2018-02-22 09:17:00

DOCAT ​LVI​: ''നീതിപൂര്‍വകമായ വേതനം''


ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1981-ല്‍, റേരും നൊവാരുമിന്‍റെ 90-ാം വര്‍ഷത്തില്‍ നല്‍കിയ രേഖയായ ലബോറെംഎക്സെര്‍ച്ചേന്‍സ് എന്ന രേഖയില്‍ നിന്ന് മൂന്നു പ്രസക്തഭാഗങ്ങളും  ഇതേ പാപ്പായുടെതന്നെ, റേരും നൊവാരുമിന്‍റെ ശതാബ്ദിയില്‍ പ്രസിദ്ധപ്പെടുത്തിയ ചെന്തേസ്സിമൂസ് അന്നൂസ് എന്ന രേഖയില്‍ നിന്ന്, തൊഴിലിന്‍റെ ദൈവികപദ്ധതിയെ വിശദീകരിക്കുന്ന ഭാഗവും നാം ചര്‍ച്ചയ്ക്കെടുക്കുന്നു.  ഫ്രാന്‍സീസ് പാപ്പാ എവാഞ്ചെലീ ഗാവുദിയും എന്ന അപ്പസ്തോലിക ലേഖനത്തില്‍, ഇന്നിന്‍റെ വലിച്ചെറിയല്‍ സംസ്ക്കാരത്തില്‍ തൊഴില്‍ വേണ്ടത്ര മാനിക്കപ്പെടുന്നില്ലെന്നുള്ള വസ്തുത ഊന്നിപ്പറയുന്ന ഭാഗവും കൂടി ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ലബോറെം എക്സെര്‍ച്ചേന്‍സ് എന്ന രേഖയില്‍ നിന്നു മൂന്നുഭാഗങ്ങളാണ് തുടര്‍ച്ചയായി നാം കാണുക. ഖണ്ഡിക 6, 10, 19 എന്നിവയാണവ.  തൊഴിലെന്നത്, പറുദീസയില്‍ നിന്നു പുറത്താക്കപ്പെട്ട മനുഷ്യന്‍റെ വിധിയാണെന്നു വിലയിരുത്തപ്പെടുമ്പോഴും അതു മനുഷ്യന്‍റെ വിളിയാണെന്ന് ലബോറെം എ ക്സെര്‍ച്ചെന്‍സ് ആറാംഖണ്ഡിക വ്യക്തമാക്കുന്നു. തൊഴിലിന്‍റെ ഏതു മാനം കണക്കിലെടുക്കുമ്പോഴും മനുഷ്യനാണ് അതിന്‍റെ ലക്ഷ്യം. വി. ജോണ്‍ പോള്‍ പാപ്പായുടെ വാക്കുകളിതാണ്.

10. ലബോറെം എക്സെര്‍ച്ചേന്‍സ്  6  (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1981): തൊഴില്‍ മനുഷ്യനുവേണ്ടിയാണ്

മനുഷ്യന്‍ തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുകയും അതിലേക്കു വിളിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് എത്രമാത്രം സത്യമായാലും, പ്രധാനമായി തൊഴില്‍, മനുഷ്യനുവേണ്ടിയാണ്. മനു ഷ്യന്‍ തൊഴിലിനുവേണ്ടിയല്ല എന്നതാണ് ആ നിഗമനം. ഓരോ ഇനം തൊഴിലും സര്‍വോപരി, തൊ ഴിലിന്‍റെ കര്‍ത്താവിനുള്ള മഹത്വത്തിന്‍റെ അളവനുസരിച്ച് - അതായത്, വ്യക്തിയെ, അതു നിര്‍വഹിക്കുന്ന വ്യക്തിയെ പരിഗണിച്ച് - വിധിക്കപ്പെടണം എന്നു കാണിച്ചുകൊടുക്കാന്‍ നമുക്കു ശ്രമിക്കാം.  ആത്യന്തികമായ അപഗ്രഥനത്തില്‍, മനുഷ്യന്‍ തന്നെയാണ് തൊഴിലിന്‍റെ ആ യഥാര്‍ഥ ലക്ഷ്യം.  എന്തു തൊഴിലായാലും - സാധാരണ മൂല്യങ്ങളുടെ അളവുകോല്‍ അതിനെ അങ്ങേയറ്റം വെറും ''സേവനം'' എന്നു തിട്ടപ്പെടുത്തിയാലും  അത് ഏറ്റവും യാന്ത്രികമായാലും, അത് ഏറ്റവും അന്യവത്ക്കരിക്കുന്ന തൊഴിലായാലും - മനുഷ്യന്‍തന്നെയാണു തൊഴിലിന്‍റെ ലക്ഷ്യം.

വീണ്ടും ലബോറെം എക്സെര്‍ച്ചേന്‍സ് പത്താം ഖണ്ഡിക ഊന്നിപ്പറയുന്നത് തൊഴിലും കുടുംബജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്.  ഒരു തൊഴില്‍ ഉറപ്പിച്ചിട്ട് കുടുംബജീവിതം ആരംഭിക്കുക എന്നത് യുവതീയുവാക്കള്‍ ആഗ്രഹിക്കുന്ന കാര്യമാണ്.  കുടുംബജീവിതവും തൊഴിലും തമ്മിലുള്ള ബന്ധത്തെയാണതു വെളിവാക്കുക. 

11. ലബോറെം എക്സെര്‍ച്ചേന്‍സ്  10  (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1981): തൊഴിലും കുടുംബവും

കുടുംബജീവിതം പടുത്തുയര്‍ത്താനുള്ള അടിത്തറയാണു തൊഴില്‍. കുടുംബജീവിതം മനുഷ്യന്‍റെ സ്വാഭാവികാവകാശമാണല്ലോ.  അവന്‍ അതിനായി വിളിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.  മൂല്യങ്ങളുടെ ഈ രണ്ടു മണ്ഡലങ്ങളും - അതായത്, തൊഴിലിന്‍റെയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന സകലതിന്‍റെയും മണ്ഡലങ്ങള്‍ - തമ്മില്‍ സമുചിതമായി കൂട്ടിയിണക്കേണ്ടിയിരിക്കുന്നു. അവ വേണ്ടവിധത്തില്‍ പരസ്പരം വ്യാപിക്കുകയും വേണം. ഒരു വിധത്തില്‍ പറഞ്ഞാല്‍, കുടുംബത്തിന്‍റെ സംസ്ഥാപനം സാധ്യമാക്കാനുള്ള വ്യവസ്ഥയാണു തൊഴില്‍. കാരണം, കുടുംബത്തിനു ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ ആവശ്യമുണ്ട്. മനു ഷ്യന്‍ സാധാരണയായി തൊഴിലിലൂടെയാണ് അതു സമ്പാദിക്കുന്നതും. തൊഴിലും അധ്വാനശീലവും കുടുംബത്തിലെ വിദ്യാഭ്യാസപ്രക്രിയയെ മുഴുവനായി സ്വാധീനിക്കുന്നു. കാരണം, വിദ്യാഭ്യാസ പ്രക്രിയ മുഴുവന്‍റെയും പ്രധാനലക്ഷ്യം ഒരു മനുഷ്യനായിത്തീരുക എന്നതാണല്ലോ.  എന്നാല്‍ ഓരോ മനുഷ്യനും യഥാര്‍ഥ ''മനുഷ്യനായിത്തീരുന്നത്'' മറ്റു പലതിലൂടെയും എന്നതുപോലെ തൊഴിലിലൂടെയുമാണ്.  തൊഴിലിന്‍റെ രണ്ടുവശങ്ങളും ഒരര്‍ഥത്തില്‍ ഇവിടെ പ്രകടമായിത്തീരുന്നു എന്ന കാര്യം വ്യക്തമാണ്.

തൊഴിലും കുടുംബജീവിതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയശേഷം ഇതേ രേഖ അതിന്‍റെ 19-ാംഖണ്ഡികയില്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്‍കുന്നതിനെക്കുറിച്ച് പഠിപ്പിക്കുന്നു.  നീതിനിഷ്ഠമായ വേതനത്തെക്കുറിച്ച് പാപ്പായുടെ പ്രബോധനം ഇപ്രകാരമാണ്.

12. ലബോറെം എക്സെര്‍ച്ചേന്‍സ്  19  (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1981): ന്യായമായ വേതനം നീതിയുടെ മാനദണ്ഡമെന്ന നിലയില്‍

ഓരോ വ്യവസ്ഥിതിയിലും അതില്‍ മൂലധനവും അധ്വാനവും തമ്മിലുള്ള അടിസ്ഥാനബന്ധങ്ങള്‍ എങ്ങനെയൊക്കെയായാലും - വേതനം അഥവാ തൊഴിലിനുള്ള പ്രതിഫലം ആണ് ബഹുഭൂരിപക്ഷം ആളുകള്‍ക്കും മുന്‍പറഞ്ഞ പൊതുവായ ഉപയോഗത്തിനുള്ള വസ്തുക്കള്‍ ലഭിക്കാനുള്ള പ്രായോഗിക മാര്‍ഗം.  പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലും നിര്‍മിത വസ്തുക്കളുടെ കാര്യത്തിലും ഇതു ശരിയാണ്. തൊഴിലാളി ഈ രണ്ടുതരം വസ്തുക്കളും നേടുന്നത് തൊഴിലിനു പ്രതിഫലമായിക്കിട്ടുന്ന വേതനത്തിലൂടെ ആകണം.  അതുകൊണ്ട് ഓരോ കാര്യത്തിലും മുഴുവന്‍ സാമൂഹികസാമ്പത്തിക ക്രമത്തിലെ നീതി പരിശോധിക്കാന്‍ ഉള്ള വസ്തുനിഷ്ഠമായ മാര്‍ഗം നീതിനിഷ്ഠമായ വേതനമാണ്.  അതിന്‍റെ പ്രവര്‍ത്തനം ഏതു കാര്യത്തിലാണെങ്കിലും നീതിപൂര്‍വകമായി നടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനുള്ള മാര്‍ഗവും അതുതന്നെയാണ്.  നീതി പരിശോധിക്കാനുള്ള ഏകമാര്‍ഗമല്ല ഇത്.  പക്ഷേ, പ്രത്യേക പ്രാധാന്യമുള്ള മാര്‍ഗമാണ് - ഒരര്‍ഥത്തില്‍ ഏറ്റവും പ്രാധാന്യമുള്ള മാര്‍ഗമാണ്.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ തന്നെ ചെന്തേസ്സിമൂസ് അന്നൂസ് എന്ന ചാക്രികലേഖനത്തില്‍ നിന്ന് പതിനഞ്ചാം ഖണ്ഡികയാണ് തുടര്‍ന്നുവരിക. നീതിനിഷ്ഠമായ വേതനത്തെക്കുറിച്ചു മുന്‍രേഖയില്‍ പറഞ്ഞ പാപ്പാ, ഈ രേഖയില്‍ ജോലിസമയത്തിന്‍റെ ദൈര്‍ഘ്യത്തെക്കുറിച്ച്, തൊഴിലാളി യൂണിയനുകളെക്കുറിച്ച് പ്രതിപാദിക്കുകയാണ്.  

13. ചെന്തേസ്സിമൂസ് അന്നൂസ് 15 (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1991):  യൂണിയനുകള്‍ക്ക് പ്രശംസ

അവസാനമായി, ജോലി സമയത്തിന്‍റെ ദൈര്‍ഘ്യം ''മാനുഷിക''മായിരിക്കണം. വേണ്ടത്ര ഒഴിവുസമയം ലഭിക്കുകയും വേണം.  മനസ്സാക്ഷിക്കു മങ്ങലോ വ്യക്തിപരമായ മഹത്വത്തിനു അപമാനമോ സഹിക്കേണ്ടിവരാത്ത വിധത്തില്‍ ജോലി സ്ഥലത്ത് സ്വന്തം വ്യക്തിത്വത്തെ പ്രകാശിപ്പിക്കാനുള്ള അവകാശം ഉണ്ടായിരിക്കുകയും വേണം. ഇവയെല്ലാം ഉറപ്പുവരുത്തണം.  ഇവിടെയാണ് ട്രെയ്ഡ് യൂണിയ നുകളുടെ പങ്കിനെപ്പറ്റി ഒരിക്കല്‍ക്കൂടി സൂചിപ്പിക്കാനുള്ളത്.  ഉടമ്പടികള്‍ ഉണ്ടാക്കുന്നതില്‍ മാത്രമല്ല, തൊഴിലാളികള്‍ക്കു തങ്ങളെത്തന്നെ പ്രകടിപ്പിക്കാനുള്ള ''വേദികള്‍'' എന്ന നിലയിലും അവയ്ക്കു പങ്കുണ്ട്.  തൊഴിലിന്‍റെ യഥാര്‍ഥമായ ഒരു സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ അവ സഹായിക്കുന്നു.  തങ്ങളുടെ തൊഴില്‍ സ്ഥലത്തുള്ള ജീവിതത്തെ തികച്ചും മാനുഷികമായ വിധത്തില്‍ പങ്കുവയ്ക്കാനും തൊഴിലാളികളെ അവ സഹായിക്കും.

തൊഴിലില്ലായ്മയുടെ പശ്ചാത്തലവും, അതിന്‍റെ ദുരന്തങ്ങളുമാണ് ഫ്രാന്‍സീസ് പാപ്പായുടെ എവാഞ്ചെലീ ഗാവുദിയും 53-ാം ഖണ്ഡിക ചൂണ്ടിക്കാണിക്കുന്നത്.  മത്സരത്തിന്‍റെ അതിജീവനത്തിന്‍റെയും നിയമങ്ങളാണ് ഇന്നു പ്രബലമായിരിക്കുന്നത്.  മത്സരിക്കാനുള്ള കഴിവില്ലാത്തവര്‍, ബലഹീനര്‍ എന്നിവരെല്ലാം പിന്തള്ളപ്പെടുന്നത്, തൊഴിലിന്‍റെ മേഖലയിലും യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുകയാണ്.  ശക്തമായ ഭാഷയില്‍, മനസ്സാക്ഷിയില്ലാത്ത ഈ പാര്‍ശ്വവത്ക്കരണത്തെ പാപ്പാ അപലപിക്കുന്നു. 

14. എവാഞ്ചെലീ ഗാവുദിയും 53 (ഫ്രാന്‍സീസ് പാപ്പാ, അപ്പസ്തോലികലേഖനം 2013):  തൊഴിലില്ലായ്മയും സമൂഹത്തില്‍ നിന്നുള്ള പുറന്തള്ളപ്പെടലും

ഇന്ന് എല്ലാക്കാര്യങ്ങളും മത്സരത്തിന്‍റെയും പ്രബലരുടെ അതിജീവനത്തിന്‍റെയും നിയമങ്ങള്‍ക്കു കീഴിലായിരിക്കുന്നു. അവിടെ ബലവാന്മാര്‍ ദുര്‍ബലരെ തിന്നുകൊഴുക്കുന്നു. അതിന്‍റെ അനന്തര ഫലമായി ജനസമൂഹങ്ങള്‍ ഒഴിവാക്കപ്പെട്ടവരായും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായും മാറുന്നു. അവര്‍ക്കു ജോലിയില്ല, സാധ്യതകളില്ല.  രക്ഷപ്പെടാന്‍ മാര്‍ഗമില്ല.

ഉപയോഗിച്ചിട്ടു വലിച്ചെറിയേണ്ട ഉപഭോഗവസ്തുവായി മനുഷ്യന്‍ കരുതപ്പെടുന്നു. നാം ഒരു ''വലി ച്ചെറിയല്‍'' സംസ്ക്കാരം സൃഷ്ടിച്ചിരിക്കുന്നു. അതിന്നു വ്യാപകമാകുകയാണ്. ഇതു കേവലം ചൂഷണത്തിന്‍റെയും ഞെരുക്കത്തിന്‍റെയും പ്രശ്നമല്ല, പിന്നെയോ പുതിയൊരു പ്രശ്നമാണ്. ഒരാള്‍ ജീവിക്കുന്നത് സമൂഹത്തിന്‍റെ ഭാഗമായിട്ടാണ്. അതര്‍ഥമാക്കുന്നതെന്തോ അതിനെയാണ് ആത്യന്തികമായി ഒഴി വാക്കല്‍ ബാധിക്കുന്നത്. ഒഴിവാക്കപ്പെട്ടവര്‍ സമൂഹത്തിന്‍റെ അടിത്തട്ടിലോ അതിരുകളില്‍പ്പോലുമോ ഉള്ളവരാകുന്നില്ല. അവകാശങ്ങളില്ലാത്തവരില്‍പ്പോലും ഉള്‍പ്പെടുന്നില്ല. അവര്‍ സമൂഹത്തിന്‍റെ ഒരുഭാഗമേ അല്ല.  ഒഴിവാക്കപ്പെട്ടവര്‍ 'ചൂഷിതരല്ല' പിന്നെയോ സമൂഹഭ്രഷ്ടരാണ്, 'തള്ളിക്കളയപ്പെട്ടവരാണ്'

ഭൗതികനന്മകള്‍ ആവശ്യത്തിലധികം സ്വരുക്കൂട്ടാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ ജ്ഞാനമില്ലാത്തവനാണ്.  ഭൂമിയും അതിലുള്ള സര്‍വവും നശ്വരമാണ്, എന്നേയ്ക്കും നിലനില്‍ക്കുന്നതല്ല എന്നുള്ള വ്യക്തമായ ബോധ്യം നമ്മിലുണ്ടാകണം. നിത്യത അവകാശമായിരിക്കുന്നത് ദൈവികഛായയില്‍ സൃഷ്ടിക്കപ്പെട്ട നമുക്കുമാത്രമാണ്. അവിടെ മനുഷ്യനും അവന്‍റെ തൊഴിലിനും അതിന്‍റേതായ സ്ഥാനമുണ്ട്. അതിനാല്‍, ആത്മാര്‍ഥമായ തൊഴില്‍, നീതിയായ വേതനം എന്നിവ ദൈവികനീതിയില്‍ വിലയിരുത്തപ്പെടും. അതിനാല്‍, നീതിനിര്‍വഹണം, സമാധാനപൂര്‍ണമായ ജീവിതത്തിന്, രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും തൊഴില്‍മേഖലയിലെയും കുടുംബ ജീവിതത്തിലെയും മാത്രമല്ല, വ്യക്തിജീവിതങ്ങളുടെയും സമാധാനത്തിന് അവശ്യമാണ്, ഒപ്പം നിത്യരക്ഷയ്ക്കും. 








All the contents on this site are copyrighted ©.