2018-02-14 09:13:00

''ഗ്രീക്ക് മെല്‍ക്കൈറ്റ് സഭ ഇന്നു ക്രൂശിതനെപ്പോലെ '': പാപ്പാ


ഫെബ്രുവരി, 13-ാംതീയതി, ഗ്രീക്ക്-മെല്‍ക്കൈറ്റ് സിനഡംഗങ്ങളോടൊത്ത് സാന്താമാര്‍ത്താ കപ്പേളയില്‍ പ്രഭാതബലി അര്‍പ്പിക്കുകയായിരുന്നു പാപ്പാ.  പതിവു വചനസന്ദേശം നല്‍കാതെ, സഭയുടെ പാത്രിയര്‍ക്കീസ് യൂസെഫ് അബ്സിയെയും മറ്റു മേലധ്യക്ഷന്മാരെയും അഭിസംബനോധന ചെയ്തു കൊണ്ട് പാപ്പാ പറഞ്ഞു:

''നമ്മുടെ സഹോദരനായ, പാത്രിയര്‍ക്കീസ് യൂസെഫിനോടൊത്തുള്ള ഈ ദിവ്യബലി അപ്പസ്തോലികൈക്യമാണ് സംജാതമാക്കിയിരിക്കുന്നത്.  അദ്ദേഹം, ഒരു സഭയുടെ പിതാവാണ്; പുരാതനമായ ഒരു സഭയുടെ പിതാവ്. ഞാന്‍ പത്രോസുമായുള്ള ഐക്യത്തിലാണ് എന്ന വാക്കുകളാല്‍ പത്രോസിനെ ആലിംഗനം ചെയ്യുന്നതിനെത്തിയിരിക്കുന്നു എന്നതാണ് ഇന്നത്തെ ഈ ദിവ്യബലിയര്‍പ്പണം അര്‍ഥമാക്കുന്നത്.  കത്തോലിക്കാദൈവശാസ്ത്രത്തിനുള്ളില്‍ത്തന്നെ സ്വന്തമായ ഒരു ദൈവശാസ്ത്രവും, വിസ്മയനീയമായ ആരാധനാക്രമവും, ജനതയും ഉള്ള ഒരു സമ്പന്നയായ സഭ.  ഇപ്പോള്‍ ജനതയുടെ ഭൂരിഭാഗവും യേശുവിനെപ്പോലെ ക്രൂശിക്കപ്പെടുകയാണ്.  ആ ജനതയ്ക്കുവേണ്ടി, സഹിക്കുന്ന ആ ജനതയ്ക്കുവേണ്ടി, മധ്യപൂര്‍വദേശങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി, തങ്ങളുടെ ജീവനും വസ്തുവകകളൊക്കെയും ഉപേക്ഷിച്ച് പലായനം ചെയ്യപ്പെടുന്ന അവര്‍ക്കുവേണ്ടി നാം ഈ ദിവ്യബലി കാഴ്ച വയ്ക്കുകയാണ്.  ഒപ്പം, നമ്മുടെ സഹോദരന്‍ യൂസെഫിനുംവേണ്ടി ഈ ദിവ്യബലി സമര്‍പ്പിക്കുന്നു''.

ദിവ്യബലിയലിയില്‍ പാത്രിയര്‍ക്കീസ്  യൂസെഫ് അബ്സി സഹകാര്‍മികനായിരുന്നു.  ദിവ്യബലിയുടെ സമാപനത്തില്‍ പാത്രിയര്‍ക്കീസ് ഗ്രീക്ക്-മെല്‍ക്കൈറ്റ്സഭയുടെ സിനഡിന്‍റെ പേരില്‍ നന്ദിയര്‍പ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

''പരിശുദ്ധ പിതാവേ,  ഐക്യത്തിന്‍റെ ഈ ദിവ്യബലിയര്‍പ്പണത്തിന്, ഗ്രീക്ക്-മെല്‍ക്കൈറ്റ് സഭയുടെ സിനഡുമുഴുവന്‍റെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു.  വ്യക്തിപരമായി, സത്യമായും അങ്ങയുടെ സ്നേഹസാഹോദര്യത്താല്‍, സഹോദര്യത്തിന്‍റെ വിക്ഷേപങ്ങളാല്‍, ദിവ്യബലിയ്ക്കിടെ അങ്ങു ഞങ്ങളുടെ സഭയോടു കാണിച്ച ഐക്യദാര്‍ഢ്യത്താല്‍ ഞാന്‍ സത്യമായും സ്പര്‍ശിക്കപ്പെട്ടു. ഇതു ഞങ്ങളുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുമെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെയെല്ലാവരുടെയും ഹൃദയം, വൈദികരുടെയും വിശ്വാസികളുടെയും, ഹൃദയങ്ങളില്‍ ഈ സംഭവം, ഈ ചരിത്രനിമിഷങ്ങള്‍ ഓര്‍മിക്കപ്പെടും. ഈ നിമിഷം, എത്രമനോഹരമായിരിക്കുന്നെന്നു വിശദമാക്കാന്‍ എനിക്കാവില്ല. ഈ സാഹോ ദര്യം, ഈ ഐക്യം, എല്ലാ ക്രിസ്തുശിഷ്യരെയും ബന്ധിപ്പിക്കുന്നതാണ്''.

വീണ്ടും നന്ദിയുടെ വാക്കുകളോതിയാണ് അദ്ദേഹം തന്‍റെ കൃതജ്ഞതാവചസ്സുകള്‍ അവസാനിപ്പിച്ചത്.   








All the contents on this site are copyrighted ©.