവിധ മേഖലകളിലായി നടക്കുന്നുണ്ട്. കണ്ടിട്ടും, കണ്ടില്ലെന്നു നടിക്കുകയാണ്. ഉദാഹണത്തിന് ആരാധനക്രമ സംഗീതത്തിന്‍റെ മേഖലയില്‍ കേരളത്തിലെ ദേവാലയങ്ങളില്‍ നടക്കുന്ന സാമ്പത്തികക്രമക്കേടുകള്‍ അക്ഷന്തവ്യമാണ്.

പാട്ടുകുര്‍ബ്ബാനയ്ക്കു പണം കൊടുത്താലും, പാട്ടു വേണമെങ്കില്‍ പിന്നെയും കൊടുക്കണം പണം വേറെ! അതും പല നിരക്കുകളാണ്...! എന്നിട്ട് പള്ളകളില്‍ നടക്കുന്നത് ചെറിയ ഗാനമേളയാണ്. പ്രാര്‍ത്ഥന പ്രകടനമാക്കി, കമ്പോളവത്ക്കരിക്കപ്പെട്ട കാലം. എന്നിട്ടും ആരും ഒന്നു മിണ്ടുന്നില്ല.  പൂച്ചയ്ക്കാരു മണികെട്ടും! മൗനം ഭജിച്ച് കഴിഞ്ഞുകൂടുന്നതാണ് നല്ലതെന്നു ചിന്തിക്കുന്നവരാണ് അധികവും... ‘കര്‍ത്താവിന്‍റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു’ എന്നു പറഞ്ഞുകൊണ്ടാണ് (യോഹ. 2, 17)... സങ്കീര്‍. 69, 9) സാധനസാമഗ്രികളോടെ അവിടുന്ന് കച്ചവടക്കാരെ ദേവാലയത്തില്‍നിന്നും പുറത്താക്കിയത്.. ചമ്മട്ടികൊണ്ട് അടിച്ച് ഓടിച്ചു! എന്നാണ് ദൃക്സാക്ഷിയായ സുവിശേഷകന്‍ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത് (യോഹ. 2, 15).

3. പുണ്യസ്ഥലത്തെ മൂല്യഛ്യുതി 
ദേവാലയത്തില്‍ മനുഷ്യരുടെ സ്ഥാലത്ത് ആടുമാടുകളും പ്രാവും മറ്റു സാധനങ്ങളും... മനുഷ്യരെക്കാള്‍ മൃഗങ്ങള്‍ക്കും, പിന്നെ അതില്‍നിന്നു കിട്ടുന്ന ആദായത്തിനും പ്രാധാന്യം കല്പിക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ ക്രിസ്തു വെല്ലുവിളിക്കുന്നു. ഇന്നും ദേവാലയങ്ങളില്‍  ആ മൂല്യച്ഛ്യുതി സംഭവിക്കുന്നുണ്ട്. ഭൂമി ഇടപാടിന്‍റെ പേരിലും പുണ്യസ്ഥലങ്ങളില്‍ അടിപിടിയായില്ലേ. പൗരോഹിത്യ ജീവിതത്തിന്‍റെയും, വിശ്വാസ ജീവിതത്തിന്‍റെയും പ്രതിബദ്ധത സൂക്ഷിച്ചില്ലെങ്കില്‍ അതു മാറിപ്പോകുമെന്ന് ക്രിസ്തുവിന്‍റെ “ദേവാലയ ശുദ്ധികലശക്രിയ” നമ്മെ പഠിപ്പിക്കുന്നു.
‘എന്ത് അധികാരത്തിലാണ് ക്രിസ്തു ഇതു ചെയ്തത്?’ ചോദ്യം പ്രസക്തമാണ്. സ്വയം ഏറ്റെടുത്തതാണ് ഈ അധികാരമെന്ന് അവിടുന്നു പ്രസ്താവിക്കുന്നു. പകരമായി ഈ ദേവാലയം നശിപ്പിച്ചോളൂ- എന്നു നെഞ്ചത്തു കൈവച്ച് ക്രിസ്തു പ്രസ്താവിക്കുന്നു. അതായത്, നന്മയ്ക്കും നീതിക്കുമായി താന്‍ മരിക്കാനും സന്നദ്ധനാണെന്ന് അവിടുന്നു ഏറ്റുപറയുന്നു. തിന്മയ്ക്കെതിരെ ഏറ്റവും ശക്തമായ ആയുധം ജീവസമര്‍പ്പണമാണ്. പൂര്‍ണ്ണസമര്‍പ്പണില്ലാതെ സാമൂഹ്യ-സാമുദായിക വ്യവസ്ഥിതികളുടെ തിന്മയ്ക്കെതിരെയും ജീര്‍ണ്ണതയ്ക്കെതിരെയും പോരാടാനാവുകയില്ല. മഹത്തുക്കള്‍, വിശുദ്ധാത്മാക്കള്‍ അതു തെളിയിക്കുന്നില്ലേ!

4. ജീര്‍ണ്ണതകള്‍ ഇല്ലായ്മചെയ്യാന്‍ തയ്യാറാവണം 
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ ദേവാലയ ശുദ്ധീകരണം പരസ്യജീവിതത്തിന്‍റെ ഭാഗമായിട്ടല്ല. സുവിശേഷത്തിന്‍റെ ആരംഭത്തിലാണ് കുറിച്ചിരിക്കുത്. കാനായിലെ അത്ഭുത പ്രവൃത്തിയെ തുടര്‍ന്നാണ് ക്രിസ്തു ദേവാലയ ശുദ്ധീകരണം നടത്തുന്നത്. ശൂന്യമായി, ഉണങ്ങി വരണ്ടിരുന്ന കല്‍ഭരണകളില്‍ മേല്‍ത്തരം വീഞ്ഞു നിറച്ച്, ഇല്ലായ്മയുടെ വ്യഥയില്‍ മുങ്ങിയ കാനായിലെ ജനങ്ങളെ അവിടുന്ന് ആനന്ദലഹരിയില്‍ ആഴ്ത്തി. പിന്നെ ഇതാ.. ദേവാലയത്തിന്‍റെ ജീര്‍ണ്ണത ഇല്ലായ്മചെയ്യാന്‍ അവിടുന്നു ചാട്ടവാറെടുക്കുന്നു. കച്ചവട മനഃസ്ഥിതിയും ധനമോഹവും നിറഞ്ഞുനില്കുന്ന ദേവാലയത്തിന്‍റെ നഷ്ടപ്പെട്ട പ്രസക്തി വീണ്ടെടുക്കുവാനാണ് അവിടുത്തെ ശ്രമം. തിന്മയ്ക്കെതിരെ നിലയുറപ്പിക്കുമ്പോള്‍ ഹൃദയം ദേവാലയമാകും, എന്ന സാരോപദേശം ഈ വചനത്തില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. എന്‍റെ ‘പിതാവിന്‍റെ ഭവനം’ എന്ന് ദേവാലയത്തെക്കുറിച്ച് പറയാന്‍ തക്കവിധം ദൈവികൈക്യം ക്രിസ്തുവിന് ഉണ്ടായിരുന്നെന്നും ഈ സംഭവം സ്പഷ്ടമാക്കുന്നു. 

മനുഷ്യജീവിതത്തിന്‍റെ ജീര്‍ണ്ണതകള്‍ക്കെതിരെ ഹൃദയപൂര്‍വ്വം കലഹിക്കുന്ന ക്രിസ്തുവിനെയാണ് ഇവിടെ ദൃശ്യമാകുന്നത്. പ്രവാചകന്മാരുടെ ക്ഷോഭം വിദ്വേഷങ്ങളില്‍നിന്നും ആന്തരിക അസ്വസ്ഥതകളില്‍നിന്നുമല്ല ഉതിര്‍ക്കൊള്ളുന്നത്. ഓരേ സ്ഥായിയില്‍ സംസാരിക്കുന്നവരെ ഇടയ്ക്കൊന്ന് കേള്‍ക്കണമെങ്കില്‍ ഉച്ചസ്ഥായി ഉപയോഗിക്കേണ്ടിരിക്കുന്നു.  ഗുരുക്കന്മാരുടെ ‘ഹൈ-പിച്ചാ’ണ്, അല്ലെങ്കില്‍ മേല്‍സ്ഥായിയാണ് ക്ഷോഭം! ക്ലാസില്‍ കലപിലകൂടുന്ന കുട്ടികളെ നിശ്ശബ്ദരാക്കാന്‍ അദ്ധ്യാപകന്‍ അലറി വിളിക്കുന്നു. നമ്മുടെ ക്ഷോഭങ്ങളെ നീതീകരിക്കാന്‍ ക്രിസ്തുവിന്‍റെ ക്ഷോഭം ഉപയോഗപ്പെടുത്തരുത്! നാം അനുഭവിക്കുന്ന അസ്വസ്ഥതയുടെയും വിദ്വേഷത്തിന്‍റേയുമൊക്കെ വെളിപ്പെടുത്തലാണ്  നമ്മുടെ ക്ഷോഭം, വിദ്വേഷം. ക്രിസ്തുവിന്‍റേതാകട്ടെ, അവിടുന്നു മറച്ചുപിടിച്ച സ്നേഹമാണ്.

5. തെറ്റുകള്‍ക്കെതിരെ മൗനംഭജിക്കരുത്! 
മറ്റൊരു സാരമായ വ്യത്യാസം കൂടിയുണ്ട്. എപ്പോഴാണ് നമ്മള്‍ കുപിതരാവുക. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അവഗണനകൊണ്ടോ ഒക്കെയാണ്. നമ്മുടെ ‘ഈഗോ’ മറ്റൊരാള്‍ വ്രണപ്പെടുമ്പോഴാണത്. എന്നാല്‍ ക്രിസ്തു അത്തരം നിമിഷങ്ങളില്‍ സാന്ദ്രമൗനം പാലിച്ചു, പരമാവധി സ്നേഹമുള്ളൊരു വാക്കുമാത്രം ഉരുവിട്ടു. തന്നെയടിച്ചവനോട്  ‘നീ എന്തിനെന്നെ അടിച്ചു?’ എന്നുമാത്രം ചോദിച്ചു. പക്ഷേ, മൂല്യനിരാസങ്ങള്‍ അവിടുത്തെ നിലപാടുകളെ ജ്വലിപ്പിച്ചു. ഇതാ, ദേവാലയത്തിലെ ക്രിസ്തുവിന്‍റെ ക്രോധം ഒരു കനല്‍പോലെ... ആളിക്കത്തുന്നു!! നമ്മളാവട്ടെ മൂല്യനിരാസങ്ങള്‍ക്ക് മുമ്പില്‍ ഭീരുക്കളായി, നിശ്ശബ്ദരായി പിന്മാറുന്നു, മൗനംഭജിക്കുന്നു!!.

ദേവാലയം കച്ചവടസ്ഥലമാക്കരുത്, എന്ന് ക്രിസ്തു പറയുമ്പോള്‍ പള്ളിക്കകത്ത് ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നടക്കുന്നു എന്നര്‍ത്ഥമൊന്നുമില്ല. ക്രിസ്തുവിന്‍റെ പരാമര്‍ശത്തിന്. അതിനേക്കാള്‍ ആഴമുള്ള ചില ധ്യനത്തിന്‍റെ അടരുകള്‍ ഉണ്ട്. കച്ചവടവും കമ്പോളവുമൊക്കെ സമീപനവും ശൈലിയുമാണ്. ലാഭേച്ഛ, ധനത്തിന്‍റെ ബലം, ഒടുങ്ങാത്ത മാത്സര്യം, അധികാരമോഹം, അസൂയ, അനീതിയോടുള്ള കൂട്ടുകെട്ട്, നിസംഗഭാവം എന്നിവയെല്ലാം കച്ചവടത്തിന്‍റെ സൂചനയായ അടയാളങ്ങളാണ്. മലീമസമായ ആലയം മലീമസമായ ഹൃദയം തന്നെയാണ്. ഈ അര്‍ത്ഥത്തില്‍ മേല്പറഞ്ഞ തിന്മകളില്‍ ഒന്നിന്‍റെയെങ്കിലും മുദ്രകള്‍ ആത്മാവില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള നിങ്ങളും ഞാനും ദേവാലയത്തെ കമ്പോളമാക്കി തീര്‍ക്കുന്നുണ്ട്.

6. എനിക്കെന്തു കിട്ടുമെന്ന ചിന്തയുടെ വ്യഗ്രത! 
ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ദൈവത്തെ തേടുന്ന ഭക്തരായി മാറുന്നതും കച്ചവടമനഃസ്ഥിതിയാണ്. എത്രയോ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് നാം ദൈവത്തെ തിരയുന്നത്. എല്ലാം വാങ്ങുവാന്‍വേണ്ടി. കിട്ടുവാന്‍ വേണ്ടി മാത്രം. എനിക്കെന്തു കിട്ടും, എനിക്കെന്തതു കിട്ടും എന്ന ആകുലതയോടു ആര്‍ത്തിയോടുകൂടി നാം ദൈവത്തെ സമീപിക്കുന്നത്. അത് മനഃസ്സമാധാനമാണെങ്കില്‍ പോലും..! അങ്ങനെ നോക്കുമ്പോള്‍ ദേവാലയപ്പടവുകള്‍ കയറിയെത്തുന്ന ഭക്തന് ദേവാലയത്തില്‍ കമ്പോളത്തില്‍നിന്നും വേറിട്ട എന്ത് അനുഭൂതിയാണു ലഭിക്കുക?! ദേവാലയത്തിന്‍റെ അകത്തളം എന്ത് അനുഭൂതിയാണ് നമുക്കു സമ്മാനിക്കുന്നത്?! ‘അപ്പം ഭക്ഷിച്ചതുകൊണ്ടാണല്ലോ നിങ്ങള്‍ എന്നെ പന്നെയും അന്വേഷിക്കുന്നത്,’ എന്ന ക്രിസ്തുവിന്‍റെ വചനത്തിനു നേരെ നമുക്ക് കാതടയ്ക്കാനാകുമോ? (യോഹ. 6, 26).

കല്ലില്‍ തീര്‍ത്ത ദേവാലയങ്ങളെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തിലുള്ള എല്ലാ പരാമര്‍ശങ്ങളും ജീവിക്കുന്ന സഭയെക്കുറിച്ചും ക്രൈസ്തവ സമൂഹത്തെക്കുറിച്ചാണ്. നാം ദൈവത്തിന്‍റെ ആലയങ്ങളാണ്! ജീവിക്കുന്ന ആലയങ്ങളാണ്. അതിനാല്‍ കാലികമായ സത്യവും ദൈവികരഹസ്യവുമാണ് നാം ഇന്നത്തെ വചനത്തില്‍ ധ്യാനിക്കുന്നത്. കര്‍ത്താവിന്‍റെ ആലയം നാം മലീമസമാക്കരുത്. ഓരോ സമൂഹത്തിലെയും ചരിത്രപരവും മതാത്മകവുമായ പൈതതൃകത്തിന്‍റെ പ്രതീകമായ ദേവാലയങ്ങള്‍ ബാഹ്യമായും ആന്തരികമായും വിശുദ്ധമായി പരിക്ഷിക്കാന്‍ നമുക്ക് അതിയായ കടപ്പാടുണ്ട്.

7. നാം ദൈവത്തിന്‍റെ ആലയങ്ങള്‍... 
പരിശുദ്ധ കന്യകാമറിയത്തെ ദൈവത്തിന്‍റെ ആലയമെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ജീവിതവിശുദ്ധിയുടെ നിറവാണ് നസ്രത്തിലെ കന്യകയെ ദൈവത്തിന്‍റെ ആലയമാക്കുന്നത്. രക്ഷകന്‍ ഊഴിയില്‍ വന്നു പിറക്കാന്‍ ഇടയാക്കിയത്. ഈ അമ്മയെപ്പോലെ ജീവിതവിശുദ്ധിയില്‍ വളരാനും നിലനില്ക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം!  നാം ഓരോരുത്തരും ദൈവത്തിന്‍റെ സജീവാലയങ്ങളായി, അവിടുത്തെ സ്നേഹാലയങ്ങളായി പരിണമിക്കട്ടെ! ഈ തപസ്സുകാലം  ഇനിയും ഹൃദയവിശുദ്ധിയിലേയ്ക്ക് നമ്മെ ക്ഷണിക്കുന്നു.  കലശക്രിയ നമ്മുടെ ഹൃദായാന്തരാളത്തിലാണ് നടക്കേണ്ടത്, ആദ്യം!  നമ്മുടെ ഹൃദയങ്ങള്‍ പരിശുദ്ധിയുള്ള  ദേവാലയങ്ങളാക്കാം. അവിടെ ദൈവം വന്നു വസിക്കട്ടെ!

എത്ര വൈകി ദൈവമേ, ഞാന്‍ അങ്ങേ അറിയാന്‍... Late have I found Thee O Lord …!
വിശുദ്ധ അഗസ്റ്റിന്‍റെ  പ്രാര്‍ത്ഥന നമുക്കും ഹൃദയേ ഉള്‍ക്കൊള്ളാം. ദൈവിക വഴികളിലേയ്ക്ക് തിരികെ ചെല്ലാന്‍  നാം  ഒരിക്കലും വൈകുന്നില്ല.! കാരണം ദൈവം സ്നേഹമുളള നമ്മുടെ പിതാവാണ്!!








All the contents on this site are copyrighted ©.