2018-02-16 12:53:00

കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കുക-പാപ്പാ വൈദികരോട്


കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയാനും മറഞ്ഞുകിടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്താനും മാര്‍പ്പാപ്പാ വൈദികരെ ആഹ്വാനം ചെയ്യുന്നു.

അനുവര്‍ഷം വലിയനോമ്പാരംഭഘട്ടത്തില്‍ പതിവുള്ളതുപോലെ ഇക്കൊല്ലവും ഫ്രാന്‍സീസ് പാപ്പാ റോം രൂപതയുടെ മെത്രാന്‍ എന്നനിലയില്‍ റോം രൂപതയിലെ വൈദികരുമായി രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ലാറ്ററന്‍ ബസിലിക്കിയില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയായിരുന്നു.

വ്യാഴാഴ്ച (15/02/18) രാവിലെ ആയിരുന്നു ഈ സമാഗമം.

വൈദികഗണത്തില്‍ യുവാക്കള്‍ മുതല്‍ പ്രായാധിക്യത്തിലെത്തിയവര്‍വരെയുള്ളത് പരിഗണിച്ചുകൊണ്ട് തദ്ദവസരത്തില്‍ നടത്തിയ വിചിന്തനത്തില്‍ പാപ്പാ,  തനതായ ഒരു പൗരോഹിത്യ ശൈലി ഓരോ യുവവൈദികനും കണ്ടെത്തണമെന്നും കാരണം ഓരോ പൗരോഹിത്യവും അദ്വീതീയമാണെന്നും ഓര്‍മ്മിപ്പിച്ചു.

പൗരോഹിത്യശുശ്രൂഷയ്ക്ക് തനതായ ശൈലി കണ്ടെത്തണമെന്നും അതൊരു തിരിച്ചറിയല്‍ രേഖയ്ക്ക് സമാനമാകണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മദ്ധ്യവയസ്ക്കരായ വൈദികരെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ  ആ പ്രായത്തെ ചെടികള്‍ വെട്ടി ഒതുക്കുന്ന ഒരു സമയത്തോടു ഉപമിക്കുകയും അത് പരീക്ഷണത്തിന്‍റെ  ഘട്ടമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

യുവത്വത്തില്‍ പ്രകടമായിരുന്ന പ്രേമവും വികാരങ്ങളുമൊക്കെ കടന്നുപോയ ഒരു ഭര്‍ത്താവിനെപ്പോലെയാണ് ഈ പ്രായത്തിലുള്ള വൈദികനെന്നും ഇക്കാലഘട്ടത്തില്‍ കാര്യങ്ങള്‍ വിവേചിച്ചറിയുന്നതിന് ഒരു ആദ്ധ്യാത്മിക നിയന്താവിന്‍റെയും പ്രാര്‍ത്ഥനയുടെയും ആവശ്യകത കൂടുതലാണെന്നും, തനിച്ചുള്ള യാത്ര അപകടകരമാണെന്നും പ്രലോഭനങ്ങളുടെ സമയമാണിതെന്നും പാപ്പാ പറഞ്ഞു. സഭയുടെ ഔദ്യോഗിക ശുശ്രൂഷകളില്‍ നിന്ന് വിരമിക്കുന്നതിനുള്ള സമയം സമാഗതമാകുന്നത് മുന്നില്‍ കണ്ടുകൊണ്ട് അതിനായി യഥോചിതം ഒരുങ്ങേണ്ടതിന്‍റെ, വരിമിക്കാന്‍ പഠിക്കേണ്ടതിന്‍റെ പ്രാധാന്യത്തേക്കുറിച്ചും മദ്ധ്യവയസ്ക്കരായ വൈദികരെ ഓര്‍മ്മിപ്പിച്ചു.

പ്രായംചെന്ന വൈദികരെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ അവര്‍ അനുഭവജ്ഞാനത്തിനുടമകളാണെന്നും തങ്ങളുടെ വാത്സല്യം പ്രകടിപ്പിക്കാനും തങ്ങളുടെ ലഭ്യത അനുഭവവേദ്യമാക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും പറഞ്ഞു. അവരുടെ പക്കല്‍ പാപസങ്കീര്‍ത്തനകൂദാശയ്ക്കണയുന്ന വിശ്വാസികള്‍ക്ക് ഭയമല്ല ഉണ്ടാകേണ്ടതെന്നും തങ്ങളെ സ്വാഗതംചെയ്യുന്ന ഒരു പുരോഹിതനെ കാണാന്‍ അവര്‍ക്ക് കഴിയണമെന്നും പാപ്പാ വിശദീകരിച്ചു.

 








All the contents on this site are copyrighted ©.