2018-02-10 12:41:00

പ്രകൃതിയുടെ പുനരുജ്ജീവന ശക്തിയെ അവഗണിക്കരുത്-പാപ്പാ


പ്രകൃതിയുടെ പുനരുജ്ജീവന ശക്തിയെ അവഗണിക്കുകയും ഭൂമിയെ പൊതുഭവനമായിട്ടല്ല ഉപഭോഗവസ്തുക്കളുടെ കലവറയായി കാണുകയും ചെയ്യുന്നത് യഥാര്‍ത്ഥ വികസനമല്ലെന്ന് മാര്‍പ്പാപ്പാ ആവര്‍ത്തിച്ചുദ്ബോധിപ്പിക്കുന്നു.

ഇറ്റലിയിലെ തപാല്‍ വകുപ്പിന്‍റെ മേധാവികളും ജീവനക്കാരുമുള്‍പ്പെട്ട 400 ഓളം പേരെ ശനിയാഴ്ച(10/02/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യവെ, തപാല്‍ വകുപ്പ് കലോചിതമായ വികസനപരിപാടികള്‍ മനുഷ്യവ്യക്തിയുടെ നന്മ മുന്നില്‍ക്കണ്ടുകൊണ്ടു സ്വീകരിച്ചിരിക്കുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വ്യവസായലോകത്തിന്‍റെ യുക്തി പിന്‍ചെല്ലുമ്പോഴും ഇറ്റലിയുടെ തപാല്‍വകുപ്പ് സാമ്പത്തികലാഭത്തെക്കാള്‍ വ്യക്തികള്‍ക്ക് പ്രാധാന്യം കല്പിക്കുന്നതിനെ പാപ്പാ അഭിനന്ദിച്ചു.

സ്വാര്‍ത്ഥതയുടെയും ആത്മീയമായ കടുത്ത ഹ്രസ്വദൃഷ്ടിയുടെയും യുക്തിയുടെ സ്ഥാനത്ത് മനുഷ്യവ്യക്തിയുടെ ആവശ്യങ്ങളും അവന്‍റെ കാര്യത്തിലുള്ള കരുതലും കേന്ദ്രസ്ഥാനത്തുവയക്കുന്ന  ഒരു യുക്തി പിന്‍ചെല്ലേണ്ടതിന്‍റെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടി.








All the contents on this site are copyrighted ©.