2018-02-17 12:24:00

സിനഡപൂര്‍വ്വയോഗത്തില്‍ 5 യുവ ഭാരതീയരുള്‍പ്പടെ 300 പേര്‍


മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണപൊതുസമ്മേളനപൂര്‍വ്വയോഗത്തില്‍ ഭാരതത്തിലെ ഭിന്നമതസ്ഥരായ 5 യുവപ്രതിനിധികളുള്‍പ്പടെ 300 ഓളം യുവതീയുവാക്കള്‍ പങ്കെടുക്കും.

വത്തിക്കാനില്‍ ഒക്ടോബറില്‍ യുവജനത്തെ അധികരിച്ചു നടക്കാന്‍ പോകുന്ന സിനഡുസമ്മേളനത്തിനൊരുക്കമായുള്ള ഈ യോഗം റോമില്‍ മാര്‍ച്ച് 19 മുതല്‍ 24 വരെയായിയിരിക്കും.

യുവജനങ്ങള്‍ നായകരാകുന്ന ഈ സമ്മേളനത്തില്‍ അവരെക്കുറിച്ചു മാത്രമല്ല, അവര്‍തന്നെ, അവരുടെ ശൈലിയില്‍, അവരുടെതായ ഉത്സാഹത്തോടും സംവേദനക്ഷമതയോടുംകൂടെ സംസാരിക്കുമെന്നും  വെള്ളിയാഴ്ച (16/02/18) പ്രസ്തുത യോഗത്തെ അധികരിച്ചു നടന്ന പത്രസമ്മേളനത്തില്‍ മെത്രാന്മാരുടെ സിനഡുകാര്യാലയത്തിന്‍റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍ത്സൊ ബല്‍ദിസ്സേരി പറഞ്ഞു.

ഒക്ടോബറില്‍ നടക്കാന്‍പോകുന്ന സിനഡു സമ്മേളനം യുവജനത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതു മാത്രമല്ല “യുവജനങ്ങള്‍ക്കു വേണ്ടിയും” “യുവജനങ്ങളുടെയും” “യുവജനങ്ങളോടുകൂടിയതും” ആയിരിക്കണമെന്നാണ് മെത്രാന്മാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെത്രാന്മാരുടെ സിനഡുകാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെ, ആഫ്രിക്കന്‍നാടായ ബുറുന്ദിയിലെ യുവജനപ്രതിനിധിയായ യുവതി സ്തെല്ല മരിലേനെ നിഷിംവേ, ഇറ്റലിയിലെ യുവപ്രതിനിധി ഫിലിപ്പൊ പസ്സന്തീനൊ എന്നിവരും ഈ പത്രസമ്മേളനത്തില്‍ സംസാരിച്ചു.

സിനഡുസമ്മേളനത്തിനൊരുക്കമായി മാര്‍ച്ചില്‍ റോമില്‍ നടക്കാന്‍ പോകുന്ന സമ്മേളനത്തില്‍ ഭാരതത്തിലെ യുവജനത്തെ പ്രതിനിധാനം ചെയ്യുന്ന പഞ്ചംഗ പ്രതിനിധിസംഘത്തില്‍ വസായിയില്‍ നിന്നുള്ള ഹൈന്ദവനായ സന്ദീപ് പാണ്ഡെ, ജലന്തറില്‍ നിന്നുള്ള സിക്ക് മതാനുയായിയായ ഇന്ദര്‍ജിത് സിംഗ് എന്നീ രണ്ടുയുവാക്കളും മൂന്നു കത്തോലിക്കരും ഉള്‍പ്പെടുന്നു.

കേരളത്തിലെ കോട്ടപ്പുറം രൂപതാംഗമായ പോള്‍ ജോസ്, ഒഡീഷയിലെ റൂര്‍ഖല രൂപതയില്‍ നിന്നുള്ള ശില്പ, ഡെല്‍ഹി അതിരൂപതയില്‍ നിന്നുള്ള പെഴ്സിവാല്‍ ഹോള്‍ട്ട് എന്നിവരാണ് കത്തോലിക്കയുവജന പ്രതിനിധികള്‍

“ഏറ്റവും വലിയ പ്രജാധിപത്യരാഷ്ട്രമായ ഭാരതം ലോകം മുഴുവനും ഉറ്റു നോക്കുന്ന യുവ രാജ്യമാണെന്ന്” ദേശീയ യുവജനസമിതിയുടെ അദ്ധ്യക്ഷനായ പഞ്ചാബിലെ ജലന്തര്‍ രൂപതയുടെ മെത്രാന്‍ ഫ്രാങ്കൊ മുളക്കല്‍ ഈ യുവജനപ്രതിനിധിസംഘത്തിന്‍റെ  പേരുവിവരങ്ങള്‍ വെളിപ്പെടുത്തവെ പറഞ്ഞു.

ഭാരതത്തിലെ യുവജനം സ്വന്തം അസ്തിത്വത്തെക്കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്നും അവര്‍ ഏകാതാനതയും സമാധാനവും പുലരുന്ന ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കണമെന്നും സഭ അഭിലഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” (Young People, the Faith, and Vocational Discernment) എന്നതാണ് മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണപൊതുസമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.








All the contents on this site are copyrighted ©.