2018-02-26 11:45:00

പാപ്പായുടെ ത്രികാലജപ സന്ദേശം


റോമില്‍ ഈ ഞായറാഴ്ച തണുപ്പായിരുന്നെങ്കിലും (25/02/18) ഉച്ചവരെ പൊതുവെ നല്ല കാലാവസ്ഥയായിരുന്നു. ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു.  ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കരഘോഷത്തോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ ആനന്ദം അറിയിച്ചു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(25/02/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടി ഉയര്‍ന്ന മലയിലേക്കു പോകുന്നതും അവിടെവച്ച് രൂപാന്തരപ്പെടുന്നതുമായ സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന മര്‍ക്കോസിന്‍റെ സുവിശേഷം, ഒമ്പതാം അദ്ധ്യായം 2 മുതല്‍ 10 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. 

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഇന്നത്തെ, അതായത്, തപസ്സുകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ചത്തെ, സുവിശേഷഭാഗം, മര്‍ക്കോസിന്‍റെ സുവിശേഷം, അദ്ധ്യായം 9, 2 മുതല്‍ 10 വരെയുള്ള വാക്യങ്ങള്‍, യേശുവിന്‍റെ രൂപാന്തരീകരണത്തെക്കുറിച്ചു ധ്യാനിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. ഇത് ആറു ദിവസം മുമ്പ്, അതായത്, ജെറുസലേമില്‍ താന്‍ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും തന്നെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നുനാള്‍ കഴിഞ്ഞ് താന്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും  ചെയ്യുമെന്ന് ശിഷ്യന്മാരോടു വെളിപ്പെടുത്തിയ സംഭവവുമായി (മര്‍ക്കോസ് 8,31) ചേര്‍ത്തു  വായിക്കേണ്ടിയിരിക്കുന്നു. ഈ വെളിപ്പെടുത്തല്‍ പത്രോസിലും ശിഷ്യഗണത്തിലും ഒരു പ്രതിസന്ധിയുളമാക്കി. ജനങ്ങളുടെ തലവന്മാര്‍ യേശുവിനെ തള്ളിക്കളയുകയും വധിക്കുകയും ചെയ്യും എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. വാസ്തവത്തില്‍ അവര്‍ പ്രതീക്ഷിച്ചിരുന്നത് പ്രബലനായ, ശക്തനായ, അധിപനായ ഒരു മിശിഹായെ ആണ്. എന്നാല്‍ യേശുവാകട്ടെ സ്വയം വെളിപ്പെടുത്തുന്നത് പീഢനങ്ങളുടെയും സഹനത്തിന്‍റെയും മരണത്തിന്‍റെയും വഴിയിലൂടെ കടന്നു പോയി ജീവന്‍ ബലിയായിയായി നല്കേണ്ട  എളിയവനായ, ശാന്തനായ ദൈവദാസന്‍ ആയിട്ടാണ്, മനുഷ്യരുടെ ശുശ്രൂഷകനായിട്ടാണ്. ഇഹലോക വാസം ഇങ്ങനെ അവസാനിക്കുന്ന ഒരു ഗുരുവിനെ, മിശിഹായെ അനുഗമിക്കാന്‍ എങ്ങനെ സാധിക്കും? ഇങ്ങനെ ആയിരുന്നു അവരുടെ ചിന്ത. അതിനുള്ള ഉത്തരം ലഭിക്കുന്നത് രൂപാന്തരീകരണസംഭവത്തില്‍ നിന്നാണ്. എന്താണ് യേശുവിന്‍റെ രൂപാന്തരീകരണം? അത് പെസഹാ പ്രത്യക്ഷീകരണത്തിന്‍റെ മുന്നാസ്വാദനമാണ്.

പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്നു ശിഷ്യരെയും കൂട്ടിയാണ് യേശു ഉയര്‍ന്ന മലയിലേക്കു പോകുന്നത്. അവിടെവച്ച്, ഒരു നിമിഷം അവിടന്ന് തന്‍റെ  മഹത്വം, ദൈവപുത്രന്‍റെ മഹത്വം വെളിപ്പെടുത്തുന്നു. ഈ സംഭവം ശിഷ്യന്മാരെ, തകര്‍ന്നടിയാതെ ഭാവാത്മകമായി യേശുവിന്‍റെ പീഢാസഹനത്തെ നേരിടാന്‍, പ്രാപ്തരാക്കുന്നു. പീഢാസഹനാനന്തരം യേശുവിന്‍റെ മഹത്വം എപ്രകാരമായിരിക്കും എന്നു അവര്‍ കണ്ടു. അങ്ങനെ യേശു അവരെ പരീക്ഷണത്തിന് ഒരുക്കുന്നു. ക്രിസ്തുവിന്‍റെ പീഢാസഹനം സഹനത്തിന്‍റെ രഹസ്യമാണെന്ന്, സര്‍വ്വോപരി, സ്നേഹത്തിന്‍റെ, യേശുവിന്‍റെ ഭാഗത്തുനിന്നുള്ള അനന്തസ്നേഹത്തിന്‍റെ ഒരു ദാനമാണെന്ന് മനസ്സിലാക്കാന്‍ രൂപാന്തരീകരണം ശിഷ്യരെയും നമ്മെയും സഹായിക്കുന്നു. യേശുവിന്‍റെ ഉത്ഥാനം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മലയില്‍ യേശു രൂപാന്തരപ്പെട്ട സംഭവം നമ്മെ പ്രാപ്തരാക്കുന്നു.

പീഢകള്‍ സഹിച്ചവനും മഹത്വീകൃതനും ആയവന്‍ മനുഷ്യന്‍ മാത്രമല്ല തന്‍റെ മരണം വരെയുള്ള വിശ്വസ്തസ്നേഹത്താല്‍ നമ്മെ രക്ഷിച്ച ദൈവസുതനും ആണെന്ന് മുന്‍കൂട്ടി അറിയേണ്ടത് കുരിശിന്‍റെ രഹസ്യം ഗ്രഹിക്കുന്നതിന് ആവശ്യമാണ്. ജോര്‍ദ്ദാന്‍ നദിയില്‍ വച്ച് യേശുവിന്‍റെ മാമ്മോദീസാനന്തരം ആ പുതനെക്കുറിച്ചു നടത്തിയ മിശിഹായക്കടുത്ത തന്‍റെ പ്രഖ്യാപനം പിതാവ് അങ്ങനെ നവീകരിക്കുകയും “അവനെ ശ്രവിക്കുവിന്‍” എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഗുരു മര​ണം വരിച്ചെങ്കിലും പ്രത്യാശയോടും വിശ്വാസത്തോടും കൂടെ അവിടത്തെ പിന്തുടരാന്‍ ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂരിശില്‍, അപ്രകാരമുള്ളൊരു മരണത്തില്‍, യേശുവിന്‍റെ  ദൈവികത ആവിഷ്കൃതമാകേണ്ടിയിരുന്നു. ഇവിടെ മര്‍ക്കോസ് സുവിശേഷകന്‍ ശതാധിപന്‍റെ  അധരങ്ങളിലൂടെ ആ വിശ്വാസ പ്രഖ്യാപനം അവതരിപ്പിക്കുന്നു: “ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രന്‍ ആയിരുന്നു” (മര്‍ക്കോസ് 15,39).

ക്രിസ്തുവിന്‍റെ വരപ്രസാദത്താല്‍ ആന്തരികരൂപാന്തരീകരണത്തിനു വിധേയായ മനുഷ്യസൃഷ്ടിയായ പരിശുദ്ധ കന്യകാമറിയത്തോടു നമുക്ക് ഇപ്പോള്‍ പ്രാര്‍ത്ഥിക്കാം. നോമ്പുകാല പ്രയാണം വിശ്വാസത്തോടും ഉദാരതയോടുംകൂടെ തുടരുന്നതിനു നമുക്കു നമ്മെത്തന്നെ അവളുടെ മാതൃസന്നിഭ സഹായത്തിന് ഭരമേല്പിക്കാം.     

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     “കര്‍ത്താവിന്‍റെ മാലാഖ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

യുദ്ധം ഈ ദിനങ്ങളില്‍ രൂക്ഷമായിരിക്കുന്ന നിണപങ്കിലവും പ്രിയപ്പെട്ടതുമായ സിറിയയെക്കുറിച്ച്, വിശിഷ്യ, പൗരസ്ത്യ ഗൗട്ടയെക്കുറിച്ചുള്ള തന്‍റെ ചിന്തകള്‍ പാപ്പാ ആശീര്‍വ്വാദാനന്തരം പങ്കുവച്ചു.

സപ്തവര്‍ഷ സംഘര്‍ഷത്തില്‍ ആക്രമണം ഏറ്റവും കൂടുതല്‍ തീവ്രതയാര്‍ജ്ജിച്ചവയില്‍ ഒന്നാണ് ഈ ഫെബ്രുവരിയെന്ന് പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു. കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളുമുള്‍പ്പെടെ നൂറുകണക്കിന്, ആയിരക്കണക്കിന് പൗരന്മാര്‍ ഈ ആക്രമണത്തിന് ഇരകളായി; ആശുപത്രികള്‍ ആക്രമിക്കപ്പെട്ടു; ജനങ്ങള്‍ക്ക് ആഹാരത്തിന് വഴിയില്ല; പ്രിയ സഹോദരീസഹോദരന്മാരേ, ഇത് മനുഷ്യത്വരഹിതമാണ്. ഒരു തിന്മയ്ക്കെതിരെ മറ്റൊരു തിന്മകൊണ്ടല്ല പോരാടേണ്ടത്. യുദ്ധം ഒരു തിന്മയാണ്. അക്രമം ഉടന്‍ അവസാനിപ്പിക്കാനും, ഭക്ഷണവും ഔഷധങ്ങളുമുള്‍പ്പടെയുള്ള മാനവിക സഹായങ്ങള്‍ എത്തിക്കുന്നതിന് അനുവദിക്കാനും മുറിവേറ്റവരെയും രോഗികളെയും മാറ്റി പാര്‍പ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇത് ഉടന്‍ സംഭവിക്കുന്നതിനുവേണ്ടി നമുക്ക് ഇപ്പോള്‍ ഏകയോഗമായി പ്രാര്‍ത്ഥിക്കാം.

അല്പസമയത്തെ മൗന പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന നയിച്ചു.

തുടര്‍ന്നു പാപ്പാ ത്രികാലപ്രാര്‍ത്ഥയക്കെത്തിയിരുന്ന വിവിധരാജ്യക്കാരെ, വിശിഷ്യ, അപൂര്‍വ്വരോഗങ്ങളാല്‍ ക്ലേശിക്കുന്നവര്‍ക്കുവേണ്ടിയുള്ള ദിനാചരണത്തോടനുബന്ധിച്ച് എത്തിയിരുന്ന, ആ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഘടനകളുടെ പ്രതിനിധികളെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും അവര്‍ക്ക് പ്രചോദനം പകരുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.  

പതിവുപോലെ പാപ്പാ   എല്ലാവര്‍ക്കും ശുഭ ഞായറും നല്ല ഉച്ചവിരുന്നും നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.








All the contents on this site are copyrighted ©.