2018-02-03 08:11:00

അഴിമതിയില്ലാത്ത അധികാരത്തിനായി - ഫെബ്രുവരിയിലെ പ്രാര്‍ഥനാനിയോഗം


ഫെബ്രുവരിമാസത്തിലെ അപ്പസ്തോലികപ്രാര്‍ഥനയുടെ പൊതു നിയോഗമായി നല്‍കിയിരിക്കുന്നത്, അഴിമതിയില്‍ നിന്നുമുള്ള മോചനമാണ്.  അഴിമതിയില്‍ അഭിരമിക്കുന്ന അധികാരശക്തിയുള്ളവരെ, എന്നുമെന്നപോലെ, ഇന്നും, ഭൗതിക, രാഷ്ട്രീയ, ആത്മീയ മേഖലകളില്‍ നാം കാണുന്നു.  പലവിധത്തിലും അതില്‍ പങ്കുചേരുകയോ, കൂട്ടുനില്‍ക്കുകയോ, അത്തരം തിന്മകളോടു നിസ്സംഗത പുലര്‍ത്തുകയോ ചെയ്യുന്നവരുമാണ് നാം.  ഈ സാഹചര്യത്തില്‍, നമ്മുടെയും നമ്മുടെ സഹോദരങ്ങളുടെയും തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുന്ന ഹൃദയത്തോടെ, ആ തെറ്റുകള്‍ വഴി, ദരിദ്രരും നിസ്സഹായരുമായ ജനങ്ങള്‍ ഏറെ സഹിക്കുന്നതില്‍ നൊമ്പരപ്പെടുന്ന ഹൃദയത്തോടെ, നമുക്കു പാപ്പായോടൊത്ത്, ഈ ഫെബ്രുവരി മാസത്തില്‍, അഴിമതിയില്‍ നിന്ന് നമ്മെ മോചിപ്പിക്കണമേ എന്നു പ്രത്യേകമായി പ്രാര്‍ഥിക്കാം.

അഴിമതിയുടെ പ്രലോഭനത്തിലുള്‍പ്പെടാതിരിക്കാന്‍ ഒന്നുചേര്‍ന്നു പ്രാര്‍ഥിക്കാം

തിരുസ്സഭ മുഴുവനോടും ചേര്‍ന്നു നാം ഫെബ്രുവരി മാസത്തില്‍ പ്രാര്‍ഥിക്കുന്നത് ഈ പൊതുനിയോഗത്തോടെയാണ്:

ഭൗതികമായോ, രാഷ്ട്രീയമായോ, ആത്മീയമായോ അധികാരമുള്ളവര്‍, അഴിമതി എന്ന പ്രലോഭനത്തെ ചെറുക്കുന്നതിനുവേണ്ടി     (That those who have material, political or spiritual power may resist any lure of corruption).

പരിശുദ്ധ പിതാവു ഫ്രാന്‍സീസ് പാപ്പാ, പ്രാര്‍ഥനാ നിയോഗത്തെ വിശദീകരിച്ചു നല്‍കിയിരിക്കുന്ന വീഡിയോ സന്ദേശവും ഈ ഫെബ്രുവരി ഒന്നാംതീയതിതന്നെ പ്രസിദ്ധപ്പെടുത്തി.  അതില്‍ പാപ്പാ അഴിമെതിക്കെതിരായ ശബ്ദം ക്രൈസ്തവരില്‍ നിന്നുയരണമെന്ന് ശക്തമായ ഭാഷയിലാണു പറയുന്നത്. അഴിമതിയ്ക്ക് അധികാരത്തോടുള്ള ബന്ധം എടുത്തു പറഞ്ഞുകൊണ്ട്, ആ തിന്മയെ സാമൂഹ്യതിന്മകളുടെ വേരായിട്ടാണ് ഇവിടെ അവതരിപ്പിക്കുക:

അടിമത്തത്തിന്‍റെ, തൊഴിലില്ലായ്മയുടെ, പ്രകൃതിയെയും പൊതുനന്മയെയും  അവഗണിക്കുകയും ചെയ്യുന്നതിന്‍റെ വേര് എന്താണ്?  അഴിമതിയാണത്. മരണത്തിന്‍റെ ഒരു പ്രക്രിയയും മരണസംസ്ക്കാരത്തെ പോഷിപ്പിക്കുകയും ചെയ്യുന്ന അഴിമതിയാണത്.

എന്തെന്നാല്‍, അധികാരത്തിനും സമ്പത്തിനുംവേണ്ടിയുള്ള ദാഹം അതിരുകള്‍ അറിയുന്നില്ല.

നിശ്ശബ്ദതയാല്‍ അഴിമതിയെ പ്രതിരോധിക്കാനാവില്ല. 

നാമതെക്കുറിച്ച് സംസാരിക്കണം, തിന്മകളെ നിരാകരിക്കണം.  അതിനെ തിരിച്ചറിഞ്ഞ്, അധമത്വത്തെ കാരുണ്യംകൊണ്ടും  ശൂന്യതയെ സൗന്ദര്യംകൊണ്ടും അതീജീവിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ കാണിച്ചുകൊടുക്കാന്‍  കഴിയണം. 

അതിനാല്‍, നമുക്കൊരുമിച്ചു പ്രാര്‍ഥിക്കാം: ഭൗതികമായോ, രാഷ്ട്രീയമായോ, ആത്മീയമായോ അധികാരമുള്ളവര്‍, അഴിമതി എന്ന പ്രലോഭനത്തെ ചെറുക്കുന്നതിനു വേണ്ടി.

അഴിമതിക്കെതിരെ പാപ്പായുടെ ശബ്ദം

അഴിമതിയെന്ന തിന്മയെ നമ്മുടെ ഇടയില്‍നിന്നു നീക്കുന്നതിന് നാമതെക്കുറിച്ച് സംസാരിക്കണമെന്നും അതിനെ നിരാകരിക്കാന്‍ പരിശ്രമിക്കണമെന്നും പറയുന്ന പാപ്പാ അനേക തവണ ഈ തിന്മയെക്കുറിച്ചു സംസാരിച്ച് ആ തിന്മയെ ഇല്ലാതാക്കുന്നതിന് പ്രബോധനങ്ങള്‍ നല്‍കുന്നതും മറ്റു നടപടികള്‍ സ്വീകരിക്കുന്നതും നാം കാണ്ടുകൊണ്ടിരിക്കുന്നു.  അഴിമതിയ്ക്കെതിരായി ശക്തമായ പ്രബോധനങ്ങളാണ് പാപ്പാ നടത്തിയിട്ടുള്ളത്.

അവയില്‍ ചിലത് നമുക്കു ശ്രദ്ധിക്കാം.

2013 നവംബറില്‍ സാന്താ മാര്‍ത്ത കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ, ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വചനഭാഗം (17:1-6) വ്യാഖ്യാനിച്ചുകൊണ്ട്, പാപികളോടുള്ള ദൈവത്തിന്‍റെ കരുണയെക്കുറിച്ചു വിശദീകരിക്കുകയും, എന്നാല്‍ അഴിമതി നടത്തുന്നവര്‍, ദൈവകാരുണ്യം സ്വീകരിക്കുന്നതിന് അര്‍ഹരായ  ഈ പാപികളുടെ ഗണത്തിലല്ല ഉള്‍പ്പെടുന്നതെന്നും വ്യക്തമാക്കുന്ന പാപ്പാ അവരെ കപടനാട്യക്കാര്‍ എന്ന് യേശു വിശേഷിപ്പിക്കുന്ന ഗണത്തിലുള്‍പ്പെടുത്തുന്നു.  അത്തരം വ്യക്തികള്‍ക്കു നല്ലത്, കഴുത്തില്‍ തിരികല്ലു കെട്ടി കടലിന്‍റെ ആഴത്തിലേയ്ക്ക് എറിയപ്പെടുന്നതാണ് എന്നും അതു തന്‍റെ വാക്കുകളല്ല, യേശുവിന്‍റെ വാക്കുകളാണെന്നും ഉള്ള ശക്തമായ പ്രബോധനമാണ് പാപ്പാ അവിടെ നല്‍കിയത്.

2015 ഒക്ടോബര്‍ 20-ലെ പാപ്പായുടെ ട്വിറ്ററില്‍, ‘‘അഴിമതിയെന്നത് സമൂഹത്തിന്‍റെ കാന്‍സറാണ്’’ എന്നു തുറന്നുപറയുന്നതിനു മടിക്കാത്ത പാപ്പാ, ‘‘ധനാരാധനയില്‍ അടിസ്ഥാനമിട്ടിരിക്കുന്നതും, മനുഷ്യാന്തസ്സിനു കളങ്കവുമായ അഴിമതിക്കെതിരേ നിശ്ചയദാര്‍ഢ്യത്തോ ടെ പൊരുതാ’’നുള്ള ആഹ്വാനത്തോടെയാണ് 2017 ഡിസംബര്‍ 9-ലെ ട്വിറ്റര്‍ സന്ദേശം നല്‍കിയത്.

2015-ല്‍ കെനിയന്‍ സന്ദര്‍ശനം നടത്തിയ പാപ്പാ അവിടെ കസറാനി സ്റ്റേഡിയത്തില്‍, നവം 28-ാം തീയതി യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അഴിമതിക്കെതിരെ മറയില്ലാതെ സംസാരിക്കുകയായിരുന്നു. പാപ്പാ പറഞ്ഞു: ‘‘...കൈക്കൂലി വാങ്ങി നമ്മുടെ പോക്കറ്റിലിടുന്ന ഓരോ സമയവും നാം നമ്മുടെ ഹൃദയത്തെ നശിപ്പിക്കുകയാണ്, നമ്മുടെ വ്യക്തിത്വവും, നമ്മുടെ ദേശവും എല്ലാം നാം നശിപ്പിക്കുകയാണ്... ആ മോഷണത്തിലൂടെ, നിങ്ങള്‍, അഴിമതിയുടെ മാതൃക അവശേഷിപ്പിക്കുകയും സമൂഹത്തിനതു ഹാനികരമാകുകയും ചെയ്യുന്നു.  ആ മോഷണം, അനേകം കുഞ്ഞുങ്ങളുടെ രോഗവും വിശപ്പുമായി അവശേഷിക്കുന്നു, കാരണം, നിങ്ങളുടെ അഴിമതിയിലൂടെ അവരുടെ ധനം നിങ്ങള്‍ നിങ്ങളുടേതാക്കി മാറ്റിയിരിക്കുന്നു...''

2017 നവംബര്‍ പത്താം തീയതി, സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിവേളയില്‍ ലൂക്കായുടെ സുവിശേഷം പതിനാറാമധ്യായം വിവരിക്കുന്ന അവിശ്വസ്തനായ കാര്യസ്ഥനെക്കുറിച്ചുള്ള ഉപമ വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ''തന്‍റേതല്ലാത്ത വസ്തുവകകള്‍കൊണ്ട്, മറ്റുള്ളവര്‍ക്കു നന്മ കൈവരുത്തുന്നവരുണ്ട്.  ഇത് അഴിമതിയുടെ ഒരു ചങ്ങല തീര്‍ക്കുകയാണ്.  അവര്‍ പ്രകാശത്തിന്‍റെ മക്കളല്ല, മറിച്ച് ഈ ലോകത്തിന്‍റെ മക്കളാണ്... ഇത്തരത്തിലുള്ള അഴിമതികളെ വിജയിക്ക ണമെങ്കില്‍ മൂന്നു മനോഭാവങ്ങളാവശ്യമാണ്...  ആരോഗ്യകരമായ ഒരവി ശ്വാസം നമുക്കാവശ്യമാണ്... രണ്ടാമതായി ഏതു കാര്യത്തെക്കുറിച്ചും നമുക്കൊരു ആലോചനയും പരിചിന്തനവും നമുക്കു വേണം...  ചില ബാങ്കുകള്‍നിങ്ങളുടെ നിക്ഷേപത്തിന് ഇരട്ടി പലിശ തരാമെന്നു പറയുന്നെങ്കില്‍ അതെന്തുകൊണ്ടാണെന്നു നാം ചിന്തിക്കേണ്ടതുണ്ട്... അങ്ങനെ നമുക്കു നമ്മുടെ ബലഹീനത യെക്കുറിച്ച് നന്നായറിയുന്ന സാത്താന്‍റെ പ്രലോഭനത്തില്‍നിന്നു രക്ഷപ്പെടാനാവും.  അവസാനമായി, നാം എപ്പോഴും പ്രാര്‍ഥിക്കുന്നവരാകണം''. ഇക്കാര്യങ്ങള്‍ തന്നെയാണ് ഫെബ്രുവരിയിലെ പ്രാര്‍ഥനാ നിയോഗം വിശദീകരിച്ചുകൊണ്ട് പാപ്പാ ആവശ്യപ്പെടുന്നത്.  

2018 ജനുവരി 19-ാംതീയതി, തന്‍റെ പെറുവിയന്‍ സന്ദര്‍ശനത്തിനിടയില്‍, അവിടുത്തെ അധികാരികളുമായുള്ള കൂടിക്കാഴ്ചയിലും അഴിമതിയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പു നല്‍കുന്നതു നാം കേള്‍ക്കുകയുണ്ടായി.  പ്രത്യാശയുടെ, ഐക്യത്തതിനുവേണ്ടിയുള്ള ജനതകളുടെ വിളിയില്‍ ഏറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന അഴിമതിയെ, പരിസ്ഥിതി പ്രത്യാഘാതമുള്‍പ്പെടെ, ''ലോകത്തിനു നാശ മുണ്ടാക്കുന്ന, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പകര്‍ച്ചവ്യാധിയെന്നപോലെ പടര്‍ന്നു പിടിക്കുന്ന വൈറസ്'' എന്നാണ് പാപ്പാ അന്നു വിശേഷിപ്പിച്ചത്.

അഴിമതിയും അധികാരവും

അഴിമതിയുടെ വിവിധ രൂപഭാവങ്ങള്‍ എല്ലാ മനുഷ്യരിലും ഉണ്ടെങ്കിലും, അത് ഒരു കാന്‍സര്‍ എന്നപോലെ, കാണപ്പെടുന്നത് ചില വിഭാഗങ്ങളിലുള്ളവരിലാണ് എന്നു പാപ്പാ അംഗീകരിക്കുന്നു.  ഈ മാസത്തെ പ്രാര്‍ഥനാ നിയോഗത്തില്‍ പ്രത്യേകമായി അതു  സൂചിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഭൗതികമായും, രാഷ്ട്രീയമായും ആത്മീയമായും ഉള്ള അധികാരമുള്ളവരാണവര്‍.   അവര്‍ക്കാണ് സാധാരണ ജനത്തെക്കാളും അഴിമതി ഒരു പ്രലോഭനമായിത്തീരുന്നത്.  അവരുടെ പക്കലാണ് കാര്യസാധ്യത്തിനുവേണ്ടി, പലരും കൈക്കൂലിയുടെ വിവിധ രൂപങ്ങളുമായി എത്തുന്നത്.  അവരുടെ തിന്മ, ഒരാള്‍ക്കു കാന്‍സര്‍ ഉണ്ടാക്കുന്ന നാശമെന്നപോലെ, സമൂഹത്തിനു നാശകരമാകുമെന്ന് പാപ്പാ വ്യക്തമാക്കുന്നു.

പലപ്പോഴും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി, അധികാരശക്തിയുള്ളവരെ സ്വാധീനിക്കാന്‍ ചെയ്യുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളോ, നല്‍കുന്ന കൈക്കൂലിയോ, സമ്മാനങ്ങളോ ഒക്കെ അഴിമതിയുടെ ഭാഗമാണ്.  അഴിമതി, അധികാരമുള്ളവര്‍ക്കു പ്രലോഭനഹേതുവാകുന്നു എന്നതു മാത്രമല്ല, അഴിമതിക്ക് അവരെ പ്രേരിപ്പിക്കാന്‍, പലകാരണങ്ങളാലും പൊതുജനം തയ്യാറാകുന്നു എന്നതും ഇവിടെ ചിന്താവിഷയമാകേണ്ടതുണ്ട്. കൈക്കൂലി വാങ്ങുന്ന വ്യക്തി മാത്രമല്ല, കൈക്കൂലി നല്‍കി എന്തും നേടിയെടുക്കാം എന്നു ചിന്തിക്കുന്നവരും അപ്രകാരം പ്രവര്‍ത്തിക്കുന്നവരും തെറ്റുചെയ്യുന്നു.  എന്നാല്‍ കൈക്കൂലി വാങ്ങുന്നവര്‍ ഇങ്ങനെ പ്രലോഭിതരാകുന്നില്ലെങ്കില്‍, അഴിമതി ഇല്ലാതാകുമെന്നതിനു സംശയമില്ല.  അതുകൊണ്ട്  ഈ മാസത്തില്‍, പാപ്പായോടൊത്ത്, തിരുസ്സഭ മുഴുവനോടും ചേര്‍ന്ന്, നന്മ നിറഞ്ഞ വ്യക്തിത്വങ്ങളോടു ചേര്‍ന്ന് നമുക്കു പ്രാര്‍ഥിക്കാം: ഭൗതികമായോ, രാഷ്ട്രീയമായോ, ആത്മീയമായോ ഉള്ള അധികാരമുള്ളവര്‍, അഴിമതി എന്ന പ്രലോഭനത്തെ ചെറുക്കുന്നതിനു വേണ്ടി.

വിശുദ്ധ ഗ്രന്ഥം അഴിമതിക്കാരുടെ വിവിധ കഥകള്‍, പ്രവാചകരിലൂടെയും ദൈവത്തിന്‍റെ വിശുദ്ധരിലൂടെയും അവര്‍ക്കു നല്‍കപ്പെടുന്ന ദൈവശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, അവര്‍മൂലം ദൈവജനത്തിനുണ്ടാകുന്ന ശിക്ഷാവിധികള്‍ എന്നിവ വിവരിക്കുന്നുണ്ട്. പ്രവാചക ഗ്രന്ഥങ്ങള്‍, സാധാരണക്കാരുടെ ബലഹീനതകളെക്കുറിച്ചല്ല, ഭരണാധിപരുടെയും ന്യായാധിപരുടെയും പുരോഹിതരുടെയും തെറ്റുകളെക്കുറിച്ചാണ് മുഖ്യമായും മുന്നറിയിപ്പു നല്‍കുന്നതെന്നു കാണാം. ഏശയ്യാപ്രവാചകന്‍റെ ഗ്രന്ഥം, ആദ്യാധ്യായത്തില്‍ ഇങ്ങനെ ദൈവജനത്തെക്കുറിച്ചു വിലപിക്കുന്നതു നാംകേള്‍ക്കുന്നു: '' നീതിയും ധര്‍മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു കൊലപാതകികളാണു വസി ക്കുന്നത്... നിന്‍റെ പ്രഭുക്കന്‍മാര്‍ കലഹപ്രിയരാണ്... അവര്‍ കള്ളന്മാരോടു കൂട്ടുചേരുന്നു, സകലരും കോഴകൊതിക്കുന്നു, സമ്മാനത്തിന്‍റെ പിന്നാല പായുന്നു. അവര്‍ അനാഥരുടെ പക്ഷത്തുനില്‍ക്കുകയോ വിധവകളുടെ അവകാശം പരിഗണിക്കുകയോ ചെയ്യുന്നില്ല...'' (1:21ff). ജറെമിയ, എസെക്കിയേല്‍ പ്രവാചകന്മാര്‍ ഇതിലേറെ ശക്തിയുള്ള സ്വരത്തില്‍ ഇസ്രായേലിന്‍റെ നേതാക്കളുടെ, അവരുടെ ഇടയന്മാരുടെ തിന്മകളെ എണ്ണിപ്പറയുന്നതു നാം കേള്‍ക്കുന്നു: ജറെമിയാപ്രവാചകന്‍, ''നിസ്സാരന്മാര്‍ മുതല്‍ മഹാന്മാര്‍ വരെ എല്ലാവരും അന്യായലാഭത്തില്‍ ആര്‍ത്തി പൂണ്ടിരിക്കുകയാണ്.  പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു...'' (6:13) എന്നും, എസെക്കിയേല്‍ പ്രവാചകന്‍, ''തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്‍റെ ഇടയന്മാരെ നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും... കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു... ദുര്‍ബലമായതിനു നിങ്ങള്‍ ശക്തി കൊടുത്തില്ല, മുറിവേറ്റതിനെ വച്ചുകെട്ടിയില്ല, വഴിതെറ്റിയതിനെ തിരികെക്കൊണ്ടുവരികയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി...'' (34:1-5) എന്നും ഉറക്കെപ്പറയുന്നു.  അതുകൊണ്ട്  കര്‍ത്താവ് അരുളിച്ചെയ്യുന്നത് ഇതാണ്: ''ഇതാ ഞാന്‍തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും...നീതിപൂര്‍വം ഞാനവയെ പോറ്റും...'' (എസെ 34:11)

മിക്കാ പ്രവാചകനും ഭരണാധിപരുടെയും നേതാക്കളുടെയും അഴിമതിയെക്കുറിച്ച് മറയില്ലാതെ സം സാരിക്കുന്നുണ്ട്. മൂന്നാമധ്യായം ഇതിനു തെളിവാണ്.  അതിലെ 9 മുതലുള്ള വാക്യങ്ങളില്‍ നാം വായിക്കുന്നു. ''യാക്കോബ് ഭവനത്തിന്‍റെ തലവന്മാരെ, ഇസ്രായേല്‍ കുടുംബത്തിലെ അധിപന്മാരെ, ശ്രവിക്കുവിന്‍. നിങ്ങള്‍ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു. രക്തത്താല്‍ നിങ്ങള്‍ സീയോന്‍ പണിതുയര്‍ത്തുന്നു. അധര്‍മത്താല്‍ ജറുസലെമും.  അതിന്‍റെ ന്യായാധിപന്മാര്‍ കോഴവാങ്ങി വിധിക്കുന്നു. പുരോഹിതന്മാര്‍ കൂലിവാങ്ങി പഠിപ്പിക്കുന്നു. പ്രവാചകന്മാര്‍ പണത്തിനുവേണ്ടി ഭാവി പറയുന്നു...''

ക്രിസ്തുവിനു മുന്നോടിയായി വന്ന സ്നാപകയോഹന്നാന്‍, അനുതാപത്തിന്‍റെ സ്നാനം സ്വീകരിക്കാനെത്തിയ ജനനേതാക്കളായ ഫരിസേയരോടും സദുക്കായരോടുമായി പറഞ്ഞു: ''മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍... നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുറ്റാരോപണവും അരുത്. വേതനം കൊണ്ട് തൃപ്തിപ്പെടണം'' (ലൂക്കാ 3:8-14) : യേശുവും ജനനേതാക്കളുടെ അനീതിയെ പരസ്യമായി കുറ്റപ്പെടുത്തുന്നു: ''കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ നിങ്ങള്‍ക്കു ദുരിതം!... നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ നിങ്ങള്‍ അവഗണിക്കുന്നു...''  (മത്താ 23:23).

ഈ ലോകത്തില്‍ മാത്രം പ്രത്യാശവച്ചിരിക്കുന്നവരല്ല നാം ക്രൈസ്തവര്‍.  എന്നാല്‍, തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചവനായ പിതാവായ ദൈവം, നന്മയും സ്നേഹവുമായ  ദൈവരാജ്യം ഈ ഭൂമിയില്‍ പുലരണമെന്ന് ആഗ്രഹിക്കുന്നു.  അതുകൊണ്ടാണ്, അഴിമതിയ്ക്കെതിരായി ദൈവവും ദൈവികമനുഷ്യരും മുന്നറിയിപ്പു നല്‍കുകയും അതില്‍ നിന്നൊഴിവായിരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നത്.  ഫ്രാന്‍സീസ് പാപ്പായും അഴിമതിയില്‍ നിന്നൊഴിവാകുന്നതിനും, അതിനെതിരെ ശബ്ദമുയര്‍ത്താനും അതിനെ ഇല്ലായ്മ ചെയ്യുന്നതിനായി പരിശ്രമിക്കാനും ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം ശ്രവിച്ചുകൊണ്ട്,  അപ്രകാരം ചെയ്തുകൊണ്ട്, നമുക്കു പ്രാര്‍ഥിക്കാം: ഭൗതികമായോ, രാഷ്ട്രീയമായോ, ആത്മീയമായോ ഉള്ള അധികാരത്തിലിരിക്കുന്നവര്‍, അഴിമതി എന്ന പ്രലോഭനത്തെ ചെറുക്കുന്നതിനു വേണ്ടി.








All the contents on this site are copyrighted ©.