2018-02-03 16:46:00

ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ഭിഷഗ്വരന്‍ - ക്രിസ്തു!


വിശുദ്ധ മര്‍ക്കോസ് 1, 29-39.

1. പ്രകാശമായെത്തിയ  ദൈവം

കര്‍ത്താവിന്‍റെ തിരുനാളുകളില്‍ ശ്രദ്ധേയമായതാണ് സമര്‍പ്പണ്ണത്തിരുനാള്‍. ജനനത്തിന്‍റെ നാല്പതാംനാള്‍‍ ഉണ്ണിയെ ദേവാലയത്തില്‍ മാതാപിതാക്കള്‍ സമര്‍പ്പിച്ച സംഭവമാണിത്. ക്രിസ്തു ലോകനാഥനും രക്ഷകനും സകലജനതകള്‍ക്കുമുള്ള പ്രകാശവുമായി ഈ തിരുനാള്‍ ചിത്രീകരിക്കുന്നു, തിരിച്ചറിയുന്നു. ഇന്നത്തെ ആദ്യവായന, ജോബിന്‍റെ പുസ്തകം മറ്റു പദങ്ങളില്‍ ഇതേ ആശയം ചിത്രീകരിക്കുന്നുണ്ട്. ക്ലേശപൂര്‍ണ്ണമായ മനുഷ്യജീവിതമാണ് ജോബിന്‍റെ പുസ്തകം ചിത്രീകരിക്കുന്നത്. ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും മറികടക്കുമ്പോള്‍ ദൈവം മനുഷ്യജീവിതത്തില്‍ അത്ഭുതകരമായി ഇടപെടുകയും സാന്ത്വനമായി എത്തുകയും ചെയ്യുന്നു (ജോബ് 7, 1-7).

2. ഈശോ കഫര്‍ണാം ഗ്രാമത്തില്‍  
നസ്രത്തിലെ തച്ചന്‍റെ അഴകിനു പിന്നില്‍ അവിടുന്നു സാധാരണക്കാരനായി നിലനിന്ന്, അവരോട് സംവദിച്ച്, കൊടുത്തും കൊണ്ടും കടന്നുപോയതു കൊണ്ടാണ്. എന്തിനും ഏതിനും സാധാരണക്കാരനെ സമീപിക്കാനും ഇടപഴകാനുമാണ് അവിടുന്ന് ശ്രദ്ധിച്ചത്. സാധാരണക്കാരുമായി ഉരഞ്ഞുരഞ്ഞ് സ്ഫുടംവച്ച ജീവിതം എന്ന് അതിനെ നമുക്ക് വിശേഷിപ്പിക്കാം. ക്രിസ്തു തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ വളരെ സാധാരണക്കാര്‍ പാര്‍ക്കുന്ന ഒരു മുക്കുവ ഗ്രാമത്തിലാണ് വന്നിരിക്കുന്നത് വേദനിക്കുന്നവര്‍ക്ക് സാന്ത്വനവും, രോഗിക്കു സൗഖ്യവും നല്കാന്‍!! കഫര്‍ണാം ഗലീലിയ കടലിന്‍റെ വടക്കന്‍ തീരത്തുള്ള ഒരു ഗ്രാമമാണ്. ഈശോയുടെ അരുമശിഷ്യനാരുന്ന പത്രോസ് അവിടെനിന്നാണ്. പത്രോസിന്‍റെ അമ്മായി അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞ് ഈശോ അവരെ സന്ദര്‍ശിക്കുന്നു. അവരെ കൈപിടിച്ച് അവിടുന്ന് ഉയര്‍ത്തി സൗഖ്യപ്പെടുത്തിയെന്ന് മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു.

കഫര്‍ണാമില്‍ ഈശോയുടെ കാലത്തു സിനഗോഗുള്ളതിന് ചരിത്രരേഖകളുണ്ട്. സിനഗോഗില്‍ ഈശോ ആയിരിക്കെ, ഒരു പിശാചു ബാധിതനെ സുഖപ്പെടുത്തുന്നതാണ് രണ്ടാമത്തെ സംഭവം. എന്താണ് ഈ പിശാചു ബാധ? വെളിച്ചം ഇല്ലാത്തിടത്ത് ഇരുട്ട് ആവസിക്കുന്നു. നന്മ മനുഷ്യജീവിതത്തില്‍ ഇല്ലാതാകുമ്പോള്‍ തിന്മ ആവസിക്കുന്നു. തിന്മ വ്യക്തിയെ സ്വാധീനിക്കുന്നു. അത് സ്വാഭാവികമാണ്. അങ്ങനെയുള്ള സാമൂഹിക സാഹചര്യത്തിലാണ് ഈശോ അയാളെയും അത്ഭുതകരമായി സുഖപ്പെടുത്തി. ആദ്യത്തേത് ശാരീരികമായ സൗഖ്യദാനമാണെങ്കില്‍, രണ്ടാമത്തത് മനസ്സിന്‍റെ സൗഖ്യപ്പെടുത്തലാണ്. എന്നാല്‍ ഈശോയെ സമൂഹം കുറ്റപ്പെടുത്തുന്നു. സാബത്തു ദിവസം സുഖപ്പെടത്തിയത് തെറ്റായിപ്പെയെന്നാണ് ആരോപണം. എവിടെയും എപ്പോഴും നന്മചെയ്യുന്നതിന് മുഹൂര്‍ത്തങ്ങള്‍ നോക്കേണ്ടതില്ല. പ്രത്യേകിച്ച് രോഗീപരിചരണത്തിന്.... ! ആവശ്യത്തിലായിരിക്കുന്നവന്‍റെ സഹായത്തിന് ഉടനടി എത്തിച്ചേരുകയാണ് ധര്‍മ്മം!

3. ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ഭിഷഗ്വരന്‍  
കഫര്‍ണാമിലെ രണ്ടു സംഭവങ്ങളും വെളിപ്പെടുത്തുന്നത് ക്രിസ്തു ആത്മാവിന്‍റെയും ഉടലിന്‍റെയും ഭിഷഗ്വരനാണെന്നാണ്. രോഗീപരിചരണ മേഖലയില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് ദിശാബോധം തരുന്ന സമീപനങ്ങള്‍ ഈ മഹാവൈദ്യനില്‍നിന്ന് ദക്ഷിണവച്ച് നാം പഠിക്കേണ്ടിയിരിക്കുന്നു. ഏതൊരു ഔഷധവും ഫലവത്താകുന്നത് പ്രത്യാശയുടെ വെളിച്ചത്തില്‍ സേവിക്കുമ്പോഴാണ്. കാരണം ജ്വരം, രോഗം സമ്മാനിക്കുന്നത് വേദനയും മടുപ്പുമാണ്. മനസ്സും ശരീരവും തമ്മിലുള്ള അകല്‍ച്ചയാണിവിടെ. അതുകൊണ്ടാണ് സൈക്കോ-സൊമാറ്റിക്ക് എന്നെല്ലാം നാം പറയുന്നത്. മനസ്സും ശരീരവും തമ്മില്‍ രോഗാവസ്ഥയില്‍ ഒരന്തരമുണ്ടാകുന്നു. ഈ അന്തരം ഇല്ലാതാക്കാം.

4. നിര്‍മ്മമതയുടെ സടകുടഞ്ഞെഴുന്നേറ്റവര്‍ 
തന്‍റെ പക്കല്‍ വരുന്നവരുടെ ഇച്ഛാശക്തിയെ ബലപ്പെടുത്തിയും, പ്രത്യാശയ്ക്ക് തെളിമ നല്കിയുമാണ് ക്രിസ്തു അവരെ സൗഖ്യദാനത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നത്. രോഗഗ്രസ്ഥരാകുന്നവര്‍ ചിലപ്പോഴെങ്കിലും തനിക്ക് “ഇനി രക്ഷയില്ല” എന്ന മാനസിക അവസ്ഥയിലേയ്ക്ക് വഴുതി വീഴാം. നിര്‍മ്മമത എന്ന വാക്കാണ് ഉപയോഗിക്കുന്നത്.  ക്രിസ്തുവിനോട് അത്തരക്കാര്‍ ഒന്നും ആവശ്യപ്പെടുന്നുപോലുമില്ല. എന്നാല്‍ ക്രിസ്തു അവരെ ആരോഗ്യത്തിന്‍റെ പടവുകളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നു. പത്രോസിന്‍റെ അമ്മായി അമ്മ അവിടുത്തോട് ഒന്നും ആവശ്യപ്പെട്ടില്ല. അവരുടെ രോഗാവസ്ഥയും, ആ കുടുംബത്തിന്‍റെ ആവശ്യവും മനസ്സിലാക്കി ക്രിസ്തു അവരെ കൈപിടിച്ചുയര്‍ത്തുന്നു.

38 വര്‍ഷക്കാലമായി സൗഖ്യത്തിനായി തീര്‍ത്ഥപ്പടവുകളില്‍ കാത്തു കിടന്നിരുന്ന ഒരാള്‍ ക്രിസ്തുവിനോട് ഒന്നും ആവശ്യപ്പെടുന്നുപോലുമില്ല. അയാള്‍ക്കു മീതെയുള്ള നിര്‍മ്മമതയുടെ ചിതല്‍പ്പുറ്റില്‍നിന്നുമാണ് ക്രിസ്തു അയാളെ കൈപിടിച്ചുയര്‍ത്തുന്നത്. അയാളെ സൗഖ്യപ്പെടുത്തുന്നത്. തനിക്കു ഇതു ചെയ്യാന്‍ കഴിയുമെന്നു വിശ്വസിക്കുന്നുണ്ടോ? എന്നു രോഗിയോടു ചോദിച്ചു. നിസ്സംഗതയുടെയും നിര്‍മ്മമതയുടെയും ചിതല്‍പ്പുറ്റില്‍നിന്നും സടകുടഞ്ഞു പുറത്തു കടക്കാന്‍ ഈശോ തന്നെയാണ് അയാളെ സഹായിക്കുന്നത്.

5. രോഗിയെ തിരിച്ചറിയുന്ന മഹാഭിഷഗ്വരന്‍ 
ഏത് ആള്‍ക്കൂട്ടത്തിലും രോഗിയുടെ സാന്നിദ്ധ്യം മഹാഭിഷഗ്വരന്‍ തിരിച്ചറിയുന്നു. പുരുഷാരം തന്നെ തിക്കിത്തിരക്കുമ്പോള്‍ ആരാണ് തന്നെ തൊട്ടത് എന്നവിടുന്ന് ആരായുന്നു. ആരാണ് തന്നെ തൊടാതിരിന്നത്, എന്നാണ് ശിഷ്യന്മാരുടെ ആരായല്‍. കാരണം അത്രത്തോളം ജനങ്ങള്‍ അവിടെയുണ്ടായിരുന്നു! അപ്പോള്‍ ഭയചകിതയായ സ്ത്രീ മുന്നോട്ടുവന്നു. 12 വര്‍ഷമായി ഒരു രഹസ്യരോഗത്തിന്‍റെ പിടിയിലാണവള്‍. ഒത്തിരി വൈദ്യന്മാരുടെ ചികിത്സ തേടി പണം ചെലവൊഴിച്ചിട്ടും, പണം തീരുകയും രോഗം നിലനില്ക്കുകയുകം ചെയ്യുന്നു. ഇവിടെ ക്രിസ്തുവിന്‍റെ ചാരത്തെത്തി രോഗി സംവദിക്കുമ്പോള്‍, അവിടുത്തെ മനസ്സിലും പരിസരത്തിലും ആരവമില്ല. രണ്ടേരണ്ടു പേര്‍ മാത്രം.

6. ക്രിസ്തുവിന്‍റെ ശ്രദ്ധയും കരുതലും  
ഈ ശ്രദ്ധയും കരുതലും ഓരോ രോഗിയും ആര്‍ഹിക്കുന്നുണ്ട്. രോഗി ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ ക്രിസ്തു നല്കുന്നു. അങ്ങ് ഒരു വാക്കു പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു നിലവിളിക്കുന്നവനെ അവിടുന്ന് തന്നോടു ചേര്‍ത്തു പിടിച്ച് സൗഖ്യപ്പെടുത്തി.
ഔഷധങ്ങളുടെയും ചികിത്സയുടെയും ചില പ്രാക്-രൂപങ്ങള്‍ ക്രിസ്തു ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടുന്ന് അവരുടെ കണ്ണില്‍ തുപ്പല്‍ പുരട്ടി. നാട്ടു കുളത്തിലെ ചേറു ലേപനംചെയ്തു. കര്‍ണ്ണപുടങ്ങളില്‍ വിരലിട്ട് “എഫേത്ത,”  തുറക്കുക..  എന്ന് ജപിച്ചു. അങ്ങനെയും ചില സൗഖ്യദാന രീതികള്‍ ക്രിസ്തു ഉപയോഗപ്പെടുത്തി. സാമൂഹീക ബന്ധങ്ങളില്‍നിന്ന് അറിഞ്ഞും അറിയാതെയും രോഗം ഒരാളെ അകറ്റിക്കളഞ്ഞേക്കാം. അതിനാല്‍ സൗഖ്യദാന രീതികള്‍, ഒരാള്‍ക്ക് നഷ്ടമായതൊക്കെ തിരികെ കൊടുക്കുന്നതാണ്. അതാണ് ക്രിസ്തു ചെയ്തത്.

രോഗിക്കു ലഭിക്കുന്ന പുനരധിവാസം, നവജീവന്‍ ഓരോ രോഗ ശമനത്തിനുശേഷവും കുറെക്കൂടി ആരോഗ്യകരമായ ഒരു പരിസരം രൂപപ്പെടുത്തണമെന്നു ക്രിസ്തു നിഷ്ക്കര്‍ഷിക്കുന്നു. അതുകൊണ്ട് അവിടുന്നു പറയുന്നു, “മേലില്‍ പാപംചെയ്യരുത്!”  ഇഷ്ടങ്ങളില്‍ വീണു പോകുന്നതാണ് പാപമെങ്കില്‍ അതിന്‍റെ അങ്ങേ അറ്റത്ത് മരണം നില്പുണ്ടെന്ന് തിന്മ ഓരോരുത്തരുടെയും പടിവാതില്ക്കല്‍ കാത്തുനില്ക്കുകയാണ്. ശ്രദ്ധയില്ലെങ്കില്‍ അതു നമ്മെ കീഴ്പ്പെടുത്തും.

കഫര്‍ണാം ഗ്രാമത്തിലേയ്ക്ക് കടന്നു ചെന്ന് എളിയവരെ സൗഖ്യപ്പെടുത്തിയ യേശുവേ, അങ്ങു ഞങ്ങളുടെ ജീവിതങ്ങളിലേയ്ക്കും കടന്നുവരണേ... ഞങ്ങളെ സ്പര്‍ശിച്ച് സുഖപ്പെടുത്തണമേ! ഞങ്ങള്‍ക്ക് സൗഖ്യവും സമാധനവും സന്തോഷവും നല്കി അനുഗ്രഹിക്കണേ!

കെസ്റ്റര്‍ ആലപിച്ച് ഫാദര്‍ തദേവൂസ് അരവിന്ദത്ത് രചനയും സംഗീതവും നിര്‍വ്വിഹിച്ച  ഈ ഗാനം രോഗികളായ സഹോദരങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു. നമുക്കു ചുറ്റും ശാരീരികവും മാനസികവുമായ വിവിധ രോഗങ്ങളാല്‍ വേദനയനുഭവിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ സൗഖ്യദാനസ്പര്‍ശം നല്കണമേ... എന്നു പ്രാര്‍ത്ഥിക്കുന്നു. 








All the contents on this site are copyrighted ©.