2018-02-21 18:50:00

കേഴുന്നവരെ തന്‍റെ സ്നേഹത്തിലേയ്ക്കു വിളിക്കുന്ന ക്രിസ്തു


നാലാം ദിവസം – 21 ഫെബ്രുവരി

പരസ്പര ബന്ധങ്ങളുടെ അടയാളമാണ് കണ്ണുനീരെന്ന്  പാപ്പാ ഫ്രാന്‍സിസിന്‍റെയും സഹപ്രവര്‍ത്തകരുടെയും ധ്യാനഗുരു, ഫാദര്‍ ഹൊസ്സെ തൊളെന്തീനോ മെന്തോന്‍സാ ഉദ്ബോധിപ്പിച്ചു.  വിശുദ്ധഗ്രന്ഥത്തിലെ വിലപിക്കുന്ന വിഭിന്നതരക്കാരായ വിശുദ്ധരായ സ്ത്രീകളെക്കുറിച്ചു പരാമാര്‍ശിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.  വത്തിക്കാനില്‍നിന്നും 30 കി.മി. അകലെ അരീച്ച എന്ന സ്ഥലത്തെ ദിവ്യഗുരുവിന്‍റെ കേന്ദ്രത്തില്‍ നടക്കുന്ന തപസ്സുകാല ധ്യാനത്തിന്‍റെ നാലാം ദിനം, ഫെബ്രുവരി 21-Ɔο തിയതി ബുധനാഴ്ച നല്കിയ പ്രഭാഷണത്തിലാണ് ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

കരച്ചിലും കണ്ണീരും വാചികമല്ലാത്തൊരു ആശയവിനിമയമാണെങ്കിലും അതൊരു സംവേദന ശൈലിയും ഭാഷയുമാണ്. ബൈബിള്‍ പരാമര്‍ശിക്കുന്ന വിലപിക്കുന്ന സ്ത്രീകള്‍ വെളിപ്പെടുത്തുന്നത് അവര്‍ ആദ്യം ക്രിസ്തുവുമായി ബന്ധത്തിലേര്‍പ്പെടുന്നത് അവിടുത്തെ ദൗത്യത്തില്‍ പങ്കുകാരാകുന്നതിനു വേണ്ടിയായിരുന്നു. അവരുടെ കണ്ണുനീര്‍ ആത്മീയ ആനന്ദത്തിന്‍റെയോ, അനുതാപത്തിന്‍റെയോ, അനുരഞ്ജനത്തിന്‍റേതോ ആയിരുന്നെന്നും ഫാദര്‍ മെന്തോന്‍സാ വ്യാഖ്യാനിച്ചു.  എന്തുതന്നെയായാലും കണ്ണുനീരിന് കൗദാശികമായൊരു ഭാവമുണ്ട്. അതുകൊണ്ടാണ് ക്രിസ്തു തന്‍റെ ഗിരിപ്രഭാഷണത്തില്‍ “വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ സമാശ്വസിപ്പിക്കപ്പെടും...” എന്നു മൊഴിഞ്ഞത്. അവിടുന്നു ഉപയോഗിക്കുന്ന ‘ഭാഗ്യവാന്മാര്‍’ എന്ന വാഴ്ത്തല്‍ ജീവനിലേയ്ക്കും സ്നേഹത്തിലേയ്ക്കുമുള്ള ഒരു ക്ഷണമാണ്. ജീവിതത്തില്‍ കരയുന്നവര്‍ക്ക് - വീണുപോയവര്‍ക്കും തളര്‍ന്നിരിക്കുന്നവര്‍ക്കും - രക്ഷയുണ്ടെന്ന ഉറപ്പാണ് വിലപിക്കുന്നവരെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ വാഴ്ത്തല്‍ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നത്.

കുഞ്ഞു കരയുന്നത് ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമല്ല, മറിച്ച്  അമ്മയുമായി ബന്ധപ്പെടാനും ഐക്യപ്പെടാനുമാണ്. ഒരുമിച്ചായിരിക്കാനുള്ള കുഞ്ഞിന്‍റെ അഭിവാഞ്ഛയും ലക്ഷ്യവും സജീവവും വ്യാപ്തവുമാണ്.  മനുഷ്യജീവിതം സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും കണ്ണുനീര്‍ തുള്ളികളാണ്. ഒപ്പം ജീവിതത്തെ പൂര്‍ണ്ണമാക്കുന്ന വേര്‍പാടിന്‍റെയും പരിത്യക്തതയുടെയും അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സംഭവബഹുലമായ ചരിത്രമാ​ണ് ജീവിതം! ഫാദര്‍ മെന്തോന്‍സാ വ്യാഖ്യാനിച്ചു.... അതിനാല്‍ ക്രിസ്തുവിന്‍റെ ചാരത്ത് അണയാനും അവിടുത്തെ ദൗത്യത്തില്‍ പങ്കുചേരാനും നാം കണ്ണീരണിയേണ്ടിയിരിക്കുന്നു. അത് അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയുമാക്കാം. മറിച്ച് ആത്മീയാനന്ദത്തിന്‍റെയും ആത്മനിര്‍വൃതിയുടെയും കണ്ണീര്‍ക്കണമാകാമത്....








All the contents on this site are copyrighted ©.