2018-02-23 12:51:00

കൊള്ളപ്പലിശയെന്ന ആക്രമണത്തെ ചെറുക്കുക, പ്രത്യാശ പകരുക-പാപ്പാ


അഴിമതി സാമൂഹ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും നുഴഞ്ഞു കയറിയിരിക്കുന്ന ഏറെ ദുര്‍ഘടമായ ഒരു കാലഘട്ടത്തിലാണ് നാമെന്ന് മാര്‍പ്പാപ്പാ ആശങ്ക പ്രകടിപ്പിക്കുന്നു.

ഇറ്റലിയിലെ കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന അന്യായപ്പലിശ വിരുദ്ധ ദേശീയ ആലോചനാസമിതിയുടെ (CONSULTA NAZIONALE ANTIUSURA) അദ്ധ്യക്ഷന്‍ മോണ്‍സിഞ്ഞോര്‍ അല്‍ബേര്‍ത്തൊ ദൂര്‍സൊയ്ക്ക് ഈ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുകയും നന്ദിപ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടയച്ച ഒരു കത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയത്.

ഈ മാസം 12 നയച്ച ഈ കത്ത് ഈ സമിതി ഈ ദിവസങ്ങളിലാണ് പരസ്യപ്പെടുത്തിയത്.

കൊള്ളപ്പലിശയുടെയും ചൂതാട്ടാത്തിന്‍റെയും തുരങ്കത്തില്‍ നിന്ന് പുറത്തു കടന്നുകൊണ്ടിരിക്കുന്നവര്‍ നരിവധിയായണെന്ന് അനുസ്മരിക്കുന്ന  പാപ്പാ  അവര്‍ക്ക്  പ്രത്യാശപകരാന്‍ ഈ സമിതിയംഗങ്ങള്‍ക്ക് പ്രചോദനം നല്കുന്നു.

പുറന്തള്ളലിന്‍റെയും അനീതിയുടെയും ചുഴിയില്‍ നിന്നു പുറത്തുകടക്കുന്നതിന് തങ്ങള്‍ സഹായിക്കപ്പെടുന്നുണ്ടെന്നും തങ്ങളെ ശ്രവിക്കാന്‍ ആളുകളുണ്ടെന്നുമുള്ള വിശ്വാസം കൊള്ളപ്പലിശയെന്ന നിഗൂഢാക്രമണത്തിന് ഇരകളായവര്‍ക്ക് ഉണ്ടാകുന്നതിന് അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിക്കാനും പാപ്പാ സമിതിയംഗങ്ങളോടു പറയുന്നു.

അന്യായപ്പലിശ വിരുദ്ധ ദേശീയ ആലോചനാസമിതിയുടെ 300 ഓളം പേരടങ്ങുന്ന പ്രതിനിനിധി സംഘവുമായി ഫ്രാന്‍സീസ് പാപ്പാ ഈ മാസം മൂന്നാം തിയതി (03/02/18) വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.








All the contents on this site are copyrighted ©.