2018-01-29 13:25:00

“റോത്തെ റൊമാനെ” യുടെ സേവനം മനസ്സാക്ഷി കേന്ദ്രീകൃതം -പാപ്പാ


നീതിനിര്‍വ്വഹണം കേവലം നടപടിക്രമപൂര്‍ത്തീകരണമായി തരം താഴരുതെന്ന് മാര്‍പ്പാപ്പാ.

കോടതിവത്സരോദ്ഘാ‌ടനത്തോടനുബന്ധിച്ച് “റൊത്തെ റൊമാനെ” അപ്പസ്തോലിക കോടതിയിലെ ന്യായാധിപന്മാരും അഭിഭാഷകരും ജീവനക്കാരുമടങ്ങിയ സംഘത്തെ തിങ്കളാഴ്ച (29/01/18) പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“റോത്തെ റോമനെ” അപ്പസ്തോലിക കോടതി പ്രധാനമായും വിവാഹത്തിന്‍റെ  സാധുതയെയും അസാധുതയെയും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഈ കോടതിയില്‍ സേവനമനുഷ്ഠിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ മനസ്സാക്ഷിയുടെ പ്രാധാന്യം എടുത്തുകാട്ടി.

ഈ കോടതിയില്‍ സേവനമനുഷ്ഠിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍   മനസ്സാക്ഷികളുടെ സമാധാനത്തിനുള്ള ശുശ്രൂഷയാകയാല്‍ അത് നിര്‍വ്വഹിക്കപ്പെടേണ്ടത് പൂര്‍ണ്ണ  മനസ്സാക്ഷിയോടെയായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഒരര്‍ത്ഥത്തില്‍ ക്രിസ്തീയ വിശ്വാസികളുടെ മനസ്സാക്ഷിയെ സംബന്ധിച്ച വിദഗ്ദ്ധര്‍ എന്ന നിലയിലാണ് വിവാഹത്തിന്‍റെ സാധുതയും അസാധുതയും സംബന്ധിച്ച കാര്യത്തില്‍ “റോത്തെ റൊമാനെ” കോടതിയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ നിലകൊള്ളുന്നതെന്നു പറഞ്ഞ പാപ്പാ, ആകയാല്‍, സഭ ഭരമേല്‍പ്പിച്ചിരിക്കുന്ന ഗൗരവമേറിയ ദൗത്യം എളിമയോടും വിവേകത്തോടും കൂടെ നിര്‍വ്വഹിക്കുന്നതിന് ദൈവികസഹായം നിരന്തരം അപേക്ഷിക്കാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.

വിവാഹവും കുടുംബവും സഭയുടെയും സമൂഹത്തിന്‍റെയും വര്‍ത്തമാനകാലം മാത്രമല്ല ഭാവിയും ആണെന്ന് കാട്ടിത്തരുന്ന വെളിച്ചം വിശ്വാസമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  








All the contents on this site are copyrighted ©.