2018-02-10 12:25:00

ദൈവവചനത്തിന്‍റെ അഗ്നിയാല്‍ ഹൃദയങ്ങളെ ജ്വലിപ്പിക്കുക - പപ്പാ


സഭയാല്‍ അയക്കപ്പെട്ട പ്രേഷിതരായിരിക്കുകയെന്നാല്‍, പ്രഥമതഃ, എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയെന്നതല്ല പ്രത്യുത തനിമ ഉള്ളവരായിരിക്കുക എന്നാണ് ​അര്‍ത്ഥമെന്ന് മാര്‍പ്പാപ്പാ.

പതിനഞ്ചുനാടുകളില്‍ പ്രേഷിതപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നതും, വിശുദ്ധ ഗസ്പാരെ ലൂയിജി ബെര്‍ത്തോണി 1816 ല്‍ സ്ഥാപിച്ചതും “നമ്മുടെ കര്‍ത്താവായ യേശക്രിസ്തുവിന്‍റെ തിരുമുറിവുകളുടെ സമൂഹം” എന്നറിയപ്പെടുന്നതുമായ സന്ന്യസ്തസമൂഹത്തിന്‍റെ പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കന്ന നാല്പതോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച(10/02/18) വത്തിക്കാനില്‍ സ്വീകരിച്ചവേളയില്‍ വരമൊഴിയായി നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

ദൈവം ഒരു സവിശേഷ ദൗത്യത്തിനായി തിരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്യുമ്പോള്‍ അവിടന്ന് പുതിയൊരു നാമം നല്കുകയും പുതിയൊരു യാഥാര്‍ത്ഥ്യത്തിനു രൂപം നല്കുകയുമാണ് ചെയ്യുന്നതെന്ന് പാപ്പാ ഈ തനിമ എന്താണെന്നു വിശദീകരീച്ചുകൊണ്ട് പറയുന്നു.

രൂപതാവൈദികരുമായി സാഹോദര്യഭാവേനസഹകരിച്ചുകൊണ്ട് യുവജനങ്ങള്‍ക്കായി ഈ സന്ന്യസ്തസമൂഹം നടത്തുന്ന പ്രവര്‍ത്തനങ്ങളും സുവിശേഷവത്ക്കരണ യത്നങ്ങളും കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ച പാപ്പാ ദൈവവചനം തങ്ങളിലും തങ്ങള്‍ക്ക് ഭരമേല്പ്പിക്കപ്പെടുന്ന സമൂഹത്തിലും ജ്വലിപ്പിക്കണമെന്ന് സമൂഹാംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

സഭാപരമായും ഭൂമിശാസ്ത്രപരമായും പ്രാന്തങ്ങളില്‍ കഴിയുന്നവരിലും ദൈവവചനം ജ്വലിപ്പിക്കപ്പെടണമെന്ന് പാപ്പാ പറയുന്നു.

താന്‍ ഭൂമിയില്‍ തീയിടാനാണ് വന്നതെന്ന യേശുവിന്‍റെ വാക്കുകള്‍ അനുസ്മരിച്ച പാപ്പാ ഈ അഗ്നി സ്നേഹാഗ്നിയാണെന്നും അത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെയും സമയത്തെയും മാനിച്ചുകൊണ്ട് അവന്‍റെ ഹൃദയത്തെ കീഴ‌ടക്കുന്നതാണെന്നും ഇവിടെ ബലാല്‍ക്കാരത്തിന് ഇടമില്ലെന്നും വിശദീകരിക്കുന്നു.

യേശുവിന്‍റെ സദ്ഗുണാഗ്നിയായ സ്നേഹാഗ്നി ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതും കുരിശില്‍ പടര്‍ന്നതുമാണെന്ന് പാപ്പാ പറയുന്നു.








All the contents on this site are copyrighted ©.