2018-02-22 09:17:00

സഭയുടെ വസ്തുവകകള്‍ തുര്‍ക്കിയിലെ സര്‍ക്കാര്‍ വിട്ടുകൊടുക്കും


തയീപ്പ് ഏര്‍ദോഗാന്‍ സര്‍ക്കാരിന്‍റെ തുര്‍ക്കിയിലെ നീക്കങ്ങള്‍ പ്രത്യാശപൂര്‍ണ്ണമെന്ന് മോര്‍ പ്രിയോര്‍ മര്‍ദീന്‍, സീറിയന്‍ ഓര്‍ത്തഡോക്സ് സഭാപ്രസ്ഥാനത്തിന്‍റെ വക്താവ് വെളിപ്പെടുത്തി.  ഫെബ്രുവരി 20-Ɔο തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം  അറിയിച്ചത്.

പതിറ്റാണ്ടുകളായി സര്‍ക്കാര്‍ അധീനത്തിലാക്കിയിരുന്ന തുര്‍ക്കിയിലെ പ്രമുഖ ഓര്‍ത്തഡോക്സ് സഭാ കേന്ദ്രങ്ങളും വസ്തുവകകളും നിരുപാധികമായി സഭാസമൂഹത്തിനു വിട്ടുകൊടുക്കാനുള്ള അവിടത്തെ കോടതിയുടെയും സര്‍ക്കാര്‍ പക്ഷത്തിന്‍റെയും തീരുമാനമാണ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏറെ ആശ്വാസകരമായിരിക്കുന്നത്.  സീറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ  സര്‍ക്കാര്‍ അധീനത്തിലായിന്ന വസ്തുവകകള്‍ തിരികെ ലഭിക്കുന്നതിനെക്കുറിച്ചു പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കെയാണ് സീറിയന്‍ സഭകള്‍ക്ക് അവകാശപ്പെട്ട വസ്തുവകകള്‍ വിട്ടുകൊടുക്കാനുള്ള തീരുമാനങ്ങള്‍ ഏര്‍ദോഗാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.   ഈ പ്രഖ്യാപനംവഴി രാജ്യത്തുടനീളം ഉപയോഗത്തിലുണ്ടായിരുന്ന പുരാതന ദേവാലയങ്ങളും, സന്ന്യാസാലയങ്ങളും, കൂടാതെ വലിയ സിമിത്തേരികളുമാണ് ഓര്‍ത്തഡോക്സ് സമൂഹങ്ങള്‍ക്ക് തിരികെ നല്കപ്പെടുന്നതെന്ന് സഭയുടെ വസ്തുവകകള്‍ സംരക്ഷിക്കുന്ന മോര്‍ ഗബ്രിയേല്‍ മാര്‍ദിന്‍ ഫൗണ്ടേഷന്‍റെ പ്രസ്താവന വ്യക്തമാക്കി.

1959-മുതല്‍ തുര്‍ക്കി ഭരിക്കുന്ന ഏര്‍ദോഗാന്‍ 2014 നവംബറില്‍ പാപ്പാ ഫ്രാന്‍സിസിനെ തന്‍റെ രാജ്യത്തു സ്വീകരിക്കാന്‍ സന്മനസ്സു കാട്ടിയിരുന്നു. 2018 ഫെബ്രുവരി 5-Ɔ‍ο തിയതി തിങ്കളാഴ്ച ഏര്‍ദോഗാന്‍ വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു സമാധാനദൂതനെപ്പോലെ പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിക്കാനെത്തിയ ഏര്‍ദോഗാന് എതിരായി റോമില്‍ അങ്ങുമിങ്ങും പ്രതിഷേധശബ്ദം ഉയരുകയുണ്ടായി.   ഇസ്രായേല്‍-പലസ്തീന്‍ സമാധാനം, മദ്ധ്യപൂര്‍വ്വദേശത്തെ സ്ഥിതിഗതികള്‍, തുര്‍ക്കിയിലെ ക്രൈസ്തവര്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് വത്തിക്കാനില്‍വച്ച് ഇരുപക്ഷവും ആശയങ്ങള്‍ കൈമാറുകയും 40 മിനിറ്റോളം സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചിരുന്നു. 








All the contents on this site are copyrighted ©.