2018-02-07 12:40:00

സുവിശേഷവും വചനസമീക്ഷയും: പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


കാലാവസ്ഥപ്രവചനം പോലെതന്നെ മഴയില്‍ കുതിര്‍ന്ന ഒരു ദിനമായിരുന്നു  ഈ ബുധനാഴ്ച (07/02/18) റോമില്‍. അതിരാവിലത്തെ മഴയ്ക്കുശേഷം  ക്രമേണ കതിരൊളി  പരന്നു. ഇടയ്ക്ക് മൂടല്‍ അനുഭവപ്പെടുകയും വൃഷ്ടിയുണ്ടാകുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തിനു പകരം ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയിലേക്കു മാറ്റി. പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യാക്കാരായ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. മെദ്റാനൊ സര്‍ക്കസ്സിലെയും റോണിറോളര്‍ സര്‍ക്കസ്സിലെയും നൂറ്റിയറുപതോളം അഭ്യാസികളും  പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുകയും പാപ്പായ്ക്കായി ചില പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ബ്രിട്ടനിലെ ലേണിംഗസ്റ്റണ്‍ സ്പയിലെ ആംഗ്ലിക്കന്‍ സഭാ ഇടവകയില്‍ നിന്നുള്ള ഒരു സംഘവും പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.  ദര്‍ശനം നല്കുന്നതിന് പാപ്പാ ശാലയിലെത്തിയപ്പോള്‍ ജനങ്ങളുടെ കരഘോഷവും ആരവവും ഉയര്‍ന്നു.പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലൂടെ നീങ്ങിയ പാപ്പാ, ഇടയ്ക്കിടെ പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും മുതിര്‍ന്നവരോടു കുശലം പറയുകയും ചിലര്‍ക്ക് ഹസ്തദാനം നല്കുകയും ചെയ്യുന്നുണ്ടായിരുന്നു. സാവധാനം നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു.2 വാതില്‍ക്കല്‍പ്പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെ കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.” (മര്‍ക്കോസ് 2:1-2)

ഈ സുവിശേഷഭാഗം പാരായണംചെയ്യപ്പെട്ടതിനു ശേഷം, പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധകുര്‍ബ്ബാനയിലെ വചനശുശ്രൂഷയെപ്പറ്റി കഴിഞ്ഞയാഴ്ച നടത്തിയ വിശകലനത്തിന്‍റെ തുടര്‍ച്ചയായിരുന്നു പാപ്പായുടെ വിചിന്തനം. വിഷയം സുവിശേഷവായനയും വചനസമീക്ഷയും ആയിരുന്നു.എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് തന്‍റെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

പ്രബോധന സംഗ്രഹം:

ദിവ്യ ബലിയെ അധികരിച്ചുള്ള പ്രബോധനം നാം തുടരുകയാണ്. നാമിപ്പോള്‍ എത്തി നില്ക്കുന്നത് തിരുലിഖിതപാരായണത്തിലാണ്.

ദൈവവും അവിടത്തെ ജനവും തമ്മിലുള്ള സംഭാഷണം വിശുദ്ധകുര്‍ബ്ബാനയിലെ വചനശുശ്രൂഷയില്‍ വികാസം പ്രാപിക്കുകയും സുവിശേഷ പ്രഘോഷണത്തില്‍ പാരമ്യത്തിലെത്തുകയും ചെയ്യുന്നു. സുവിശേഷ പ്രഘോഷണത്തിനു നാന്ദിയായി ആലപിക്കപ്പെടുന്ന ആല്ലേലൂയ ഗീതത്താലും. തപസ്സുകാലത്തിലാണെങ്കില്‍, മറ്റൊരു പ്രഘോഷണത്താലും വിശ്വാസികളുടെ സമൂഹം സുവിശേഷത്തിലൂടെ സംസാരിക്കാനെത്തുന്ന കര്‍ത്താവിനെ വരവേല്‍ക്കുകയും അഭിവാദ്യംചെയ്യുകയും ചെയ്യുന്നു. വേദപുസ്തകത്തിലെ വെളിപാടുമുഴുവനെയും ക്രിസ്തുരഹസ്യങ്ങള്‍ പ്രദീപ്തമാക്കുന്നതുപോലെ വചന ശുശ്രൂഷയില്‍ സുവിശേഷം, അതിനു മുമ്പു വായിക്കപ്പെടുന്ന, പഴയനിയമ-പുതിയനിയമ ഭാഗങ്ങളുടെ പൊരുള്‍ ഗ്രഹിക്കുന്നതിനുള്ള വെളിച്ചമാകുന്നു. വാസ്തവത്തില്‍, “ആകമാനആരാധനാക്രമത്തിന്‍റെയെന്നപോലെ തന്നെ തിരുലിഖിതം മുഴുവന്‍റെയും കേന്ദ്രവും പൂര്‍ണ്ണതയും ക്രിസ്തുവാണ്.” എന്നും യേശുക്രിസ്തുവാണ് കേന്ദ്രം.

ആകയാല്‍ വചനശുശ്രൂഷയില്‍ത്തന്നെ മറ്റു വായനകളില്‍ നിന്ന് വേറിട്ടു നില്ക്കുന്നു സുവിശേഷം. സവിശേഷമായൊരു ആദരവും സമാരാധ്യതയും അതിനെ  വലയം ചെയ്യുന്നു. അതുകൊണ്ടു സുവിശേഷപാരായണം അഭിഷിക്തനായ ശുശ്രൂഷകന് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ശുശ്രൂഷകന്‍ സുവിശേഷവായന അവസാനിപ്പിക്കുന്നത് സുവിശേഷഗ്രന്ഥത്തെ ചുംബിച്ചുകൊണ്ടാണ്. നാം സുവിശേഷം ശ്രവിക്കുന്നതാകട്ടെ എഴുന്നേറ്റു നിന്ന് നെറ്റിയിലും അധരത്തിലും നെഞ്ചിലും കുരിശടയാളം വരച്ചുകൊണ്ടാണ്. മെഴുകുതിരികളും ധൂപാര്‍ച്ചനയും സുവിശേഷവായനയിലൂടെ തന്‍റെ  വചനത്തിന്‍റെ ഫലദായകത്വം പ്രതിധ്വനിപ്പിക്കുന്ന ക്രിസ്തുവിനെ ആരാധിക്കലാണ്. മാനസാന്തരപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന “സദ്വാര്‍ത്ത” തങ്ങളോടു പ്രഘോഷിക്കുന്ന ക്രിസ്തുവിന്‍റെ സാന്നിധ്യം വിശ്വാസികളുടെ സമൂഹം ഈ ചിഹ്നങ്ങളിലൂടെ തിരിച്ചറിയുന്നു. സ്തുതിഘോഷത്തോടുള്ള പ്രതിവചനങ്ങള്‍, കര്‍ത്താവേ അങ്ങേയ്ക്കു മഹത്വം, ക്രിസ്തുവേ അങ്ങേയ്ക്കു സുതുതി, എന്നീ വചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ ക്രിസ്തു നേരിട്ടു സംസാരിക്കുകയാണ്.

ആകയാല്‍ കാര്യങ്ങള്‍ അറിയുന്നതിനായി വിശുദ്ധകുര്‍ബ്ബാനയില്‍ സുവിശേഷം വായിക്കുകയല്ല, പ്രത്യുത, ഒരിക്കല്‍ യേശു പ്രവര്‍ത്തിച്ചവയെയും പറഞ്ഞവയെയും കുറിച്ച് അവബോധമുള്ളവരാകുന്നതിന് സുവിശേഷം നാം ശ്രവിക്കുകയാണ്. ഇതു മനസ്സില്‍ സൂക്ഷിക്കുക. അത് ജീവനുള്ള വചനമാണ്. സുവിശേഷത്തിലെ യേശുവചനം ജീവനുള്ളതാണ്, അത് എന്‍റെ ഹൃദയത്തിലേക്കു കടക്കുന്നു. തുറവുള്ള ഹൃദയം ഈ സുവിശേഷശ്രവണത്തിന് സുപ്രധാനമാണ്.

തന്‍റെ സന്ദേശം നമ്മിലെത്തിക്കുന്നതിന് ക്രിസ്തുവിന് ഈ സുവിശേഷപ്രഘോഷണാനന്തരം വചനസമീക്ഷനടത്തുന്ന വൈദികന്‍റെ വാക്കുകള്‍ ആവശ്യമാണ്. ആരാധാനാക്രമത്തിന്‍റെ ഭാഗമായിട്ടാണ് സുവിശേഷ പ്രസംഗത്തെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അവതരിപ്പിക്കുന്നത്. വചനവിശകലനം ആ ഒരു സന്ദര്‍ഭത്തില്‍ നടത്തുന്ന ഒരു പ്രസംഗമല്ല, ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതു പോലെ അതൊരു പ്രബോധനവും അല്ലേ അല്ല. അതു മറ്റൊന്നാണ്. കര്‍ത്താവും അവിടത്തെ ജനവുമായി തുടങ്ങിവയ്ക്കപ്പെട്ട സംഭാഷണം നമ്മുടെ ജീവിതത്തില്‍ പൂര്‍ത്തിയാക്കപ്പെടുന്നതിന് പ്രസ്തുത സംഭാഷണത്തിന്‍റെ തുടര്‍ച്ചയാണ് സുവിശേഷ പ്രസംഗം. സുവിശേഷത്തിന്‍റെ  അധികൃത വ്യാഖ്യാനം നമ്മുടെ വിശുദ്ധ ജീവിതമാണ്. ഞാന്‍ കഴിഞ്ഞ പ്രാവശ്യം പറഞ്ഞ കാര്യം ഓര്‍ക്കുക, അതായത്, കര്‍ത്താവിന്‍റെ  വചനം കാതുകളില്‍ പ്രവേശിക്കുന്നു, അത് ഹൃദയത്തിലേക്കു കടക്കുകയും അവിടെനിന്ന് കരങ്ങളിലേക്കും സല്‍പ്രവൃത്തികളിലേക്കും എത്തുകയും ചെയ്യുന്നു. കര്‍ത്താവിന്‍റെ വചനം നമ്മുടെ ഹൃദയത്തിലൂടെ കടന്ന് കരങ്ങളിലെത്തുന്നതിനുവേണ്ടി സുവിശേഷപ്രസംഗവും കര്‍ത്തവിന്‍റെ വചനത്തെ പിന്‍ചെല്ലുകയും ഈ സഞ്ചാരപഥം സ്വീകരിക്കുകയും ചെയ്യുന്നു.

ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന വിശുദ്ധകുര്‍ബ്ബാനയില്‍ ക്രിസ്തുവുമായുള്ള കൂട്ടായ്മയിലേക്കു വിശ്വാസികളുടെ സമൂഹത്തെയും പ്രഭാഷകനെയും നയിക്കുന്നതായിരിക്കണം സുവിശേഷപരിചിന്തനം എന്ന് “എവഞ്ചേലി ഗൗതിയും” –“സുവിശേഷത്തിന്‍റെ ആനന്ദം” എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ ആരാധനക്രമത്തെ അധികരിച്ചുള്ള വിവിരണത്തിന്‍റെ പശ്ചാത്തലിത്തില്‍ സുവിശേഷപ്രഭാഷണത്തെക്കുറിച്ചു പരാമര്‍ശിക്കവെ ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

താന്‍ തന്‍റെതായ ഒരുകാര്യമല്ല ചെയ്യുന്നത്, പ്രത്യുത, യേശുവിന് ശബ്ദം നല്കുകയാണ്, യേശുവിന്‍റെ വചനം പ്രസംഗിക്കുകയാണ് എന്ന അവബോധം  സുവിശേഷ പ്രഘോഷണം നടത്തുന്ന വ്യക്തിക്കുണ്ടായിരിക്കണം. നല്ല ഒരുക്കത്തോടുകൂടിയതും ഹ്രസ്വവും ആയിരിക്കണം വചനസമീക്ഷ. പ്രാര്‍ത്ഥനയോടും ദൈവവചന പഠനത്തോടും കൂടിയാണ് ഈ ഒരുക്കം നടത്തേണ്ടത്. അത് സുവ്യക്തവും ഹ്രസ്വവുമായിരിക്കണം. പത്തു മിനിറ്റില്‍ കൂടുതല്‍ നീട്ടിക്കൊണ്ടു പോകരുത്.

നാം സുവിശേഷം ശ്രവിക്കുകയാണെങ്കില്‍ അതു നമ്മെ മാനസാന്തരപ്പെടുത്തുകയും നമ്മെത്തന്നെയും ലോകത്തെയും പരിവര്‍ത്തനം ചെയ്യാന്‍ പ്രാപ്തരാകുംവിധം രൂപാന്തരപ്പെടുത്തുകയും ചെയ്യും. എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു? കാരണം സദ്വാര്‍ത്ത, ദൈവവചനം കാതുകളിലൂടെ ഹൃദയത്തിലേക്കും സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നതിനായി കരങ്ങളിലേക്കും കടക്കുന്നു. നന്ദി.  

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

വിശുദ്ധ ജുസെപ്പീന ബക്കീത്തയുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്ന ഫെബ്രുവരി 8ന് മനുഷ്യക്കടത്തിനെതിരായ ആഗോളപ്രാര്‍ത്ഥനാദിനം ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ മനുഷ്യക്കടത്തു നടത്തുന്നവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ദക്ഷിണ കൊറിയയിലെ പ്യെംഗ്ചാംങില്‍ 92 നാടുകളുടെ ഭാഗഭാഗിത്വത്തോടെ വെള്ളിയാഴ്ച ഇരുപത്തിമൂന്നാം ശീതകാല ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങുന്നതും പാപ്പാ അനുസ്മരിച്ചു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ പതിനൊന്നാം തിയതി ഞായറാഴ്ച ലോകരോഗീദിനം ആചരിക്കപ്പെടുന്നതിനെക്കുറിച്ചു പരാമര്‍ശിക്കുകയും വേദനകളനുഭവിക്കുന്നവര്‍ക്ക്  പരിപാലനാപരമായ സഹായമായിത്തീരാന്‍ യുവതീയുവാക്കള്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. സഭയുടെ പ്രാര്‍ത്ഥനാസഹായം പാപ്പാ രോഗികള്‍ക്ക് ഉറപ്പുനല്കി. രോഗത്തിന്‍റെ ബലഹീനതയാല്‍ മുദ്രിതമാകുന്ന അവസ്ഥയിലും ജീവന്‍ പവിത്രമാണെന്നും അതിനെ സ്നേഹിക്കണമെന്നും പാപ്പാ നവദമ്പതികളെ ഓര്‍മ്മിപ്പിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.