2018-02-28 08:59:00

''മാനസാന്തര വിളിയില്‍ മടുക്കാത്തവനാണു ദൈവം'': മാര്‍പ്പാപ്പാ


സാന്താ മാര്‍ത്താ കപ്പേളയില്‍ ഫെബ്രുവരി 27-ാംതീയതി ചൊവ്വാഴ്ച അര്‍പ്പിച്ച പ്രഭാതബലിമധ്യേ വചനസന്ദേശം നല്‍കുകയാ യിരുന്നു പാപ്പാ.  ഏശയ്യായുടെ ഗ്രന്ഥത്തില്‍ നിന്നുള്ള ആദ്യവായനയില്‍ നിന്നു (ഏശ 1:10, 16-20) പ്രചോദനം ഉള്‍ക്കൊണ്ട്, ഈ വലിയനോമ്പുകാലഘട്ടത്തില്‍, യഥാര്‍ഥമായ മാനസാന്തരത്തിനു നമ്മെ വിളിക്കുന്ന ദൈവസ്നേഹത്തെ പാപ്പാ ഇങ്ങനെ വിശദീകരിച്ചു: ''കര്‍ത്താവ് ഒരിക്കലും ജീവിതത്തിനു മാറ്റം വരുത്താനായി നമ്മെ വിളിക്കുന്നതില്‍ ഒരിക്കലും മടുക്കുന്നവനല്ല. കര്‍ത്താവു പറയുന്നതിതാണ്: 'വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും'.  ഇതു നമ്മെ ഒരിക്കലും ഭയപ്പെടുത്തുന്നില്ല. ഇതാണ് നമ്മുടെ പാപങ്ങള്‍ക്കുമുമ്പില്‍ കര്‍ത്താവിന്‍റെ മനോഭാവം...

ഇതുപോലെയായിരിക്കണം​ കുമ്പസാരത്തിനണയുന്നവരോട് വൈദികനും... പുത്രനോട് പിതാവെന്ന പോലെ, വിശ്വസ്തതയോടു കൂടി, ക്ഷമ നല്‍കിയും ഹൃദയത്തെ പരിവര്‍ത്തനപ്പെടുത്തിയുമാണ് പാപികളോടൊത്ത് യേശു സഞ്ചരിച്ചത്.  സക്കേവൂസിനെയും മത്തായിയെയും വിളിച്ചതുപോലെ, അവിടുന്നു നമ്മെയും വിളിക്കുന്നു, എങ്ങനെയാണ് മാനസാന്തരത്തിന്‍റെ പാതയിലേയ്ക്ക് ചുവടുകള്‍ വയ്ക്കേണ്ടതെന്നു കാണിച്ചുതന്നുകൊണ്ട്. അവിടുന്നു നമ്മെ ശിക്ഷിക്കുന്നതിനോ വിധിക്കുന്നതിനോ ആഗ്രഹിക്കുന്നില്ല''...  ഭയപ്പെടാതെ എന്‍റെ പക്കലേയ്ക്കു വരിക എന്നു വിളിക്കുന്ന ദൈവത്തെക്കുറിച്ച്, അവിടുത്തെ ക്ഷമയെക്കുറിച്ച്, മാനസാന്തരപ്പെടുന്നതിന് അവിടുന്നു നല്‍കുന്ന ഉള്‍ധൈര്യത്തെക്കുറിച്ച് വീണ്ടും ആവര്‍ത്തിച്ചുകൊണ്ട്, അതിനായി അവിടുന്നു കാത്തിരിക്കുന്നു എന്ന വാക്കുകളോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.