2018-02-23 12:42:00

സഭ മുറിവു വച്ചുകെട്ടാന്‍ കുനിയേണ്ടവള്‍- വൈദികന്‍ തൊളെന്തീനൊ


സഭ മുന്‍ നിരയില്‍ നിന്നുകൊണ്ടു മുറിവു വച്ചുകെട്ടാന്‍ കുനിയേണ്ടവളാണെന്ന് ധ്യാനപ്രാസംഗികനായ വൈദികന്‍ ജൊസേ തൊളെന്തീനൊ ജ് മെന്തോണ്‍സ് (José Tolentino de Mendonça).

വത്തിക്കാനില്‍ നിന്ന് 30 ലേറെ കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അറീച്ച എന്ന പ്രദേശത്ത് ദിവ്യഗുരുവിന്‍റെ  നാമത്തിലുള്ള ധ്യാന കേന്ദ്രത്തില്‍ ഫ്രാന്‍സീസ് പാപ്പായ്ക്കും റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി ഞായറാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ (18-23/02/18) നടത്തപ്പെട്ട നോമ്പുകാല ധ്യാനത്തിന്‍റെ അവസാന വിചിന്തനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

“ദാഹ സ്തുതി” എന്ന മുഖ്യ പ്രമേയത്തെ “ദാഹത്തിന്‍റെ ശാസ്ത്രം”, “എനിക്കു ദാഹമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു”, “ശൂന്യ ദാഹം”, “യേശുവിന്‍റെ ദാഹം”, “ദാഹവര്‍ണ്ണന അശ്രുക്കള്‍”, “സ്വന്തം ദാഹത്താല്‍ പാനം ചെയ്യല്‍”, “അഭിലാഷരൂപങ്ങള്‍”, “പ്രാന്തങ്ങളുടെ ദാഹ ശ്രവണം”, “ദാഹത്തിന്‍റെ  സൗഭാഗ്യങ്ങള്‍” എന്നിങ്ങനെ ഉപപരിചിന്തന വിഷയങ്ങളായി തിരിച്ചുകൊണ്ട് നടത്തിയ ഈ ഷഡ്ദിന ധ്യാനത്തില്‍ “ദാഹത്തിന്‍റെ  സൗഭാഗ്യങ്ങള്‍” എന്നതായിരുന്നു ഈ വിചിന്തനത്തിന്‍റെ വിഷയം.

സഭ ഒരു ആവൃതി അല്ലെന്നും പുറത്തേക്കിറങ്ങുന്നതിന് ആനുപാതികമായി സഭ കൂടുതല്‍ ഊര്‍ജ്ജസ്വലയാകുമെന്നും സാകല്യസംസ്കൃതിയുടെ താക്കോല്‍ കൊണ്ട് വാതില്‍ തുറന്നിടേണ്ടവളാണെന്നും വൈദികന്‍ ജൊസേ തൊളെന്തീനൊ ജ് മെന്തോണ്‍സ് വിശദീകരിച്ചു.

സുവിശേഷസൗഭാഗ്യങ്ങളെക്കുറിച്ചു പരമാര്‍ശിച്ച അദ്ദേഹം അത് ഒരു നിയമത്തെക്കാളുപരി അനന്യതയേകുന്ന ശക്തമായ അടയാളമാണെന്നും അസ്തിത്വപരമായ വിളിയാണെന്നും ജീവിത ശൈലിയാണെന്നും ഉദ്ബോധിപ്പിച്ചു.

സുവിശേഷസൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ല എന്ന വസ്തുതയും ധ്യാനപ്രാസംഗികന്‍ എടുത്തുകാട്ടി.








All the contents on this site are copyrighted ©.