2018-02-22 17:07:00

വിശ്വാസികളും അവിശ്വാസികളും ഒരുപോലെ ദൈവത്തെ തേടുന്നവര്‍


ഫാദര്‍ ഹോസ്സെ മെന്തോന്‍സാ – അരീച്ചയിലെ ധ്യാനഗുരുവിന്‍റെ ചിന്താശകലം :

ദൈവത്തെക്കുറിച്ചുള്ള അറിവിലും ആത്മീയ വഴിയിലും വിശ്വാസികളായവര്‍ അവിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും മനസ്സിലാക്കുന്നത് നന്നാണ്. അരീച്ചായിലെ ദിവ്യഗുരുവിന്‍റെ ധ്യാനകേന്ദ്രത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെയും സഹപ്രവര്‍ത്തകരുടെയും തപസ്സുകാല വാര്‍ഷികധ്യാനത്തിന്‍റെ നാലാം ദിവസം, ഫെബ്രുവരി
21-Ɔο തിയതി ബുധനാഴ്ച സായാഹ്നപ്രഭാഷണത്തില്‍ ധ്യാനഗുരു, ഫാദര്‍ ഹൊസ്സെ മെന്തോന്‍സാ വികസിപ്പിച്ച ചിന്തയാണിത് :

ആഢ്യത്വം നടിക്കേണ്ടതില്ല
അവിശ്വാസികള്‍ക്ക് വിശ്വാസമില്ലാത്തവരെ ഒത്തിരി പഠിപ്പിക്കാനുണ്ട്. കാരണം വിശ്വാസികള്‍ അനുദിന വിശ്വാസനിഷ്ഠകളില്‍ ജീവിച്ച് തഴകി അത് പതിവും പഴക്കവുമായി മാറുന്നു. നാം ആത്മീയതയുടെ നിറവില്‍ മുങ്ങിക്കിടക്കുന്നതാനാല്‍ പലപ്പോഴും യഥാര്‍ത്ഥമായ ആത്മീയത ഇല്ലാത്തവരായിത്തീരുന്നു, അല്ലെങ്കില്‍ യഥാര്‍ത്ഥമായ ആത്മീയത എന്തെന്ന് തിരിച്ചറിവില്ലാത്ത പരമ്പരാഗത ക്രിസ്ത്യാനികളോ വിശ്വാസികളോ ആയി മാറുന്നു. നമ്മുടെ വിശ്വാസത്തിന് ക്രിസ്തുവോളമോ അപ്പസ്തോല കാലംവരെയ്ക്കുമോ പഴക്കമുണ്ടെന്നും, നാം അപ്പോസ്തോലനില്‍നിന്നു നേരിട്ടു വന്നിട്ടുള്ള തലമുറക്കാരാകയാല്‍ പ്രത്യേക ആഢ്യത്വമുള്ളവരാണെന്നും സാംസ്ക്കാര സമ്പന്നരാണെന്നും അവകാശപ്പെടുന്നു. പിന്നെ മറ്റുള്ളവര്‍ അവിശ്വസികളും അധകൃതരും സംസ്ക്കാരമില്ലാത്തവരാണെന്ന് മൗഢ്യമായി ചിന്തിക്കുന്നു! സഭാമക്കളും സഭയുടെ അധികാരികളും തങ്ങള്‍ക്കുവേണ്ടിത്തന്നെ ഇങ്ങനെ സംസാരിക്കുന്നത് വിഡ്ഢിത്തരമാണ്. ഇത് ആത്മീയതയുടെ ഒരു ദന്തഗോപുരത്തിലേയ്ക്കുള്ള കയറ്റം മാത്രവുമാണ്.

വിശ്വാസം അനുഷ്ഠാനമല്ല
അമ്മയായ സഭ അദ്ധ്യാപിക മാത്രല്ല, ശിഷ്യയുമാണ് – ക്രിസ്തുവിന്‍റെ ശിഷ്യയാണ്! ഒപ്പം എന്നും വളരുകയും കാലികമായി ഉണര്‍വ്വോടെ ചിന്തിക്കുകയും ചെയ്യേണ്ട ആത്മീയ യാത്രികയാണ്. എന്നാല്‍ നാം പാരമ്പര്യങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പ്രബോധകരും പ്രയോക്താക്കളുമായി വിമര്‍ശനാതീതമായി നിലകൊള്ളുന്നു. നൈസര്‍ഗ്ഗികതയ്ക്കും, ക്രിയാത്മകതയ്ക്കും, സ്നേഹസമ്പന്നമായ നവീനതയ്ക്കും തുറവു കാട്ടേണ്ടവര്‍, അനുദിന ജീവിത ആത്മീയതയെ ഒരു ‘ഓട്ടോമാറ്റിക്ക് പൈലറ്റിങ്’ (auto piloting) എന്നപോലെ, അനുദിന കര്‍മ്മാദികള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാത്രം വിട്ടുകൊടുത്തുകൊണ്ട് മുന്നോട്ടു പോകുന്ന രീതി അവലംബിക്കുന്നു.

സഭാതനയര്‍ സ്നേമുള്ളവരാകണം!
വിശ്വാസത്തെ ഒരു ആള്‍മറയോ പ്രസംഗപീഠമോ ആയി കാണരുത്. അതൊരു ജീവിതപാതയാണ്. നമുക്കു കിട്ടിയ വിശ്വാസവെളിച്ചത്തില്‍ പെട്ടന്ന് വിശുദ്ധിയുടെ കാവല്‍ക്കാരായി നാം അവതരിക്കുന്നു എന്നതാണ് സംഭവിക്കുന്നത്. എന്നാല്‍ സത്യത്തില്‍ നാം ദൈവത്തെ അന്വേഷിക്കുന്നവരായി മാറേണ്ടിയിരിക്കുന്നു! നാം സ്നേഹമുള്ളവരും തുറവുള്ളവരുമാകുന്നതിനു പകരം, അധികാരികളും കാര്യസ്ഥരുമായി നടിക്കുന്നു!
ഇതു ഖേദകരം.... (ആദ്യഭാഗം).








All the contents on this site are copyrighted ©.