2018-02-28 18:22:00

സാങ്കേതികതകൊണ്ട് രോഗിയെ ശ്വാസംമുട്ടിക്കരുത്!


ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാ‍ഡമിയിലെ ചര്‍ച്ചകള്‍ - മാരകമായ രോഗങ്ങള്‍ക്കുള്ള യാതനാശമന ശുശ്രൂഷയെക്കുറിച്ചുള്ള രാജ്യാന്തര സംഗമം.

അമിതമായ ചികിത്സ വ്യക്തിക്ക് ഹാനികരമാകാമെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍ചേന്‍സോ  പാലിയ പ്രസ്താവിച്ചു.   യാതനാശമന ശുശ്രൂഷ (Palliative Care)  സംബന്ധിച്ച രാജ്യാന്തര സംഗമത്തെ
വത്തിക്കാനില്‍ ഫെബ്രുവരി 28-Ɔο തിയതി ബുധനാഴ്ച അഭിസംബോധനചെയ്യവെയാണ് ആര്‍ച്ചുബിഷപ്പ് പാലിയ തന്‍റെ ആമുഖപ്രഭാഷണത്തില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ആധുനിക സാങ്കേതികതയും ചികിത്സാസമ്പ്രദായങ്ങളും ഏറെ വര്‍ദ്ധിച്ച കാലഘട്ടത്തില്‍ ഒരിക്കലും രോഗിയെ ചികിത്സകൊണ്ട് ശ്വാസംമുട്ടിക്കരുത്. അമിതമായ ചികിത്സകൊണ്ട് രോഗിക്ക് അനാവശ്യമായ വേദന സഹിക്കേണ്ടിവരുന്ന ഗതികേടും ഇന്നു സംഭവിക്കുന്നുണ്ടെന്ന് പ്രഗത്ഭരായ ഡോക്ടര്‍മാരും വൈദ്യശാസ്ത്രത്തിന്‍റെ മേഖലയിലെ ഗവേഷകരും അടങ്ങിയ സമൂഹത്തില്‍ ആര്‍ച്ചുബിഷപ്പ് പാലിയ ചൂണ്ടിക്കാട്ടി.

രോഗീപരിചരണ മേഖലയില്‍ അമിതമായ ചികിത്സയല്ല, ഫലവത്തായ ചികിത്സയാണ് ആവശ്യം (Doing more is not doing better…). അതിനാല്‍ വൈദ്യശാസ്ത്രത്തിന്‍റെ മേല്‍ത്തരം സാങ്കേതികതയും സംവിധാനങ്ങളും ഉപകാരപ്പെടുത്തി രോഗിയെ പരീക്ഷണ വിധേയമാക്കുന്ന രീതി അവംലംബിക്കരുത്. ജീവനോടുള്ള ആദരവും അതു സംരക്ഷിക്കാനുള്ള ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലുമായിരിക്കണം യാതനാശമന ശുശ്രൂഷപോലുള്ള (Palliative Care) അത്യാസന്നഘട്ടങ്ങളിലെ ചികിത്സാസമ്പ്രദായങ്ങള്‍ ക്രമപ്പെടുത്തേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് പാലിയ അഭ്യര്‍ത്ഥിച്ചു.

മാരകമായ രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ചികിത്സയുടെ പരിമിതികളില്‍ എത്തിയാലും രോഗിയെ അവഗണിക്കരുത്, ഉപേക്ഷിക്കരുത്. സൗഖ്യപ്പെടുത്താനായില്ലെങ്കിലും വേദന ശമിമിപ്പിക്കാനും യാതന കുറയ്ക്കുവാനും സാധിക്കണം. ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗത്തെ ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗിയായി തള്ളിമാറ്റുകയോ, തുല്യമായി കാണുകയോ
അരുത്. ആരെയും അതിനാല്‍ “ഇനി രക്ഷയില്ലെ”ന്നു പറഞ്ഞു തള്ളരുത്. 

കാരുണ്യവധത്തിന്‍റെ ന്യായീകരണം ഇങ്ങനെ രോഗത്തെയും രോഗിയെയും തുലനംചെയ്യുന്ന കാഴ്ചപ്പാടില്‍നിന്നും വരുന്നതാണെന്നും ആര്‍ച്ചുബിഷപ്പാ പാലിയ അഭിപ്രായപ്പെട്ടു. അതിനാല്‍, ഇന്നിന്‍റെ വൈദ്യശാസ്ത്രം, ആദ്യമായി അതിന്‍റെ ദൈവവിളിയായ ജീവന്‍റെ പരിചരണമെന്ന മാനവികദര്‍ശനം പുനരാവിഷ്ക്കരിക്കേണ്ടതാണ്. രണ്ടാമതായി, കഠോരവേദനയിലും വേദനയെക്കുറിച്ചുള്ള അതിയായ ഭീതിയിലും രോഗിയുടെ താല്പര്യപ്രകാരമായാല്‍പ്പോലും ആത്മഹൂതിക്ക് സഹായകമാകുന്ന മരുന്നുകള്‍ നല്കാമെന്നോ, അല്ലെങ്കില്‍ കാരുണ്യവധം നടപ്പാക്കാമെന്നോ വൈദ്യശാസ്ത്രത്തിന്‍റെ മേഖലയിലുള്ളവര്‍ ചിന്തിക്കുന്നതുതന്നെ തെറ്റാണ്. അങ്ങനയുള്ള ചിന്തകള്‍ പാടേ ഉപേക്ഷിക്കണമെന്നും ജീവന്‍ അതിന്‍റെ അവസാനനിമിഷംവരെ പരിരക്ഷിക്കുന്ന ധാര്‍മ്മികത വളര്‍ത്തണമെന്നും ആര്‍ച്ചുബിഷപ്പ് പാലിയ സമ്മേളനത്തോട് ആവശ്യപ്പെട്ടു.....!








All the contents on this site are copyrighted ©.