വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 9, 2-10.
ഇവിടെ ആയിരിക്കുന്നത് നല്ലത്!
ജരൂസലേമിലേയ്ക്കു പോകുംവഴി ക്രിസ്തു പ്രിയ ശിഷ്യരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ
ഒരു ഉയര്‍ന്ന മലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ പ്രാര്‍ത്ഥിക്കവെ അവിടുത്തെ മുഖം
തേജസ്സാര്‍ന്നു. സൂര്യനെപ്പോലെ പ്രശോഭിച്ചു. വസ്ത്രം വെണ്മയാര്‍ന്നു. മോശയും ഏലിയായും
ഇറങ്ങിവന്ന് അവിടുത്തോടു സംവദിച്ചു. അപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ,
നമ്മള്‍ ഇവിടെയായിരിക്കുന്നത് നല്ലതാണ്! അങ്ങേയ്ക്ക് ഇഷ്ടമാണെങ്കില്‍ നമുക്കിവിടെ മൂന്നു
കൂടാരങ്ങള്‍ നിര്‍മ്മിക്കാം. ഒന്ന് അങ്ങേയ്ക്കും, പിന്നെ മോശയ്ക്കും, മറ്റൊന്ന് ഏലിയായ്ക്കും…”
(4). പറഞ്ഞുനില്ക്കെ ഒരു വെണ്‍മേഘം വന്ന് അവരെ മൂടിക്കളഞ്ഞു. കൂടിയുണ്ടായിരുന്ന മൂന്നു
ശിഷ്യന്മാര്‍ ഈ മഹല്‍സംഭവത്തിന്‍റെ സാക്ഷികളായിരുന്നു.
രണ്ടു വ്യത്യസ്ത അഭിപ്രായങ്ങള്‍
രൂപാന്തരീകരണത്തെക്കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. രണ്ടു വിരുദ്ധാഭിപ്രായങ്ങളാണ്!
ഒന്ന് ശിഷ്യന്മാരുടേതാണ്, മറ്റേത് യേശുവിന്‍റേതും. ശിഷ്യന്മാരുടെ അഭിപ്രായമെന്താണ്? യേശു
രൂപാന്തരപ്പെടുമ്പോള്‍, അല്ലെങ്കില്‍ മഹത്വപ്പെടുമ്പോള്‍, അവിടുത്തെ മുഖം പ്രകാശിതമാകുമ്പോള്‍,
വസ്ത്രം തിളങ്ങുമ്പോള്‍... ശിഷ്യന്മാര്‍ പറയുന്നു നമുക്കിവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം
- ഒന്ന് മോശയ്ക്ക്, മറ്റൊന്ന് അങ്ങേയ്ക്ക്, പിന്നൊന്ന് ഏലിയായ്ക്ക്! ഇതാണ് താബോര്‍ മലയില്‍
ശിഷ്യന്മാര്‍ ആഗ്രഹിച്ചത്. ‘ടെന്‍റു’ കെട്ടി അവിടത്തന്നെ കൂടാനായിരുന്നു ശിഷ്യന്മാരുടെ
താല്പര്യം. അതായത് ഈ വലിയ സന്തോഷത്തിന്‍റെയും മഹത്വത്തിന്‍റെയും പ്രഭയുടെയും, ഈ ‘ഗ്ലോരി’യുടെ
വലിയ അവസ്ഥയില്‍ അവിടെത്തന്നെ പാര്‍ക്കുക’. അവിടെ കഴിയാനാണ് അവരുടെ പ്ലാന്‍.
എന്നാല്‍ യേശു ചെയ്യുന്നത് ശിഷ്യന്മാരുടെ കൈക്കുപിടിച്ച്, അവരെയും കൂട്ടി അവിടുന്ന് മലയിറങ്ങുന്നു. താഴെയിറങ്ങുന്നു. ഇതാണ് വിരുദ്ധത എന്നു പറയുന്നത്. ഒന്ന് ഈ മഹത്വത്തിന്‍റെ മലമുകളില്‍ കൂടാരാമടിച്ചു പാര്‍ക്കുവാനുള്ള ശിഷ്യന്‍റെ താല്പര്യമാണ്. അതെന്നും മനുഷ്യന്‍റെ പ്രലോഭനമാണ്, ഭാഗധേയമാണ്. അത് സമ്പത്തു തരുന്ന സുഖമാകാം. അധികാരം തരുന്ന സുഖമാകാം. മാത്രമല്ല, ആത്മീയത തരുന്ന സുഖവും സൗകര്യങ്ങളുമാകാം! അതിന്‍റെ വലിയ മഹത്വത്തില്‍... അതിന്‍റെ രൂപാന്തരീകരണത്തില്‍, അതിന്‍റെ ‘ഗ്ലോരി’യില്‍ മുഴുകിയിരിക്കുവാനുള്ള പ്രലോഭനമാണിത്. ആത്മീയതയുടെ വലുപ്പത്തില്‍ അതിന്‍റെ മഹത്വത്തില്‍ അവിടെത്തന്നെ തമ്പടിച്ചുകൂടുക. ഇത് എന്നും മനുഷ്യന് ഉണ്ടാകുന്ന പ്രലോഭനമാണ്. ആത്മീയ മേഖലയിലും ഈ പ്രലോഭനം വളരെ ശക്തമാണ്. പക്ഷെ അതിന് വിരുദ്ധമാണ് യേശുവിന്‍റെ മനോഭാവം.
രൂപാന്തരീകരണം തരുന്ന പ്രത്യാശ പ്രത്യാശപകരുന്ന അനുസ്മരണവും ധ്യാനവുമാണ്
ക്രിസ്തുവിന്‍റെ രൂപാന്തരീകരണം.
മനുഷ്യര്‍ ദൈവത്തോടുകൂടെ ആയിരിക്കുന്നതിനും, സഹോദരങ്ങള്‍ക്ക് ശുശ്രൂഷചെയ്തു ജീവിക്കാനും
ഈ തിരുനാള്‍ ഏവരെയും ക്ഷണിക്കുന്നു. ലോകത്തിന്‍റേതായ ശൈലികളില്‍നിന്നും ഭൗമികവസ്തുക്കളില്‍നിന്നും
അകന്ന്, ആത്മീയ മലകയറി ക്രിസ്തുവിനെ ധ്യാനിച്ചു ജീവിക്കാനുള്ള ഉത്തേജനമാണ് ശിഷ്യന്മാരുടെ
താബോര്‍ ആരോഹണം ഇന്നും നല്കുന്ന പ്രചോദനം. വിധേയത്വത്തോടെയും സന്തോഷത്തോടെയും വചനം ഉള്‍ക്കൊണ്ട്,
പിതാവിനോട് ഗാഢമായി ഐക്യപ്പെട്ട് ശ്രദ്ധാപൂര്‍വ്വവും പ്രാര്‍ത്ഥനാപൂര്‍വ്വവും അവിടുത്തെ
സ്വരം ശ്രവിക്കാനും, അവിടുത്തെ ഹിതം അറിയാനുമാണ് ക്രിസ്തു താബോര്‍ മലയുടെ ഏകാഗ്രതയിലേയ്ക്ക്
പോയത്. മലമുകളിലെ രൂപാന്തരീകരണ സംഭവത്തിലൂടെ കാണിച്ചു തരുന്നത് - ചുറ്റുമുള്ള ലോകത്തില്‍നിന്നുള്ള
വിടുതലും, ഒരു ആത്മീയ ആരോഹണവുമാണ്. അവിടുന്നു പഠിപ്പിക്കുന്ന ഈ പരിത്യാഗത്തിന്‍റെ ആത്മീയശൈലി
അനുകരിച്ച് അനുദിന ജീവിതത്തില്‍ മനോഹരവും, മഹത്വമാര്‍ന്നതും, സമാധാനപൂര്‍ണ്ണവും വചനസാന്ദ്രവുമായ
ധ്യാനാത്മകതയുടെ ഏകാഗ്രമായ നിമിഷങ്ങള്‍ കണ്ടെത്താന്‍ ഇന്നും ക്രിസ്തു നമ്മെ ക്ഷണിക്കുന്നു.
മലയിറങ്ങുന്ന പുനര്‍ജനികള്‍
മലമുകളില്‍ രൂപാന്തരപ്പെട്ട ക്രിസ്തുവുമായി കൂടിക്കാഴ്ച നടത്തി, മനസ്സിനും ശരീരത്തിനും
നവോത്മേഷം നേടിയ ശിഷ്യന്മാര്‍ ആത്മനിര്‍വൃതിയുടെ അനുഭവവുമായിട്ടാണ് മലയിറങ്ങിയത്. നാം
പിന്‍ചെല്ലുന്ന ക്രിസ്തു കാണിച്ചുതരുന്ന പുനര്‍ജനിയുടെയും നവജീവന്‍റെയും പാതയാണിത്. എന്നും
ജീവിക്കുന്ന ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ സാദ്ധ്യതകള്‍ അനന്തമാണ്. ക്രിസ്തുവുമായുള്ള
നേര്‍ക്കാഴ്ചകളാല്‍ നവീകൃതരായി, അവിടുത്തെ ചൈതന്യത്താല്‍ നിറഞ്ഞവരായി വേണം നാം അനുദിന
ജീവിതത്തിന്‍റെ മലയിറങ്ങാന്‍. യഥാര്‍ത്ഥമായ മാനസാന്തരത്തിന്‍റെ പുതിയ കാല്‍വയ്പും, സ്നേഹപ്രവൃത്തികള്‍
ജീവിതനിയമമാക്കി അനുദിനം മുന്നോട്ടു പോകുന്നതിനുള്ള ക്രൈസ്തവസാക്ഷ്യത്തിന്‍റെ ചുവടുവയ്പുമാണ്
ക്രിസ്തുവിനോടൊപ്പമുള്ള ഈ മലയിറക്കം. അങ്ങനെ ക്രിസ്തു സാന്നിദ്ധ്യത്താലും അവിടുത്തെ വചനത്താലും
രൂപാന്തരീകൃതരായി സഹോദരങ്ങള്‍ക്ക്, വിശിഷ്യാ എളിയവര്‍ക്ക് നന്മചെയ്ത് ദൈവസ്നേഹത്തിന്‍റെ
സാക്ഷികളായി ജീവിക്കാന്‍ രൂപാന്തരീകരണവും അതിന്‍റെ ആത്മീയാനുഭവവും നമ്മെ സഹായിക്കും!
ഏകാന്തതയും പരിത്യക്തതയും അനുഭവിക്കുന്നവരും, വിവിധ രോഗങ്ങളാല്‍ ക്ലേശിക്കുന്നവരും ലോകത്തിന്ന്
നിരവധിയാണ്. അനീതിക്കും അഴിമതിക്കും അക്രമങ്ങള്‍ക്കും ഇരകളായി, വേദനിച്ചും വിഷമിച്ചും
കഴിഞ്ഞുകൂടുന്ന സ്ത്രീ പുരുഷന്മാരും കുഞ്ഞുങ്ങളും ലോകത്തെവിടെയും ധാരാളമുണ്ട്.
താബോറിലെ രക്ഷാസന്ദേശം
താബോറില്‍നിന്നും ഇന്നും നമുക്കു ലഭിക്കുന്ന സന്ദേശമിതാണ്: ‘നിങ്ങള്‍ അവിടുത്തെ ശ്രവിക്കുവിന്‍!’
ക്രിസ്തുവിനെ ശ്രവിക്കുവിന്‍. അവിടുന്നില്‍ വിശ്വസിക്കുവിന്‍. അവിടുന്നാണ് രക്ഷകന്‍.
അവിടുത്തെ അനുഗമിക്കുക! ക്രിസ്തുവിനെ മനസ്സിലാക്കുവാന്‍ അവിടുത്തെ പെസഹാരഹസ്യത്തിന്‍റെയും
സഹനത്തിന്‍റെയും യുക്തി നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അവിടുത്തെ സഹനശൈലി സ്വീകരിക്കുമ്പോള്‍
മാത്രമാണ് നമ്മുടെ ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്കുള്ള സ്നേഹസമ്മാനവും സമര്‍പ്പണവുമായി രൂപാന്തരപ്പെടുന്നത്.
ലൗകിക വസ്തുക്കളില്‍നിന്നും അകന്ന് ആന്തരിക സ്വാതന്ത്ര്യത്തോടെ ദൈവഹിതത്തിന് വിധേയപ്പെട്ടു
ജീവിക്കുവാന്‍ സാധിക്കുന്നത് ക്രിസ്തുവിലുള്ള രൂപാന്തരീകരണത്തിലൂടെയാണ്. സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട്
എല്ലാം മറ്റുള്ളവര്‍ക്കായി നേടുകയും, സകലര്‍ക്കും രക്ഷ നല്കുന്നതുമായ നിത്യാനന്ദത്തിന്‍റെ
ജീവിതശൈലിയാണ് ക്രിസ്തു കാണിച്ചുതരുന്നത്. നിത്യാനന്ദത്തിലേയ്ക്കുള്ള മാര്‍ഗ്ഗം ക്രിസ്തുവാണ്.
അവിടുത്തെ പാതയില്‍ കുരിശുകളുണ്ടാകും, എന്നാല്‍ അവസാനം ആനന്ദവും! ക്രിസ്തു നമ്മെ ഉപേക്ഷിക്കുകയില്ല.
അവിടുത്തെ വഴിയെ ചരിക്കുന്നവര്‍ക്ക് വാഗ്ദാനംചെയ്യപ്പെട്ട സന്തോഷം തീര്‍ച്ചയായും ലഭിക്കും.
‘ജീവന്‍ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നവന് അത് നഷ്ടമാകും. എന്നാല്‍ അത് ക്രിസ്തുവിനെയോ
സുവിശേഷത്തെയോപ്രതി നഷ്ടപ്പെടുത്തുന്നവന് നേട്ടമായി ഭവിക്കും (മാര്‍ക്കോസ് 8, 35). സകല
മനുഷ്യര്‍ക്കുമായുള്ള ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതി ഇതാണ്.
പരിത്യാഗത്തില്‍ വിരിയുന്ന നവജീവന്‍
ഓര്‍മ്മിക്കണം, ജീവിതത്തോട് രണ്ടു വിധത്തിലുള്ള സമീപനമാകാമെന്ന ലളിതമായ പാഠമാണ് ഈ തപസ്സിലൂടെയും
കുരിശിലൂടെയും ക്രിസ്തു പകര്‍ന്നുതരുന്നത്. ജൈവമനുഷ്യനായതുകൊണ്ട് ജന്മത്തെ ‘ഗോതമ്പുമണി’യെന്നാണ്
അവിടുന്ന് വിശേഷിപ്പിച്ചത്. അതിനു മുമ്പില്‍ എപ്പോഴും രണ്ടു സാധ്യതകളുണ്ട്. ആദ്യത്തേത്,
നമ്മുടെതന്നെ നടപ്പു രീതിയാണ് – ജീവിതം പത്തായത്തിലെന്നപോലെ തങ്ങളില്‍ ആരംഭിച്ചത്, തങ്ങളില്‍
അഭിരമിച്ച് തങ്ങളിലൊടുങ്ങുന്ന ജീവിതവൃത്തത്തോട് ഒരു കുഴപ്പവും തോന്നാത്തവര്‍. എന്നാല്‍
ഈ തപസ്സില്‍ ക്രിസ്തു ആവശ്യപ്പെടുന്നത് രണ്ടാമത്തെ രീതിയാണ്, മലയിറങ്ങി സഹോദരങ്ങളിലേയ്ക്ക്
ഇറങ്ങിച്ചെല്ലാനാണ്. ത്യാഗപൂര്‍വ്വം അനുദിനജീവിതത്തെ അഭിമുഖീകരിക്കാനാണ്, സഹോദരങ്ങള്‍ക്ക്
സ്നേഹസാമീപ്യമാകാനാണ്. അവര്‍ക്കൊപ്പം ജീവിതക്കുരിശുകള്‍ വഹിക്കാനാണ്. പാപ്പാ
ഫ്രാന്‍സിസിന്‍റെ ഭാഷയില്‍, അതിരുകളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാനാണ്. സഹനത്തിലൂടെയും,
ജീര്‍ണ്ണതയിലൂടെയും കുടുംബത്തിലും സമൂഹത്തിലും ജീവിതം സമര്‍പ്പിക്കാനാണ് തപസ്സ് നമ്മോട്
ആവശ്യപ്പെടുന്നത്.
മലമുകളില്‍ ശ്രവിച്ച ദിവ്യസ്വരം
പത്രോസിനും യാക്കോബിനും യോഹന്നാനും താബോര്‍ മലയില്‍ ലഭിച്ച രൂപാന്തരീകരണത്തിന്‍റെ സന്ദേശം
നമുക്കും സ്വായത്തമാക്കാം. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നമുക്കും രൂപാന്തരപ്പെടാം. എല്ലാറ്റിനെയും
രൂപാന്തരപ്പെടുത്തുന്ന ശക്തി സ്നേഹമാണ്. സ്നേഹം എല്ലാറ്റിനെയും മാറ്റി മറിക്കുന്നു. സ്നേഹത്തിന്
രൂപാന്തരീകരണ ശക്തിയുണ്ടെന്ന് മനസ്സിലാക്കുകയല്ല, വിശ്വസിക്കുകയാണു വേണ്ടത്. സ്നേഹം എല്ലാറ്റിനെയും
രൂപാന്തരപ്പെടുത്തുന്നുവെന്നത് ക്രിസ്തീയ വിശ്വാസമാണ്. ഇന്നത്തെ ആദ്യവായന ഉല്പത്തിപ്പുസ്തകഭാഗം
വിവിരിക്കുന്നത്, പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ വിശ്വാസമാണ്. ഏകജാതനെ നല്കുവാന്‍ പോരുന്ന
സ്നേഹസമര്‍പ്പമായി പരിണമിച്ച വിശ്വാസം (ഉല്പത്തി 22, 1-18). അതുതന്നെ റോമാക്കര്‍ക്കുള്ള
ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ മറ്റുവാക്കുകളില്‍ പറയുന്നു, ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും
ഒന്നിനും എന്നെ മാറ്റി നിറുത്താനാവില്ല! (റോമ. 8, 31-34).
ഉപസംഹാരം
ക്രിസ്തുവിന്‍റെ രൂപാന്തരീകരണ സംഭവത്തിന്‍റെ അനുസ്മരണയില്‍, അനുദിന ജീവിതത്തില്‍ നാം
കേള്‍ക്കേണ്ടത് ദൈവപിതാവിന്‍റെ സ്നേഹസ്വരമാണ്. “ഇവനെന്‍റെ പ്രിയപുത്രന്‍! നിങ്ങള്‍ ഇവനെ
ശ്രവിക്കുവിന്‍!!” നാം ഈ ദിവ്യസ്വരം ശ്രവിക്കണം, ശ്രദ്ധിക്കണം (5). ദൈവവചനത്തിന് സദാ
കാതോര്‍ക്കുകയും, അത് ഉള്‍ക്കൊള്ളുകയും, കാത്തുപാലിക്കുകയും ചെയ്ത പരിശുദ്ധ കന്യകാനാഥയുടെ
മാതൃപാദങ്ങളെ പിന്‍ചെല്ലാം (ലൂക്കാ 1, 51). ദൈവവചനം ശ്രവിച്ചും അതനുസരിച്ചും ജീവിച്ച
അമ്മയും ദൈവമാതാവുമായ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ! അതുവഴി ജീവല്‍പ്രകാശമായ ക്രിസ്തു
നമ്മുടെയും എളിയ ജീവിതങ്ങളെ പ്രകാശിപ്പിക്കട്ടെ!
All the contents on this site are copyrighted ©. |