2018-02-10 08:12:00

ലജ്ജാകരങ്ങളായ ആധുനിക അടിമത്തരൂപങ്ങള്‍ വ്യാപകം -പാപ്പാ


അടിമത്തത്തിന്‍റെ ആധുനികരൂപങ്ങള്‍ നമ്മുടെ ഏറ്റം സമ്പന്ന സമൂഹങ്ങളില്‍ അചിന്തനീയമാംവിധം വ്യാപകമാണെന്ന് മാര്‍പ്പാപ്പാ ആശങ്ക പ്രകടിപ്പിക്കുന്നു.

മനുഷ്യക്കടത്തിനെതിരെ പോരാടുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കമെത്രാന്മാരുടെ സംഘം മുന്‍കൈയ്യെടുത്ത് രൂപീകരിച്ചതും, വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെയില്‍” 2014 ഏപ്രിലില്‍ ആദ്യ സമ്മേളനം ചേര്‍ന്നതും, അങ്ങനെ ആ താമസസ്ഥലത്തിന്‍റെ പേര് സ്വീകരിച്ചതുമായ “സാന്ത മാര്‍ത്ത സംഘ“ത്തിന്‍റെ 8,9 തീയതികളില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത വിവിധരാജ്യക്കാരായ മെത്രാന്മാരും പോലീസ് മേധാവികളുമടങ്ങിയ നൂറോളം  പേരെ സമ്മേളനത്തിന്‍റെ സമാപനദിനത്തില്‍ (09/02/18) സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മനുഷ്യക്കടത്തുപോലുള്ള  ആധുനിക അടിമത്തങ്ങള്‍ നമ്മെ ലജ്ജിപ്പിക്കുകയും നമുക്ക് അപമാനകരമാകുകയും ചെയ്യുന്ന വിധത്തിലാണ് വ്യാപകമായിരിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

അവാച്യമായ മാനവസഹനങ്ങള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുന്ന ഈ ആധുനികവിപത്തിന്‍റെ മൂലകാരണങ്ങളും അവയുടെ അന്തനര ഫലങ്ങളും ഇല്ലായ്മചെയ്യുന്നതിന് കാതലായ സംഭാവന ചെയ്യാന്‍ ക്രമസമാധാന പാലന സേനയിലും അന്വേഷണത്തിലും പൊതുനയരൂപീകരണത്തിലും അജപാലനസേവനരംഗത്തും നേതൃസ്ഥാനത്തു നില്ക്കുന്ന “സാന്ത മാര്‍ത്ത” സംഘാംഗങ്ങള്‍ക്ക് സാധിക്കുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിച്ചു.

ലൈംഗികലക്ഷ്യത്തോടെയുള്ള മനുഷ്യക്കടത്ത്, സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ചൂഷണം ചെയ്യല്‍, തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുകയും അവ വച്ചുപൊറുപ്പിക്കുകയും ചെയ്തുകൊണ്ടു സമൂഹം വിവിധ രീതികളില്‍ അവയില്‍ പങ്കുചേരുന്നതിനെക്കുറിച്ച് ഗൗരവബുദ്ധിയോടെ അന്വേഷിക്കാന്‍ നമുക്ക് പ്രചോദനം പകരുന്നതാണ് “ നിന്‍റെ സഹോദരന്‍ എവിടെ” എന്ന് ബൈബിളി‍ല്‍ ദൈവം കായേനോട് ഉന്നയിക്കുന്ന ചോദ്യമെന്ന് പാപ്പാ പറഞ്ഞു.      

മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശാലമായ മേഖലകള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും സാങ്കേതികവിദ്യയുടെയും വിനിമയോപാധികളുടെയുമൊക്കെ ഉത്തരവാദിത്വപൂര്‍ണ്ണമായ ഉപയോഗം ഒരു ഉദാഹരണമാണെന്നും പാപ്പാ വിശദീകരിച്ചു.








All the contents on this site are copyrighted ©.