2018-01-31 19:36:00

സത്യത്തിന്‍റെ സന്തോഷം : വിദ്യാഭ്യാസ നയങ്ങളുടെ നവമായ പ്രബോധനം


അറിവിന്‍റെ വെളിച്ചം തരുന്ന സംതൃപ്തിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ Veritatis Gaudium  “സത്യത്തിന്‍റെ സന്തോഷം” എന്ന വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന അപ്പസ്തോലിക രേഖ - വത്തിക്കാന്‍റെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ജുസേപ്പെ വെര്‍സാള്‍ദി അഭിപ്രായപ്പെട്ടു. റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ജനുവരി 29-Ɔ൦ തിയതി തിങ്കളാഴ്ച പ്രകാശനം ചെയ്യപ്പെട്ട പുതിയ സഭാപ്രബോധനത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ വെര്‍സാള്‍ദി ഇങ്ങനെ പ്രസ്താവിച്ചത്.

സഭയുടെ യൂണിവേഴ്സിറ്റികളെയും വിദ്യാഭ്യാസ സ്ഥാപനത്തെയും സംബന്ധിക്കുന്നതാണ് പാപ്പായുടെ പ്രബോധനമെങ്കിലും, സകല മനുഷ്യരുമായി പങ്കുവയ്ക്കുന്ന യഥാര്‍ത്ഥമായ അറിവും സത്യത്തിന്‍റെ സന്തോഷവും പകരുന്ന ദൈവിക വെളിച്ചത്തെക്കുറിച്ചാണ് Veritatis Gaudium  സത്യത്തിന്‍റെ സന്തോഷം, എന്ന അപ്പസ്തോലിക രേഖ പഠിപ്പിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വെര്‍സാള്‍ദി വിശദീകരിച്ചു.

യഥാര്‍ത്ഥമായ അറിവും സത്യവും കണ്ടെത്തുംവരെ മനുഷ്യഹൃദയങ്ങള്‍ അസ്വസ്തമായിരിക്കുമെന്നും, ശരിയായ അറിവിലാണ് സത്യവും സന്തോഷവുമുള്ളതെന്നും  ഈ പ്രബോധനം ഉദ്ബോധിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥമായ അറിവ് അമൂര്‍ത്തമല്ലെന്നും അത് മാംസം ധരിച്ച വചനമായ ക്രിസ്തു തന്നെയാണ്. സത്യവും ജീവനുമായ ക്രിസ്തു ലോകത്തിന് വെളിച്ചമാണ്. അങ്ങനെ ക്രിസ്തു യാഥാര്‍ത്ഥമായ അറിവിന്‍റെ വെളിച്ചമാണെന്ന് ഈ സഭാപ്രബോധനം, സത്യത്തിന്‍റെ സന്തോഷം പഠിപ്പിക്കുന്നെന്ന് കര്‍ദ്ദിനാള്‍ വെര്‍സാള്‍ദി ജനുവരി  30-Ɔ൦ തിയതി നല്കിയ മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആഗോള സഭ അതിന്‍റെ പ്രേഷിത ദൗത്യത്തിലും, അതിന്‍റെ എല്ലാസ്ഥാപനങ്ങളിലൂടെയുമുള്ള പ്രവര്‍ത്തനങ്ങളിലും ക്രിസ്തു പഠിപ്പിച്ച സത്യത്തിന്‍റെ വെളിച്ചവും സന്തോഷവും പ്രസരിപ്പിക്കാനും പ്രചരിപ്പിക്കാനും വളിക്കപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യത്തിനായിട്ടാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ എന്നും പരിശ്രമിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ വെര്‍സാള്‍ദി ചൂണ്ടിക്കാട്ടി.

ധീരമായ വിദ്യഭ്യാസ നയങ്ങളുടെ നവീകരണം,
സഭാശുശ്രൂഷയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റകളും,
പരമ്പരാഗത രീതിക്ക് വിപ്ലവാത്മകമായ സാംസ്ക്കാരിക വെളിച്ചം,
അറിവിലൂടെ ഓരോ മനുഷ്യനും കണ്ടെത്തേണ്ട ദൈവം,
വിശ്വാസികളും അവിശ്വാസികളുമായുള്ള സംവാദം,
നാനാത്വത്തില്‍ ഒളിഞ്ഞിരിക്കുന്ന അറിവിന്‍റെ ഏകതാനത,
പങ്കുവയ്ക്കപ്പെടേണ്ട അറിവ് (Networking),
മെച്ചപ്പെടുത്തേണ്ട ഗവേഷണപഠനങ്ങള്‍,
മുന്‍നിരയില്‍ നില്ക്കേണ്ട ദൈവശാസ്ത്രം... എന്നിങ്ങനെയുള്ള
ചിന്തകളാല്‍ നിറഞ്ഞുനില്ക്കുന്ന ഗഹനമായ പ്രബോധനരേഖയാണ് പാപ്പാ ഫ്രാന്‍സിസ് പ്രകാശിപ്പിച്ച
Veritatis Gaudium സത്യത്തിന്‍റെ സന്തോഷം! ഇപ്പോള്‍ ആഗോളസഭയുടെ വിദ്യാഭ്യാസകാര്യാലയത്തിന്‍റെ
തലവനായ കര്‍ദ്ദിനാള്‍ വെര്‍സാള്‍ദി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 








All the contents on this site are copyrighted ©.