2018-02-15 09:28:00

കുടിയേറ്റക്കാരുടെ സുരക്ഷ സമൂഹത്തിന്‍റെ ഉത്തരവാദിത്തം


ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ കുടിയേറ്റത്തെക്കുറിച്ച് വത്തിക്കാന്‍റെ അഭിപ്രായപ്രടനം :

അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരു‌ടെയും സുരക്ഷ രാജ്യാന്തര സമൂഹത്തിന്‍റെ ഉത്തരവാദിത്ത്വമാണെന്ന് യുഎന്നിന്‍റെ ജനീവാ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവാന്‍ യാര്‍ക്കോവിച്ച് അഭ്യര്‍ത്ഥിച്ചു. യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ ആഭിമുഖ്യത്തില്‍ കുടിയേറ്റം സംബന്ധിച്ച് ഫെബ്രുവരി 13-ന് ജനീവ കേന്ദ്രത്തില്‍ സമ്മേളിച്ച രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് വത്തിക്കാന്‍റെ വീക്ഷണം വ്യക്തമാക്കിയത്.  

കുടുംബങ്ങളും സമൂഹങ്ങളും വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളോട് കാണിക്കുന്ന തുറവ് ശ്രദ്ധേയമാണ്. എന്നാല്‍ ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവം ദേശീയതലത്തിലും രാജ്യാന്തര തലത്തിലും വളര്‍ത്തേണ്ടത് ആവശ്യമാണ്. മാനവികതയുടെ അടിസ്ഥാന അവകാശവും സ്വാതന്ത്ര്യവും മാനിക്കപ്പെടുന്ന ഐക്യദാര്‍ഢ്യത്തിന്‍റെ വീക്ഷണം വളര്‍ത്താന്‍ കുടിയേറ്റ പ്രശ്നത്തിന്‍റെ മേഖലയിലും രാഷ്ട്രങ്ങള്‍ പരിശ്രമിക്കേണ്ടതാണ്.

അഭയാര്‍ത്ഥികളെ പിന്‍തുണയ്ക്കാനും ഉള്‍ക്കൊള്ളാനുമുള്ള രാഷ്ട്രീയ മനഃസ്ഥിതി ഇല്ലാത്തതാണ് അവരുടെ വന്‍ ദുരന്തങ്ങള്‍ക്കും, പുറംതള്ളപ്പെടലിനും കാരണമാകുന്നത്. അതിനാല്‍ മാനിവികതയ്ക്ക് ഉതകുന്ന സഹാനുഭാവത്തിന്‍റെ ദേശീയ മുന്‍ഗണനയും, മനുഷ്യത്വത്തിന്‍റെ ഒരു പൊതുമനസ്സാക്ഷിയും അഭയാര്‍ത്ഥികളെക്കുറിച്ചുള്ള യുഎന്‍ രാജ്യാന്തര നയങ്ങളുടെ കരടുരൂപം ഒരുക്കുന്നതില്‍ രാഷ്ട്രങ്ങള്‍ പരിഗണിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് പ്രബന്ധത്തിലൂടെ അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.