2018-02-23 13:00:00

സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ഉപവാസദിനം-പാപ്പായുടെ ട്വീറ്റ്


ലോകത്തില്‍ സംഘര്‍ഷങ്ങള്‍ക്കറുതിയുണ്ടാകുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാ-ഉപവാസദിനം പാപ്പാ സ്വര്‍ഗ്ഗീയപിതാവിനു സമര്‍പ്പിക്കുന്നു.

സിറിയ, കോംഗൊ, സുഡാന്‍, എന്നീ ആഫ്രിക്കന്‍ നാടുകളിലും ലോകത്തിലെ ഇതര സംഘര്‍ഷവേദികളിലും സമാധാനം സംജാതമാകുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും ദിനം ആചരിക്കപ്പെട്ട ഈ വെള്ളിയാഴ്ച (23/02/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം, കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ അക്രമങ്ങള്‍ക്കിരകളാകുന്നവരെ പ്രത്യേകം അനുസ്മരിച്ചിരിക്കുന്നത്.

“വേദനയാല്‍ തന്നോടു നിലവിളിക്കുന്ന തന്‍റ മക്കളെ നമ്മു‌‌ടെ സ്വര്‍ഗ്ഗീയ പിതാവ് എന്നും ശ്രവിക്കുന്നു. സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും ഒരു ദിനം ഇന്നു നമുക്ക് അവിടത്തേക്കു സമര്‍പ്പിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഈ മാസം നാലാംതിയതി (04/02/18) ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനാവേളയിലാണ് പാപ്പാ ലോകത്തില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നവിടങ്ങളില്‍, വിശിഷ്യ, സിറിയയിലും കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലും സുഡാനിലും സമാധനം സംജാതമാകുന്നതിനു വേണ്ടി ഈ പ്രാര്‍ത്ഥനാഉപവാസദിനം ആചരിക്കാന്‍ സഭാതനയരെ ക്ഷണിച്ചത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.