2018-01-31 18:33:00

ഡോണ്‍ ബോസ്ക്കോയുടെ തിരുനാള്‍ വര്‍ദ്ധിച്ച പ്രസക്തിയോടെ


യുവജനങ്ങളുടെ പിതാവായ വിശുദ്ധ ജോണ്‍ബോസ്ക്കോയുടെ തിരുനാള്‍!

ഡോണ്‍ ബോസ്ക്കോയുടെ ഈ വര്‍ഷത്തെ തിരുളിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ടെന്ന് ഇറ്റലിയിലെ ട്യൂറിന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസീലിയ പ്രസ്താവിച്ചു.  ജനുവരി 31-Ɔ൦ തിയതി വിശുദ്ധ ഡോണ്‍ബോസ്ക്കോയുടെ തിരുനാളില്‍, ട്യൂറിനിലെ ഭദ്രാസന ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കവെ വചനചിന്തയിലാണ് ആര്‍ച്ചുബിഷപ്പ് നൊസീലിയ ഇങ്ങനെ പ്രസ്താവിച്ചത്.

യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിന‍ഡു സമ്മേളത്തിന് ആഗോളസഭ ഒരുങ്ങുന്ന വര്‍ഷമായതിനാലാണ് യുവജനങ്ങളുടെ പിതാവായ ഡോണ്‍ബോസ്ക്കോയുടെ ഈ വര്‍ഷത്തെ തിരുനാളിന് പ്രസക്തിയേറുന്നതെന്ന് ആര്‍ച്ചുബിഷപ്പ് നൊസാലിയ വചനചിന്തയില്‍ വിശദീകരിച്ചു.  2018 ഒക്ടോബറില്‍ സംഗമിക്കുന്ന മെത്രാന്മാരുടെ 15-Ɔമത് സാധാരണ സിനഡാണ് യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നത്.  യുവജനങ്ങളുടെ രൂപീകരണത്തിനുള്ള ഇന്നും പ്രസക്തമാകുന്ന അജപാലന രൂപരേഖ ക്രമകരിച്ച ആധുനികകാലത്തെ സിദ്ധനാണ് വിശുദ്ധ ഡോണ്‍ബോസ്ക്കോ! പുണ്യവാന്‍റെ പിന്‍ഗാമികളായ സലീഷ്യന്‍ സഭാംഗങ്ങള്‍ ഇന്നും ലോകമെമ്പാടും യുവജനശുശ്രൂഷയില്‍ ചെയ്യുന്ന വിദ്യാഭ്യാസപരവും അജപാലനപരവുമായ സേവനങ്ങള്‍ അന്യൂനവും തിനിമയാര്‍ന്നതുമാണെന്ന് ആര്‍ച്ചുബഷപ്പ് നൊസാലിയ പ്രസ്താവിച്ചു.  യുക്തി, മതാത്മകജീവിതം, കരുണാര്‍ദ്രമായ സ്നേഹം എന്നീ മൂന്നു ഘടകങ്ങളില്‍ അടിയൂന്നിക്കൊണ്ടുള്ള ഡോണ്‍ബോസ്ക്കൊയുടെ വിദ്യാഭ്യാസരീതി യുവജനങ്ങളുടെ രൂപീകരണത്തിന് ഇന്നും അനിവാര്യമാണെന്ന് 2015-ല്‍ ട്യൂറിനില്‍ ഡോണ്‍ബോസ്ക്കൊയുടെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചത്, ആര്‍ച്ചുബിഷപ്പ് നൊസീലിയ വചനചിന്തയില്‍ അനുസ്മരിച്ചു.

യുവജനങ്ങളുള്ള പ്രദേശങ്ങളിലേയ്ക്കും അവരുടെ ജീവിത മേഖലകളിലേയ്ക്കും ചേരിപ്രദേശങ്ങളിലേയ്ക്കും ഇറങ്ങിച്ചെന്ന്, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, അവരെ സഹായിച്ച ഡോണ്‍ബോസ്ക്കോയുടെ അജപാലനശൈലിയും ഇന്നു പാപ്പാ ഫ്രാന്‍സിസ് സഭയില്‍ പ്രബോധിപ്പിക്കുന്ന അതിരുകള്‍ തേടിയുള്ളതും, പാവങ്ങളുടേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും പക്കലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അജപാലന ശുശ്രൂഷരീതിയുടെ തമ്മില്‍ ഏറെ സാമ്യമുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് നൊസീലിയ പ്രസംഗത്തില്‍ വിശദീകരിച്ചു. അജപാലന ശുശ്രൂഷയില്‍ ആരും മാതൃകയാക്കേണ്ട നല്ലിടയന്‍റെ രൂപമാണിത്. ഡോണ്‍ബോസ്ക്കോ ഉള്‍ക്കൊണ്ട അജപാനലശൈലി   ഈ നല്ലിടയന്‍റേതായിരുന്നെന്ന്, ഡോണ്‍ബോസ്ക്കോയുടെ പട്ടണം എന്നറിയപ്പെടുന്ന ട്യൂറിന്‍റെ മെത്രാപ്പോലീത്തയായ ആര്‍ച്ചുബിഷപ്പ് നൊസീലിയ സമര്‍ത്ഥിച്ചു.  








All the contents on this site are copyrighted ©.