2018-02-03 12:47:00

അന്യായപ്പലിശയ്ക്കെതിരായ പരിച, മിതവ്യയ ശീലം -പാപ്പാ


മാനഹാനി ഉളവാക്കുകയും ജീവനപഹരിക്കുകയും ചെയ്യുന്ന ഘോരപാപമായ കൊള്ളപ്പലിശ പ്രവണതയ്ക്കെതിരെ പോരാടുന്നതില്‍ ദാരിദ്ര്യം, ത്യാഗം എന്നീ പുണ്യങ്ങളുടെ അഭ്യസനത്തിനുള്ള പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ പോരാടുന്ന വിവിധ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ കൊള്ളപ്പലിശവിരുദ്ധ ദേശീയ സമിതിയുടെ, അഥവാ, “കൊണ്‍സൂല്‍ത്ത നത്സിയൊണാലെ ആന്തിഉസൂര”-യുടെ (CONSULTA NAZIONALE ANTIUSURA)  300 പ്രതിനിധികളെ ശനിയാഴ്ച (03/02/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ജീവിതത്തില്‍ ആവശ്യമായവയും ആഢംബരവും തമ്മില്‍ വേര്‍തിരിച്ചറിയുന്നതിനും ആവശ്യമില്ലാത്തവ കൈവശമാക്കുന്നതിന് വായ്പയെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും സഹായകമായ മിതവ്യയ ശീലം പരിശീലിച്ചുകൊണ്ട് കൊള്ളപ്പലിശപ്രവണതയ്ക്കെതിരെ പ്രതികരിക്കാന്‍ സാധിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പാമ്പ് ഇരയെ വരിഞ്ഞു മുറുക്കി കൊല്ലുന്നതു പോലെയാണ് പ്രാചീനവും ഇന്നു സജീവവും ആയ കൊള്ളപ്പലിശയെന്ന തിന്മയെന്നും അത് ജീവനെടുക്കുകയും വ്യക്തിയുടെ ഔന്നത്യത്തെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഘോരപാപവും അഴിമതിയുടെ ഉപകരണവും ആണെന്നും പൊതുനന്മയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഒരു രാഷ്ട്രത്തിന്‍റെ സാമൂഹ്യസമ്പത്തിക അടിത്തറകളെ ബലഹീനമാക്കുകയും ചെയ്യുന്ന ഒരു തിന്മയാണ് അന്യായപ്പലിശയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഇറ്റിലയില്‍ കൊള്ളപ്പലിശയ്ക്കെതിരെ 1991 ല്‍ സ്ഥാപിതമായ ഈ സമിതി അതിന്‍റെ 26 വര്‍ഷത്തെ സേവനത്തിനിടയില്‍ 25000 ത്തോളം കുടുംബങ്ങളെ അന്യായപ്പലിശക്കാരുടെ പിടിയില്‍ നിന്ന് രക്ഷിച്ചത് പാപ്പാ കൃതജ്ഞതയോടെ അനുസ്മരിക്കുകയും ഈ സമിതിയുടെ സ്ഥാപകനായ വൈദികന്‍ മാസ്സിമൊ റസ്ത്രേല്ലി രോഗ ബാധിതനാകയാല്‍ സന്നിഹിതനായിരുന്നില്ലെങ്കിലും അദ്ദേഹത്തിന് ആദരവര്‍പ്പിക്കുകയും ചെയ്തു.

പണത്തിന്‍റെ പേരില്‍ സഹോദരങ്ങളുടെ ജീവനെടുക്കാന്‍ പാടില്ലയെന്ന അവബോധം കൊള്ളപ്പലിശക്കാരില്‍ സൃഷ്ടിക്കാന്‍ ഉതകുന്ന മാനവികയിലേക്കും നീതിയിലേക്കുമുള്ള ചൂണ്ടുപലകയാകാന്‍ ഈ സമിതിക്കാകുമെന്നും പാപ്പാ പറഞ്ഞു.   








All the contents on this site are copyrighted ©.