2018-02-02 12:22:00

മതപരമായ ആക്രമണം മതത്തിന്‍റെ വിശ്വാസ്യത തകര്‍ക്കും-പാപ്പാ


ദൈവവും അവിടത്തെ മഹത്വവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കായി ദൈവത്തെ കരുവാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും വെളിച്ചത്തുകൊണ്ടുവരുക മതനേതാക്കളുടെ കടമയാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

മതത്തിന്‍റെ പേരില്‍ നടത്തപ്പെടുന്ന ആക്രമണങ്ങള്‍ തടയുന്നതിനെ അധികരിച്ച് ബുധനാഴ്ച (31/01/18) മുതല്‍ വെള്ളിയാഴ്ച (02/02/18)വരെ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തില്‍ സംബന്ധിച്ച രാഷ്ട്രീയ-മത നേതാക്കളെ അതിന്‍റെ സമാപനദിനത്തില്‍ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മതത്തിന്‍റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കറുതിവരുത്താന്‍ എങ്ങനെ സാധിക്കുമെന്ന് ചര്‍ച്ചചെച്ചുന്നതിന് രാഷ്ട്രീയോത്തരവാദിത്വം പേറുന്നവരും മതനേതാക്കളും സമ്മേളിക്കുന്നത് അതീവപ്രാധാന്യമര്‍ഹിക്കുന്നുവെന്നു പറഞ്ഞ പാപ്പാ മതത്തിന്‍റെ എല്ലാത്തരത്തിലുമുള്ള ആധികാരികതയെ അപ്പാടെ നിരാകരിക്കുന്നതാണ് മതത്തിന്‍റെ പേരിലുള്ള ആക്രമണമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-29 (28-29/04/2017) തീയതികളില്‍ താന്‍ ഈജിപ്തില്‍ നടത്തിയ ഇടയസന്ദര്‍ശനവേളയില്‍ കെയ്റേയില്‍ അല്‍ അഷര്‍ സമ്മേളന ശാലയില്‍ വച്ച് അന്താരാഷ്ട്ര സമാധാന സമ്മേളനത്തെ സംബോധനചെയ്യവെ പ്രസ്താവിച്ചത് അനുസ്മരിച്ചു.

മതത്തിന്‍റെ പേരില്‍ വ്യാപകമാക്കപ്പെടുന്നതും നടത്തപ്പെടുന്നതുമായ ആക്രമണങ്ങള്‍ മതത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഈ ആക്രമണങ്ങള്‍ സകലരാലും അപലപിക്കപ്പെടേണ്ടവയാണെന്നും പാപ്പാ പറഞ്ഞു.

ദൈവം നന്മയും സ്നേഹവും കാരുണ്യവും ആണെന്നും അവിടന്നില്‍ വിദ്വേഷത്തിനും പകയ്ക്കും പ്രതികാരനടപടികള്‍ക്കും ഇടമില്ലയെന്നും യഥാര്‍ത്ഥ മതവിശ്വാസിക്ക് നല്ല ബോധ്യമുണ്ടെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

മനുഷ്യജീവന്‍ പവിത്രമാണെന്നും ഓരോ മനുഷ്യവ്യക്തിയും മത, വര്‍ഗ്ഗ, സംസ്കാര, രാഷ്ട്രീയ, സിദ്ധാന്തപരങ്ങളായ വിത്യാസം കൂടാതെ ആദരവും പരിഗണനയും സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നുവെന്നും അക്ഷീണം കാട്ടിക്കൊടുക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ദുഷിച്ചുപോയ മതാത്മകതയുടെ വിവധങ്ങളായ രൂപങ്ങളുടെ കെണിയില്‍ വീഴാതെ ജാഗ്രതപുലര്‍ത്താന്‍ സഹായിക്കുന്ന വിദ്യഭ്യാസവും പരിശീലനവും അറിവും പ്രദാനം ചെയ്യാന്‍ മത-രാഷ്ട്രീയ നേതാക്കളും അദ്ധ്യാപകരും വിദ്യഭ്യാസ പ്രവര്‍ത്തകരും സംഘാതമായി യത്നിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഭയം, വിദ്വേഷം, അതിക്രമം എന്നിവയില്‍ നിന്ന് നമ്മെ സ്വതന്ത്രമാക്കുന്ന ദൈവത്തെ അന്വേഷിക്കുന്ന സന്മനസ്സുള്ളവര്‍ക്ക് അവിടന്നുമായുള്ള സമാഗമത്തിന് സഹായകമാകും ഈ കൂട്ടായ പരിശ്രമമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.    








All the contents on this site are copyrighted ©.