2018-02-03 12:25:00

യേശുവുമായുള്ള സമാഗമം സമര്‍പ്പിതജീവിത സ്രോതസ്സ്-പാപ്പാ


സമര്‍പ്പിതര്‍ ശാശ്വത അരുണോദയമാണെന്ന് മാര്‍പ്പാപ്പാ.

മറിയവും യൗസേപ്പും നിയമാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി പുത്രനായ യേശുവിനെ ദേവാലയത്തില്‍  സമര്‍പ്പിച്ചതിന്‍റെ ഓര്‍മ്മയാചരിച്ച സമര്‍പ്പണത്തിരുന്നാളും ഇരുപത്തിരണ്ടാം ലോക സമര്‍പ്പിതജീവിത ദിനവും ആയിരുന്ന വെള്ളിയാഴ്ച(02/02/18) വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദരിദ്രനും, ബ്രഹ്മചാരിയും, അനുസരണയുള്ളവനുമായ യേശുവുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നാണ് സമര്‍പ്പിതജീവിതം ജന്മംകൊള്ളുകയും പുനര്‍ജനിക്കുകയും ചെയ്യുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ദേവാലയത്തില്‍ യുവദമ്പതികളായ യൗസേപ്പും മറിയവും വൃദ്ധദമ്പതികളായ ശിമയോനും അന്നയും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയെപ്പറ്റി പരാമര്‍ശിച്ച പാപ്പാ മറിയവും യൗസേപ്പും ദേവലായത്തില്‍ കണ്ടുമുട്ടുന്നത് ഒരു ജനതയുടെ വേരുകളാണെന്നും അവിടെ ഒരു തരം പരസ്പര കൈമാറ്റം നടക്കുന്നുണ്ടെന്നും വിശദീകരിച്ചു.

വാസ്തവത്തില്‍ ദൈവത്തിന്‍റെ വാഗ്ദാനം നിറവേറ്റപ്പെടുന്നത് വ്യക്തിപരമായൊ ഒറ്റയടിക്കൊ അല്ല, പ്രത്യുത കൂട്ടായ്മയില്‍ ചരിത്രത്തിലൂടെയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

യുവദമ്പതികള്‍ ദേവാലയത്തില്‍ വിശ്വാസത്തിന്‍റെ വേരുകളും കണ്ടെത്തുന്നുവെന്ന് പാപ്പാ ശിമയോനെയും അന്നയെയും സൂചിപ്പിച്ചുകൊണ്ടു പറഞ്ഞു.

വിശ്വാസം പുസ്തകത്താളുകളില്‍ നിന്നു പഠിച്ചെടുക്കാവുന്ന ഒരാശയമല്ലയെന്നും, അത്, ദൈവവുമൊത്തു ജീവിക്കുന്ന ഒരു കലയാണെന്നും ഉദ്ബോധിപ്പിച്ച പാപ്പാ അത് നാം പഠിച്ചെടുക്കുന്നത് വിശ്വാസയാത്രയില്‍ നമുക്കു മുമ്പേ പോയവരുടെ അനുഭവത്തില്‍ നിന്നാണെന്ന് വശദീകരിച്ചു.

ആകയാല്‍ ഈ യുവജന-വയോജന സമാഗമത്തിന്‍റെ അഭാവത്തില്‍ ശോഭനമായൊരു ഭാവിയുണ്ടാകില്ലയെന്നും പാപ്പാ പറഞ്ഞു.

എന്നാല്‍ ഇന്നത്തെ കടിഞ്ഞാണില്ലാത്ത, അഥവാ, ഭ്രാന്തമായ ജീവിതപ്രയാണം ഈ സമാഗമത്തിനുള്ള നിരവധി വാതിലുകളെ അടച്ചുകളയുന്നുവെന്നും ഇതിനു കാരണം പലപ്പോഴും അപരനെക്കുറിച്ചുള്ള ഭയമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സമര്‍പ്പിതജീവിതത്തില്‍ ഇതു സംഭവിക്കരുതെന്ന് വ്യക്തമാക്കിയ പാപ്പാ പദ്ധതികളും സങ്കേതികത്വവും ഘടനകളും കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ചാല്‍ സമര്‍പ്പിതജീവിതത്തിന്‍റെ  ആകര്‍ഷണീയത കൈമോശം വരുകയും സംവേദനക്ഷമത നഷ്ടമാകുകയും അങ്ങനെ വന്ധ്യമായി ഭവിക്കുകയും ചെയ്യുമെന്നും കാരണം  ഇവിടെ വേരുകള്‍ വിസ്മരിക്കപ്പെടുകയാണെന്നും വശദീകരിച്ചു.

ലൗകികജീവിതവും സമര്‍പ്പിതജീവിതവും തമ്മിലുള്ള അന്തരവും പാപ്പാ എടുത്തുകാട്ടി. സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും ലൗകികജീവിതത്തില്‍ ഒരുവന്‍ തേടുമ്പോള്‍ സമര്‍പ്പിതജീവിതത്തിലാകട്ടെ അവന്‍ ലൗകികമായവ സ്വന്തമാക്കാനുള്ള എല്ലാതാല്പര്യങ്ങളും ദൈവത്തെയും മറ്റുള്ളവരെയും  നിരുപാധികം പൂര്‍ണ്ണമായി സ്നേഹിക്കുന്നതിനു വേണ്ടി വെടിയുന്നു എന്ന് പാപ്പാ വ്യക്തമാക്കി.

 

 

 








All the contents on this site are copyrighted ©.