2018-02-02 10:21:00

ദൂഷിതവലയമല്ല ജീവിതം മരണംവരെ മുന്നേറേണ്ട പാതയാണ്


ജീവിതത്തെ ഒരു ദൂഷിതവലയമായി കാണരുതെന്ന് പാപ്പായുടെ വചനധ്യാനം :

ഫെബ്രുവരി 1-Ɔ൦ തിയതി വ്യാഴാഴ്ച സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ ആദ്യവായന രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തെ ആധാരമാക്കി ജീവിതാന്ത്യത്തെക്കുറിച്ചാണ് പാപ്പാ ഇങ്ങനെ വചനചിന്തകള്‍ പങ്കുവച്ചത്.

ജീവിതം ഒരു ദൂഷിത വലയമല്ല, അത് മുന്നോട്ടു പോകേണ്ടതാണ്. അവസാനം അത് മരണത്തില്‍ കലാശിക്കും. അതിനാല്‍ സഭയും ക്രൈസ്തവമക്കളും എപ്പോഴും മരണത്തെക്കുറിച്ച് അവബോധമുള്ളവരായി ജീവിതത്തില്‍ മുന്നേറണമെന്ന്, ദാവീദുരാജാവിന്‍റെ അന്ത്യവിനാഴികയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവം ഇന്ന് എന്നെ വിളിക്കുകയാണെങ്കില്‍ എന്‍റെ അനന്തരാവകാശം എന്തായിരിക്കും? എങ്ങനെയായിരിക്കും? എനിക്കു കൈമാറാനുള്ള പൈതൃകം എന്തായിരിക്കും? നാം ചോദിക്കേണ്ട ചോദ്യമാണിത്! എന്നിട്ട് നാം നല്ലൊരു ജീവിതത്തിനായി ഒരുങ്ങേണ്ടതുമാണ്. പൂജ്യശേഷിപ്പുകളായി നാം ഭൂമിയില്‍ ഇരിക്കാന്‍ പോകുന്നില്ല. നാമെല്ലാം ജീവിതത്തില്‍നിന്നും കടന്നുപോകും!

അങ്ങനെ ഇന്നു ഞാനും കടന്നുപോവുകയാണെങ്കില്‍, ഇന്നിന്‍റെ ജീവിതസാഹചര്യത്തില്‍ ഞാന്‍ എന്തു തീരുമാനമെടുക്കും? ഇന്നിന്‍റെ ഓരോ വിനാഴികയെയും പ്രകാശിപ്പിക്കേണ്ടത് ജീവിതാന്ത്യത്തെക്കുറിച്ചുള്ള ധാരണയാണ്. മരണത്തെക്കുറിച്ചുള്ള ധ്യാനത്താല്‍ പ്രകാശിതരായി അനുദിന ജീവിത ഗതിവിഗതികളെ നമുക്കു മുന്നോട്ടു നയിക്കാമെന്ന്, രാജാക്കാന്മാരുടെ ആദ്യ പുസ്തകത്തില്‍ ദാവീദു രാജാവിന്‍റെ അന്ത്യസമയത്തെ ചിന്തകളെ ധ്യാനിച്ചുകൊണ്ട്  പാപ്പാ ഉദ്ബോധിപ്പിച്ചു.   

(1 രാജാക്കന്മാര്‍ 2, 1-4, 10-12).








All the contents on this site are copyrighted ©.